ആ ചിരി മാഞ്ഞിട്ട് ഇന്നേക്ക് മൂന്ന് വര്‍ഷം; അഭിമന്യുവിന്റെ ഓര്‍മ്മയ്ക്കായി മഹാരാജാസില്‍ സ്മാരക മന്ദിരം ഒരുങ്ങി


എറണാകുളം: മഹാരാജസ് കോളേജിലെ വിദ്യാർത്ഥി അഭിമന്യു കൊല്ലപ്പെട്ടിട്ട് ഇന്ന് മൂന്ന് വർഷം. കൊച്ചിയിൽ പിന്നോക്ക വിഭാഗത്തില്‍ നിന്നുള്ള മുപ്പത് വിദ്യാർത്ഥികൾക്ക് താമസിച്ച് പഠിക്കാൻ സൗകര്യം ഉറപ്പാക്കുന്ന സ്മാരക മന്ദിരമാണ് മൂന്നാം വർഷത്തിൽ അഭിമന്യുവിന്‍റെ ഓർമയിൽ ഒരുങ്ങുന്നത്. കൊവിഡ് നിയന്ത്രണങ്ങൾ ഇളവ് വരുന്ന മുറക്ക് കേന്ദ്രം പ്രവർത്തനം തുടങ്ങും.

ശാസ്ത്രജ്ഞനാകണമെന്ന ആഗ്രഹത്തിൽ ഇടുക്കി വട്ടവടയിൽ നിന്ന് എറണാകുളം മഹാരാജസ് കോളേജിലെത്തിയ 19വയസ്സുകാരൻ വർഗീയത തുലയട്ടെ എന്ന് ദാ ഈ ചുമരിൽ എഴുതിയത് കൊണ്ട് മാത്രമാണ് കൊല ചെയ്യപ്പെട്ടത്. കൈപിടിച്ച് കൂടെ നിന്നവൻ കൺമുന്നിൽ ഇല്ലാതായത് ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല അർജ്ജുന്. അഭിമന്യുവിനൊപ്പം കുത്ത് കൊണ്ട വ്യക്തിയാണ് അര്‍ജ്ജുന്‍.

അഭിമന്യുവുണ്ടായിരുന്നെങ്കിൽ ഡിഗ്രി പഠനം പൂർത്തിയാക്കി താൻ ഏറെ ഇഷ്ടപ്പെടുന്ന മഹാരാജസിലേക്ക് തന്നെ കെമിസ്ട്രിയിൽ പി ജി പഠിക്കാൻ എത്തിയേനെ, ഓൺലൈൻ ക്ലാസിന് ഉപകരണങ്ങൾ ഇല്ലാത്തവർക്കത് സംഘടിപ്പിക്കാൻ മുന്നിട്ടിറങ്ങിയേനെ,തന്‍റെ നാട്ടിലെ പോലെ റേഞ്ചിന് പുറത്തായ വിദ്യാർത്ഥികൾക്കായി അവൻ ശബ്ദമുയർത്തിയേനെ.

അങ്ങനെ അഭിമന്യുവിനെ പോലെ സമൂഹത്തിലെ ഏറ്റവും പിന്നോക്ക അവസ്ഥയോട് പോരാടി പഠിക്കേണ്ടവർക്കാണ് കലൂരിലെ അഭിമന്യു സ്മാരക മന്ദിരത്തിൽ സൗകര്യം ഒരുക്കുന്നത്.പത്താം ക്ലാസ് കഴി‍ഞ്ഞ 30വിദ്യാർത്ഥികൾക്ക് ഇവിടെ താമസിച്ച് പഠിക്കാം.എറണാകുളം സിപിഎം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിലാണ് രണ്ടേ മുക്കാൽ കോടി രൂപ ചിലവിൽ സ്മാരകം നിർമ്മിച്ചത്.

അതേ സമയം അഭിമന്യു കൊലപാതക കേസ് നിലവിൽ വിചാരണ ഘട്ടത്തിലാണ്.അറസ്റ്റിലായ മുഴുവൻ പ്രതികളും എസ്ഡിപിഐ,ക്യാംപസ് ഫ്രണ്ട് പ്രവർത്തകരാണ്.