അമ്പായത്തോട്ടില്‍ മുപ്പത്തഞ്ചുകാരിയ്ക്ക് വളര്‍ത്തുനായയുടെ ആക്രമണത്തില്‍ ഗുരുതര പരിക്ക്; ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് (വീഡിയോ കാണാം)


കോഴിക്കോട് : താരമശ്ശേരി അമ്പായത്തോട്ടില്‍ മുപ്പത്തിയഞ്ചുകാരിയെ വളര്‍ത്തുനായകള്‍ കടിച്ച് പരിക്കേല്‍പ്പിച്ചു. അമ്ബായത്തോട് സ്വദേശിനി ഫൗസിയയ്ക്കാണ് പരിക്കേറ്റത്. അമ്പായത്തോട് വെഴുപ്പൂര്‍ എസ്റ്റേറ്റിലെ റോഷന്റെ റോഡ് വീലര്‍ ഇനത്തില്‍പ്പെട്ട വളര്‍ത്തുനായയാണ് ഫൗസിയയെ ആക്രമിച്ചത്.

രാവിലെ ജോലിയ്ക്ക് പോകുന്നതിനിടെയായിരുന്നു സംഭവം. സംഭവത്തില്‍ നായ്ക്കളുടെ ഉടമയായ റോഷനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഫൗസിയയുടെ കഴുത്തിലടക്കം ശരീരത്തിന്റെ രണ്ടുമൂന്ന് ഭാഗങ്ങളില്‍ കടിയേറ്റിട്ടുണ്ട്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഫൗസിയയുടെ മൊഴിയെടുക്കാനായി പൊലീസ് മെഡിക്കല്‍ കോളേജിലേക്ക് പോയിട്ടുണ്ടെന്നും മൊഴിയെടുത്തശേഷം പട്ടികളുടെ ഉടമയ്‌ക്കെതിരെ കേസെടുക്കുമെന്നും താമരശേരി പൊലീസ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.

സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുള്ള എസ്റ്റേറ്റില്‍വെച്ചായിരുന്നു സംഭവം. ഈ എസ്റ്റേറ്റ് ഉടമയുടെ ചെറുമകന്‍ വളര്‍ത്തുന്ന നായ്ക്കളാണ് മൂന്ന് നായ്ക്കളാണ് ഫൗസിയയെ കടിച്ചത്. നാട്ടുകാര്‍ എത്തി ഇവരെ രക്ഷപ്പെടുത്തുകയായിരുന്നു. രക്ഷിക്കാനെത്തിയവരെയും നായ്ക്കള്‍ ആക്രമിക്കാന്‍ ശ്രമിച്ചു. ഫൗസിയയെ നായ്ക്കള്‍ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ഈ നായ്ക്കള്‍ ഇതിന് മുന്‍പും പ്രദേശവാസികളെ ഉപദ്രവിച്ചിട്ടുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. എസ്റ്റേറ്റ് ജീവനക്കാരനായ പ്രഭാകരന്‍ മുമ്പ് ഈ നായ്ക്കളുടെ ആക്രമണത്തിന് ഇരയായിരുന്നു. അക്രമകാരികളായ നായ്ക്കളെ അലസമായാണ് ഉടമ കൈകാര്യം ചെയ്തിരുന്നതെന്നും പ്രദേശവാസികള്‍ ആരോപിക്കുന്നു.