അധ്യാപകരും അനധ്യാപകരുമായി 1707 പേർ വാക്‌സിനെടുത്തില്ല; പട്ടികയില്‍ കോഴിക്കോട് ജില്ലയില്‍ നിന്ന് 151 പേര്‍


തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വാക്‌സിനെടുക്കാത്ത അധ്യാപക, അനധ്യാപകരായി 1707 പേരുണ്ടെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. കോഴിക്കോട് ജില്ലയില്‍ 151 അധ്യാപക, അനധ്യാപകരാണ് വാക്‌സിനെടുക്കാത്തവരായുള്ളത്.

മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ വാക്‌സിനെടുക്കാത്തതായുള്ളത്. 201 പേര്‍. വയനാട് ജില്ലയിലാണ് ഏറ്റവും കുറവ്. 29 പേര്‍ മാത്രമാണ് ഇവിടെ വാക്‌സിനെടുക്കാത്തവരായുള്ളത്.

മറ്റുജില്ലകളിലെ കണക്ക്:

തിരുവനന്തപുരം- 110
കൊല്ലം- 90
പത്തനംതിട്ട-51
ആലപ്പുഴ-89
കോട്ടയം- 74
ഇടുക്കി- 43
തൃശൂര്‍- 124
എറണാകുളം- 106
പാലക്കാട്- 61
കണ്ണൂര്‍- 90
കാസര്‍കോട്- 36

വാക്‌സിന്‍ എടുക്കാത്ത 200 പേരാണ് ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലുള്ളത്. 23 അനധ്യാപകരുമുണ്ട്. എല്‍.പി, യു.പി, ഹൈസ്‌കൂള്‍ വിഭാഗത്തിലായി 1255 പേരും വാക്‌സിനെടുക്കാനുണ്ട്. ഇതില്‍ 1066 പേര്‍ അധ്യാപകരും 189 പേര്‍ അനധ്യാപകരുമാണ്.

വാക്‌സിന്‍ എടുക്കാത്ത അധ്യാപകര്‍ക്ക് എല്ലാ ആഴ്ചയും ആര്‍.ടി.പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. ഇതിനൊന്നും സഹകരിക്കാത്തവര്‍ ശമ്പളമില്ലാതെ അവധിയില്‍ പ്രവേശിക്കണമെന്നാണ് നിര്‍ദേശം.