അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ സിദ്ധിക്ക് കാപ്പനുവേണ്ടി പ്രതിഷേധം


തലശ്ശേരി: തലശേരിയിലെ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പ്രതിഷേധം. യുപി പോലീസ് അറസ്റ്റു ചെയ്ത മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെ വിട്ടയക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. മേള നടക്കുന്ന ലിബര്‍ട്ടി തിയേറ്റര്‍ മുറ്റത്താണ് സിനിമാപ്രേമികളും വിദ്യാര്‍ഥികളുമടങ്ങിയ സൗഹൃദ കൂട്ടായ്മ പ്രതിഷേധ സ്വരമുയർത്തി രംഗത്തുവന്നത്.

ഒരു സംഘടനയുടെയും പേരിലല്ല പ്രതിഷേധമെന്നും സിനിമാപ്രേമികളും വിദ്യാര്‍ഥികളുമടങ്ങിയ സൗഹൃദ കൂട്ടായ്മയാണ് ഇതിന്റെ നേതൃത്വമെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. മേള നടക്കുന്ന ലിബര്‍ട്ടിയിലെ പ്രധാന കവാടത്തിന് ഇരുപുറവും നിന്ന് കാപ്പന്റെ ചിത്രവും പ്ലക്കാര്‍ഡും ഉയര്‍ത്തി. പിന്നീട് ഓപ്പണ്‍ഫോറം നടക്കുന്ന വേദിയിലേക്ക് എത്തി പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിപ്പിടിച്ച് സമരക്കാര്‍ നിന്നു.

പിന്നീട് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കൂടിയായ സംവിധായകന്‍ കമലുമായി സംസാരിച്ചു. ന്യായമായ ആവശ്യത്തോട് ഒപ്പംനില്‍ക്കണമെന്ന് അഭ്യര്‍ഥിച്ചു. ഹാറൂണ്‍ കാവനൂര്‍, മൃദുല ഭവാനി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പ്രധാന ഗേറ്റിനു സമീപം മുദ്രാവാക്യം വിളിച്ച ശേഷമാണ് സമരക്കാര്‍ പിരിഞ്ഞത്.