അഭിനയ പ്രതിഭയ്ക്ക് ആദരം; പ്രമുഖ നാടക നടനും അധ്യാപകനുമായ സുധാകരന്‍ കന്നൂരിനെ എഴുപതാം പിറന്നാളില്‍ ആദരിച്ചു


കൊയിലാണ്ടി: നാടകാഭിനയരംഗത്തും അധ്യാപകവൃത്തിയിലും അരനൂറ്റാണ്ടോളം പ്രാഗത്ഭ്യം തെളിയിച്ച സുധാകരന്‍ കന്നൂരിനെ എഴുപതാം പിറന്നാളില്‍ ആദരിച്ചു. നാടകദേശം പ്രവര്‍ത്തകരാണ് അദ്ദേഹത്തെ ആദരിച്ചത്.കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് കന്നൂര്‍ ആന്‍സി ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന ലളിതമായാണ് ചടങ്ങ് നടന്നത്.

കന്നൂരിലെ മണ്‍മറഞ്ഞ പഴയകാല നാടക പ്രവര്‍ത്തകരെയും നടന്‍ നെടുമുടി വേണുവിനെയും അനുസ്മരിച്ചുകൊണ്ടായിരുന്നു ചടങ്ങ് ആരംഭിച്ചത്. നാടക പ്രവര്‍ത്തകരും കുടുംബാംഗങ്ങളും വിദ്യാര്‍ത്ഥികളും പങ്കെടുത്തു.

നാടകദേശം അണിയിച്ചൊരുക്കിയ എല്ലാ നാടകങ്ങളിലും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് കയ്യടി നേടിയ അഭിനേതാവാണ് സുധാകരന്‍ മാസ്റ്റര്‍. വിവിധ വിഷയങ്ങള്‍ കൈകാര്യം ചെയ്യുമെങ്കിലും അദ്ദേഹത്തിന്റെ ഇംഗ്ലീഷ് ഗ്രാമര്‍ ക്ലാസുകളാണ് ഏറെ ശ്രദ്ധേയമായത്. നന്മണ്ട ഉപാസന അടക്കം വിവിധ ട്രൂപ്പുകളിലായി മുന്നൂറിലധികം നാടകങ്ങളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ചേളന്നൂര്‍ എസ്.എന്‍ കോളേജിലായിരുന്നു കോളേജ് വിദ്യാഭ്യാസം.

നാടക രചയിതാവും സംവിധായകനുമായ വിശ്വന്‍ നന്മണ്ട സുധാകരന്‍ മാസ്റ്ററെ പൊന്നാടയണിയിച്ചു. സുധാകരന്‍ മാസ്റ്ററുമായി എഴുപതുകളില്‍ തുടങ്ങിയ സൗഹൃദവും പതിറ്റാണ്ടുകളായി നാടക രംഗത്തുള്ള മായാത്ത ഓര്‍മ്മകളും അദ്ദേഹം പങ്കുവച്ചു.

ജയരാമന്‍ ഏഴുകുളത്തില്‍ മൊമെന്റോ നല്‍കി. അശോകന്‍ എം.എം ഉപഹാരം നല്‍കി. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് കലാ സാംസ്‌കാരിക സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനും നാടകദേശം ഭാരവാഹിയുമായ ആലങ്കോട് സുരേഷ് ബാബു ചടങ്ങ് ഉദ്ഘാടനം ചെയ്തു.

സെക്രട്ടറി ശ്രീഷാദ് സ്വാഗതം പറഞ്ഞു. പ്രസിഡന്റ് ദേവദാസ് കടുക്കയില്‍ അധ്യക്ഷനായി. ട്രഷറര്‍ മൂസക്കോയ കണയങ്കോട് നന്ദി രേഖപ്പെടുത്തി. മണി പുനത്തില്‍, സന്തോഷ് പുതുക്കേമ്പുറം, നളിനാക്ഷന്‍ നന്മണ്ട, രവീന്ദ്രന്‍ കെ.കെ, ഷാജി കെ.എം, സുബാസി തുടങ്ങി നിരവധി പേര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു.