അപകടങ്ങള്‍ പതിയിരിക്കുന്ന കരിയാത്തുംപാറയില്‍ സുരക്ഷാ സംവിധാനം ഒരുക്കിയില്ല; വിനോദസഞ്ചാരകേന്ദ്രം അടഞ്ഞുതന്നെ


കൂരാച്ചുണ്ട്: കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തില്‍ ഉള്‍പ്പെടുന്ന മനോഹര പ്രദേശമാണ് കക്കയം, കരിയാത്തുംപാറ. പ്രകൃതിയുടെ സൗന്ദര്യം ആസ്വദിക്കാന്‍ നൂറിലധികം വിനോദ സഞ്ചാരികളെത്തുന്ന കരിയാത്തുപാറ ഇപ്പോഴും അടഞ്ഞു കിടക്കുകയാണ്. കരിയാത്തുംപാറിലെ പാറക്കടവ് ഭാഗത്ത് പ്ലസ് ടു വിദ്യാര്‍ത്ഥി മുങ്ങി മരിച്ചതോടെയാണ് വിനോദ സഞ്ചാര കേന്ദ്രമടച്ചത്.

കഴിഞ്ഞ ഒരുമാസത്തോളമായി റിസര്‍വോയര്‍ ഭാഗത്തേക്ക് സന്ദര്‍ശകര്‍ക്ക് പ്രവേശനം നിരോധിച്ചിരിക്കുകയാണ്. ഇടയ്ക്കിടെയുണ്ടാകുന്ന മുങ്ങിമരമാണ് ഇതിന് കാരണം. പാറക്കടവ് ഭാഗത്ത് കുളിക്കാനിറങ്ങുന്ന വിനോദസഞ്ചാരികളാണ് ഏറെയും അപകടത്തില്‍പ്പെട്ടത്. ഒക്ടോബര്‍ 18ന് തലശ്ശേരി പാനൂര്‍ സ്വദേശിയായ പ്ലസ്ടു വിദ്യാര്‍ത്ഥിയാണ് അവസാനമായി മുങ്ങിമരിച്ചത്. മൂന്നുവര്‍ഷത്തിനിടെ വിദ്യാര്‍ഥികളടക്കം 13 പേര്‍ക്കാണ് പാറക്കടവ് ഭാഗത്ത് ജീവന്‍ നഷ്ടപ്പെട്ടത്.

കൂടുതല്‍ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയതിനു ശേഷം കൂരാച്ചൂണ്ട് കരിയാത്തുംപാറ വിനോദസഞ്ചാരികള്‍ക്കായി തുറന്ന് കൊടുക്കാനായിരുന്നു ജില്ലാ കളക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന ടി.എം.സി കമ്മിറ്റിയില്‍ തീരുമാനിച്ചത്. എന്നാല്‍ സന്ദര്‍ശകരെ നിയന്ത്രിക്കാനോ ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ കൊടുക്കാനും സുരക്ഷാ ജീവനക്കാരോ ഗൈഡുകളോ ഇല്ല. ഇറിഗേഷന്‍ വകുപ്പിന്റെ കീഴിലുള്ള സ്ഥലമായതിനാല്‍ പഞ്ചായത്തോ ടൂറിസം വകുപ്പോ ഇവിടേക്ക് മതിയായ ശ്രദ്ധ കൊടുക്കാറില്ല.

അപകടങ്ങള്‍ പതിവായതിനാല്‍ ഇറിഗേഷന്‍ വകുപ്പ് റോഡോരത്ത് മതില്‍ നിര്‍മ്മിച്ച ഗേറ്റ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും സന്ദര്‍ശകര്‍ പല വഴിയില്‍ റിസര്‍വോയര്‍ തീരത്തേക്ക് ഇറങ്ങുന്നുണ്ട്. ഗേറ്റ് നിര്‍മ്മാണം ഇപ്പോഴും ഭാഗികമായി പൂര്‍ത്തിയായി ഉളളു. അതേസമയം പുഴ സംരക്ഷണവുമായി ബന്ധപ്പെട്ട് ഇറിഗേഷന്‍ വകുപ്പ് നടത്തിയ മതില്‍ നിര്‍മ്മാണം അശാസ്ത്രീയമാണെന്നും അപകടങ്ങള്‍ സംഭവിച്ചാല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് പോലും വിലങ്ങുതടിയാവുകയാണെന്ന ആക്ഷേപവുമുയര്‍ന്നിട്ടുണ്ട്.

ജില്ലയിലെ തന്നെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ കരിയാത്തുംപാറയില്‍ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി വിനോദ സഞ്ചാരികളാണെത്തുന്നത്. സമീപ ജില്ലകളില്‍ നിന്നുള്‍പ്പെടെയുള്ളവര്‍ വാഹനങ്ങളിലാണ് ഇവിടേക്കെത്തുന്നത്. ഫോട്ടോഷൂട്ടിനായും ഹസ്വചിത്രം നിര്‍മ്മാണവുമായി ബന്ധപ്പെട്ടവരും ഇതില്‍ ഉള്‍പ്പെടുന്നു.

നിരോധനമേര്‍പ്പെടുത്തി എന്ന ബോര്‍ഡ് അല്ലാതെ സുരക്ഷ ഉറപ്പുവരുത്താന്‍ ജീവനക്കാര്‍ ഇവിടെയില്ല. ഇത്രയൊക്കെ അപകടമരണങ്ങള്‍ ഉണ്ടായിട്ടും അപകട മേഖലയായ പാറക്കടവ് ഭാഗത്ത് മതിയായ സുരക്ഷാ സംവിധാനം ഒരുക്കാന്‍ ഇറിഗേഷന്‍ വകുപ്പ് തയ്യാറായിട്ടില്ല. പ്രാദേശിക ടൂറിസം മാനേജ്‌മെന്റ് കമ്മിറ്റി രൂപവല്‍ക്കരിച്ച ശേഷം മാത്രമേ കരിയാത്തുംപാറയില്‍ ഇനി വിനോദസഞ്ചാരം സാധ്യമാകുകയുള്ളൂ എന്നനിലപാടിലാണു ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍. നിലവില്‍ കല്ലാനോട് തോണി കടവില്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ പ്രവേശന ഫീസ് ഈടാക്കിയാണ് പ്രവര്‍ത്തനം തുടങ്ങിയിട്ടുള്ളത്. കക്കയം ഡാം സൈറ്റില്‍ ഹൈഡല്‍ ടൂറിസം പദ്ധതിയുടെ കീഴിലാണ് വിനോദസഞ്ചാര പ്രവര്‍ത്തനം. ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ നിയന്ത്രണം ഏറ്റെടുത്ത് സഞ്ചാരികള്‍ക്കായി തുറന്നു കൊടുക്കണമെന്നാണ് നാട്ടുകാരും സഞ്ചാരികളും ആവശ്യപ്പെടുന്നത്