അഭിഷേക് അറുത്തത് പ്രളയം കവർന്ന വീട്ടിലെ അമ്മയ്ക്ക് പഠിച്ചും പണിയെടുത്തും അന്നമെത്തിച്ച അത്താണിയെ
തലയോലപ്പറമ്പ്: സെന്റ് തോമസ് കോളേജില്‍ സഹപാഠിയുടെ അക്രമത്തിനിരയായി കൊല്ലപ്പെട്ട നിഥിന ഒരു കുടുബത്തിന്റെ ഏക പ്രതീക്ഷയായിരുന്നു. രോഗബാധകളാല്‍ ബുദ്ധിമുട്ടനുഭവിക്കുന്ന അമ്മ മകളുടെ പഠനവും ജോലിയും സന്തോഷത്തോടെയുള്ള ജീവിതവുമെല്ലാം സ്വപ്നം കണ്ടിരുന്നു.
വൈക്കം തലയോലപ്പറമ്പ് സ്വദേശിനി കളപ്പുരയ്ക്കല്‍ ബിന്ദുവിന്റെ ഏക മകളാണ് നിഥിന മോള്. അമ്മയും മകളും മാത്രമേ വീട്ടിലുള്ളൂ. അച്ഛന് ഏറെ വര്‍ഷങ്ങളായി അകന്നുകഴിയുകയാണ്.
പലവിധ രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്ന ബിന്ദുവിന് വല്ലപ്പോഴുമാണ് ജോലിക്ക് പോകാന്‍ കഴിയുക. ശാരീരിക അവശതകള്‍ ഉള്ളതിനാല്‍ തന്നെ നിത്യജീവിതം പോലും കഷ്ടിച്ചു കടന്നുപോവുകയായിരുന്നു. ജോലിക്ക് പോവുന്നതില്‍ നിന്ന് കിട്ടുന്ന വരുമാനത്തില്‍ നിന്ന് മിച്ചം പിടിച്ചാണ് മകളുടെ പഠനവും മറ്റ് ചെലവുകളും നോക്കുന്നത്. അമ്മയെ സഹായിക്കാനായി നിഥിനയും പാര്‍ട്ട് ടൈം ജോലി നോക്കിയിരുന്നു. പഠനം പൂര്‍ത്തിയാക്കി മകള്‍ നല്ല ജോലി നേടി സന്തോഷത്തോടെ ജീവിക്കാന്‍ കഴിയുമെന്ന ബിന്ദുവിന്റെ പ്രതീക്ഷയാണ് ഇന്ന് കോളേജ് പരിസരത്ത് വെച്ച് ആക്രമിച്ച് ഇല്ലാതാക്കിയത്.
പത്ത് വര്‍ഷം മുന്‍പാണ് നിഥിനയും അമ്മയും ഇപ്പോഴുള്ള സ്ഥലത്തേക്ക് താമസം മാറിയത്. കഴിഞ്ഞ പ്രളയത്തില്‍ നിഥിനയും അമ്മ ബിന്ദുവും താമസിക്കുന്ന വീട് പൂര്‍ണമായും വെള്ളം കയറി നശിച്ചിരുന്നു. പിന്നീട് വ്യവസായിയായ ജോയ് ആലുക്കാസിന്റെ ഇടപെടലിലൂടെയാണ് ഇവര്‍ക്ക് പുതിയ വീട് ലഭിച്ചത്.
മിടുമിടുക്കി എന്നല്ലാതെ നിഥിനയെക്കുറിച്ച് നാട്ടുകാര്‍ക്ക് മറ്റൊന്നും പറയാനില്ല. നാട്ടുകാരോടെല്ലാം സ്നേഹത്തോടെ ഇടപെടുന്നയാളാണ്. നാട്ടിലെ കൂട്ടായ പ്രവര്‍ത്തനങ്ങളിലെല്ലാം നിഥിനയും പങ്കെടുക്കാറുണ്ടായിരുന്നു. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലും സജീവമായി പങ്കെടുത്തിരുന്നുവെന്ന് തലയോലപ്പറമ്പ് പഞ്ചായത്ത് മെമ്പര്‍ ജോസ് പറഞ്ഞു.
വെള്ളിയാഴ്ച രാവിലെ പതിനൊന്നരയോടെയാണ് പാല സെന്റ് തോമസ് കോളേജില്‍ പരീക്ഷയ്ക്കെത്തിയ നിഥിനയെ സഹപാഠിയായ അഭിഷേക് കുത്തിക്കൊലപ്പെടുത്തിയത്. ഫുഡ് ടെക്നോളജി കോഴ്സ് പൂര്‍ത്തിയാക്കിയ നിഥിന കോളേജില്‍ പരീക്ഷയ്ക്കെത്തിയപ്പോഴായിരുന്നു സംഭവം. പരീക്ഷ പാതിവഴിക്ക് നിര്‍ത്തി അഭിഷേക് നിഥിനയെ കാത്തിരുന്നു. ഇരുവരും തമ്മിലുള്ള സംസാരത്തിനിടെ യുവാവ് പെണ്‍കുട്ടിയെ അടിക്കുകയും കഴുത്തിന് കുത്തിപ്പിടിച്ച് താഴേക്ക് കിടത്തുകയും ചെയ്തു. ഓടിക്കൂടിയവര്‍ ഇരുവരേയും പിടിച്ചുമാറ്റാനായി ശ്രമിക്കുന്നതിനിടെ അഭിഷേക് കത്തിയെടുത്ത് നിഥിനയെ കുത്തുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയിലേക്ക് പോകുന്നതിനിടെയാണ് മരിച്ചത്. പ്രതിയായ അഭിഷേകിനെ ആളുകള്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു.