അപകടങ്ങള്‍ക്കിടയാക്കുന്ന വാഹനങ്ങള്‍ നിര്‍ത്താതെ പോകുന്നു; കുറ്റ്യാടി-നാദാപുരം സംസ്ഥാനപാതയില്‍ സി.സി.ടി.വി. ക്യാമറകള്‍ വേണമെന്നാവശ്യം ശക്തം


കുറ്റ്യാടി: കുറ്റ്യാടി-നാദാപുരം സംസ്ഥാനപാതയിൽ ബൈക്ക് യാത്രക്കാരെയും കാൽനടയാത്രക്കാരെയും വാഹനമിടിച്ച് തെറുപ്പിച്ച്‌ നിർത്താതെ കടന്നുകളയുന്ന സംഭവങ്ങൾ വർധിക്കുന്നു. ഞായറാഴ്ച രാത്രി കുളങ്ങരത്ത് ബൈക്ക് യാത്രക്കാരനായ യുവാവിനെ കാറിടിച്ചു തെറിപ്പിച്ച സംഭവമാണ് ഏറ്റവും ഒടുവിലത്തേത്.

കുളങ്ങരത്തേക്കു ബൈക്കിൽ വരികയായിരുന്ന മുഹമ്മദ് ഫിജിഹാസ് (22) നെയാണ് കുറ്റ്യാടി ഭാഗത്തുനിന്നുവന്ന വെള്ള കാർ ഇടിച്ചുതെറിപ്പിച്ചത്. ഇടിയുടെ ആഘാതത്തിൽ ബൈക്ക് ഭാഗികമായി തകർന്നു. ബൈക്ക് ഓടിച്ച ഫിജിഹാസിനെ സാരമായ പരിക്കുകളോടെ കക്കട്ടിലെ ക്ലിനിക്കിലെത്തിച്ച് പ്രാഥമികചികിത്സ നൽകിയശേഷം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. രാത്രി 9.50-ഓടെയാണ് സംഭവമെന്ന് സമീപവാസികൾ പറഞ്ഞു.

കുറ്റ്യാടി പോലീസ് സബ് ഇൻസ്പെക്ടർ കെ.കെ കുഞ്ഞമ്മദിന്റെ നേതൃത്വത്തിലുള്ള സംഘം സംഭവസ്ഥലത്തെത്തി. സമീപത്തെ കടകളിലെയും ആരാധനാലയങ്ങളിലെയും സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും വാഹനം കണ്ടെത്താനായില്ല. അപകടസ്ഥലത്തിനു സമീപത്തു രണ്ടാഴ്ചമുൻപ് ബൈക്ക് യാത്രക്കാരെ ലോറി ഇടിച്ചുതെറിപ്പിച്ച് നിർത്താതെ പോയിരുന്നു.

നാദാപുരത്തിനും കുറ്റ്യാടിക്കുമിടയിൽ കഴിഞ്ഞ രണ്ടുവർഷത്തിനിടയിൽ നടന്ന റോഡപകടങ്ങളിൽ പത്തോളം പേരാണ് മരിച്ചത്‌. അപകടം വരുത്തുന്ന വാഹനങ്ങൾ നിർത്താതെ പോകുന്നത് വർധിച്ചതോടെ ആളുകൾ പൂർണമായും ഭീതിയിലാണ്. ഇതോടെ പാതയിൽ കുളങ്ങരത്തെ ഡിവൈഡറിൽ ഉൾപ്പെടെ ക്യാമറ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണ്.