അപകടങ്ങളെ നേരിടാന്‍ ജനങ്ങളെ പ്രാപ്തരാക്കാന്‍ ഫയര്‍ ബീറ്റ്; പദ്ധതിക്ക് നൊച്ചാട് തുടക്കമായി


പേരാമ്പ്ര: സര്‍ക്കാര്‍ സംവിധാനങ്ങളുടേയും പൊതുജനങ്ങളുടേയും ഏകോപനത്തിലൂടെ സുരക്ഷാ പ്രശ്‌നങ്ങളും അപകട സാധ്യതകളും സുരക്ഷിതമായും കാര്യക്ഷമമായും നേരിടാന്‍ കഴിയുന്ന വിധത്തില്‍ പൊതുജനങ്ങളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഫയര്‍ ബീറ്റ് പദ്ധതിക്ക് നൊച്ചാട് തുടക്കമായി. പദ്ധതിയുടെ പഞ്ചായത്ത്തല ഉദ്ഘാടനം നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശാരദ പട്ടേരിക്കണ്ടി നിര്‍വ്വഹിച്ചു.

ഫയര്‍ ബീറ്റിന്റെ ഭാഗമായി ആദ്യഘട്ടത്തില്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ അമ്പതോളം ക്ലാസുകള്‍ സംഘടിപ്പിക്കും. തുടര്‍ന്ന് പ്രഥമ ചികിത്സ, രക്ഷാപ്രവര്‍ത്തന രീതികള്‍ തുടങ്ങിയ കാര്യങ്ങളില്‍ പൊതുജനങ്ങള്‍ക്ക് പരിശീലനവും സംഘടിപ്പിക്കും.

സമത ലൈബ്രറിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടിയില്‍ വൈസ് പ്രസിഡണ്ട് പി.എം കുഞ്ഞിക്കണ്ണന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെമ്പര്‍ പ്രഭാ ശങ്കര്‍ ആശംസകള്‍ നേര്‍ന്നു. ബീറ്റ് ഓഫീസര്‍ ദിലീപ് കണ്ടോത്ത് വിശദീകരിച്ചു. സീനിയര്‍ ഫയര്‍ ആന്റ് റസ്‌ക്യു ഓഫീസര്‍ പി.സി പ്രേമന്‍ ക്ലാസ് എടുത്തു. കെ.എം രാജന്‍ സ്വാഗതവും പി.എം ഖാദര്‍ മാസ്റ്റര്‍ നന്ദിയൂം പറഞ്ഞു.