അപകടം ഹെലിപാഡിന് 10 കി.മീ അകലെ; യാത്ര ചെയ്തത് സ്റ്റാഫ് കോളജിലെ ചടങ്ങിലേക്ക്, രക്ഷാപ്രവർത്തന ദൃശ്യങ്ങൾ പുറത്ത് (Watch Video)


ഊട്ടി: സംയുക്തസേനാ മേധാവി ബിപിൻ റാവത്ത് ഉൾപ്പെടെ 14 പേർ സ‍ഞ്ചരിച്ച ഹെലികോപ്റ്റർ അപകടമുണ്ടായത് ഹെലിപാഡിന് 10 കിലോമീറ്റർ അകലെ. ഉച്ചയ്ക്ക് 11.47നാണ് വ്യോമസേനയുടെ എംഐ 17V5 ഹെലികോപ്റ്റർ തമിഴ്‌നാട്ടിലെ കോയമ്പത്തൂരിനടുത്തുള്ള സുലൂരിലെ സൈനിക താവളത്തിൽനിന്ന് പറന്നുയർന്നതിന് തൊട്ടുപിന്നാലെ തകർന്നുവീണത്. ഡിഫൻസ് സർവീസസ് സ്റ്റാഫ് കോളജ് സ്ഥിതി ചെയ്യുന്ന വെല്ലിങ്ടണിലേക്ക് പോവുകയായിരുന്നു.

ജനറൽ ബിപിൻ റാവത്ത്, ഭാര്യ മധുലിക, ബ്രിഗേഡിയര്‍ എല്‍.എസ്.ലിഡര്‍, ലഫ്. കേണല്‍ ഹര്‍ജിന്ദര്‍ സിങ്, നായികുമാരായ ഗുരുസേവക് സിങ്, ജിതേന്ദ്രകുമാര്‍, ലാന്‍സ് നായിക് വിവേക് കുമാര്‍, സായി തേജ, ഹവില്‍ദാര്‍ സത്പാല്‍ എന്നിവരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. വിമാനത്തിൽ ജനറൽ റാവത്ത് ഉണ്ടായിരുന്നുവെന്ന് സ്ഥിരീകരിച്ച് ട്വീറ്റ് ചെയ്ത വ്യോമസേന, അപകടത്തിന്റെ കാരണം കണ്ടെത്താൻ അന്വേഷണത്തിന് ഉത്തരവിട്ടതായും അറിയിച്ചു.

സൈനിക ഹെലികോപ്റ്റര്‍ അപകടത്തിന്റെ രക്ഷാപ്രവർത്തനത്തിന്റെ ദൃശ്യങ്ങൾ പുറത്ത്. സംഭവസ്ഥലത്തുനിന്ന് കത്തിക്കരിഞ്ഞ മൃതദേഹങ്ങൾ കണ്ടെടുത്തതായി റിപ്പോർട്ടുണ്ട്.

പ്രദേശവാസികൾ രക്ഷാപ്രവർത്തനത്തിനിടെ പകർത്തിയ വിഡിയോ ദൃശ്യങ്ങള്‍ ദേശീയ വാർത്താ ഏജൻസിയായ എഎൻഐ പുറത്തുവിട്ടു. പ്രദേശവാസികളാണ് സംഭവസ്ഥലത്ത് ആദ്യമെത്തിയത്. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് വിഷയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചർച്ച ചെയ്തു.