അപ്രതീക്ഷിത മരണവാര്‍ത്തയില്‍ തേങ്ങി നാട്; പ്രാര്‍ത്ഥനകള്‍ വിഫലമായി, ശ്രീജിലക്ക് ഉള്ളിയേരി ഗ്രാമത്തിന്റെ യാത്രാമൊഴി


പേരാമ്പ്ര: ഉള്ളേരിയില്‍ കാന്‍സര്‍ ബാധിതയായി തലശേരി മലബാര്‍ കാന്‍സര്‍സെന്റര്‍ ആശുപത്രിയില്‍ ചികില്‍സ തേടുകയായിരുന്ന കണയങ്കോട് അമ്പലമീത്തല്‍ ബിജുവിന്റെ ഭാര്യ ശ്രീജില(36)അന്തരിച്ചു. അന്ത്യം കൊവിഡ് ബാധയെത്തുടര്‍ന്ന് ഇന്നലെ രാത്രിയില്‍. സംസ്‌കാരം ഇന്ന് വീട്ടുവളപ്പില്‍ നടന്നു. മജ്ജമാറ്റി വയ്ക്കല്‍ ശസ്ത്രക്രിയക്ക് കാത്ത് നില്‍ക്കാതെയാണ് ശ്രീജില മരണത്തിന് കീഴടങ്ങിയത്. ഋതുപൂര്‍ണിമ, ഋത്വിക് എന്നിവര്‍ മക്കളാണ്.

ശസ്ത്രക്രിയക്കായി നാട്ടുകാര്‍ സഹായകമ്മിറ്റി രൂപീകരിച്ച് സാമ്പത്തിക സമാഹരണം നടത്തുന്നതിനിടയിലാണ് ഇന്ന് പുലര്‍ച്ചയോടെ മരണ വാര്‍ത്ത നാടറിയുന്നത്. 45 ലക്ഷം രൂപയാണ് ഇതിന് ചെലവ് കണക്കാക്കിയിരുന്നത്.

ആറുവര്‍ഷം മുമ്പ് കാന്‍സറിനായി ചികില്‍സ നടത്തി വന്നിരുന്ന ശ്രീജിലക്ക് വീണ്ടും രോഗം ബാധിക്കുകയായിരുന്നു ഇതോടെയാണ് നിര്‍ധന കുടുംബത്തെ സഹായിക്കാന്‍ ഒരു നാട് ഒന്നാകെ കൈകോര്‍ക്കാന്‍ തീരുമാനിച്ചത്.

കഴിഞ്ഞ ദിവസങ്ങളില്‍ അതിനായി ഉള്ളിയേരി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ രാഷ്ട്രീയപാര്‍ട്ടികളും, സന്നദ്ധസംഘടനകളും, കുടുംബശ്രീകളും ജനപ്രതിനിധികളുടെ നേതൃത്തില്‍ പ്രത്യേകം കൗണ്ടറുകള്‍ തയ്യാറാക്കി 22 ലക്ഷത്തോളം രൂപ സമാഹരിച്ചിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് സി.അജിത ചെയര്‍പേഴ്‌സണായും, സതീഷ് കന്നൂര് കണ്‍വീനറായും സഹായകമ്മിറ്റി പ്രവര്‍ത്തിച്ചുവരികയായിരുന്നു. ബുധനാഴ്ച ഉള്ളിയേരി ടൗണ്‍ കേന്ദ്രീകരിച്ച് ഏതാനും കൗണ്ടറുകള്‍ തുറന്ന് ഇനിയും സാമ്പത്തിക സമാഹരണവുമായി മുന്നോട്ട് പോകാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു.