അധികാരിവര്‍ഗ ചൂഷണങ്ങള്‍ക്കെതിരെ സാധാരണക്കാര്‍ നടത്തിയ പോരാട്ടത്തിന്റെ ചൂടുമായി ‘വടക്കന്‍കാറ്റ്’; ചന്ദ്രശേഖരന്‍ തിക്കോടിയുടെ പുസ്തകത്തെ കുറിച്ച് ഷാജി വലിയാട്ടില്‍ എഴുതുന്നു



പുസ്തക പരിചയം/ ഷാജി വലിയാട്ടില്‍
വി
ജയിക്ക മേൽക്കുമേൽ ക്രൗര്യമേ, സംസ്കാര
വിഭവത്തിലെന്നുടെ പൈതൃകം നീ.

മുള്ളൻ ചീര എന്ന കവിതയിൽ ഇടശ്ശേരി യാണ് ഇങ്ങനെ എഴുതിയത്. തിന്മയുടെ തുടർച്ചയും വളർച്ചയും പുതിയ കാര്യമല്ല. സംസ്കാരത്തോളം തന്നെ പഴക്കമുണ്ട്. ചന്ദ്രശേഖരൻ തിക്കോടിയുടെ വടക്കൻ കാറ്റ് എന്ന നോവലിനെ പറ്റി പറയുമ്പോൾ ഇടശ്ശേരിയുടെ ഈ വരികളാണ് ഓർമ്മ വരിക. ദീർഘകാലം നാടക രചനയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച ചന്ദ്രശേഖരൻ തിക്കോടിയുടെ ആദ്യ നോവലായ വടക്കൻ കാറ്റിനാണ് ഈ വർഷം ഉറൂബ് അവാർഡ്. നോവലിന്റെ ശീർഷകം നൽകുന്ന സൂചന പോലെ ഇത് വടക്കൻ കേരളത്തിലെ, കൃത്യമായി പറഞ്ഞാൽ വടക്കെ മലബാറിലെ കണ്ണൂർ ജില്ലയിൽ സ്വാതന്ത്ര്യ സമരകാലത്ത് അരങ്ങേറിയ പോരാട്ടത്തിന്റെ ചരിത്രമാണ്. കേരളത്തിലെ സ്വാതന്ത്ര്യ സമരവും അതോടൊപ്പം തന്നെ ജന്മിത്വത്തിനും അധികാരിവർഗ്ഗത്തിന്റെ ചൂഷണത്തിനുമെതിരെ സാധാരണക്കാരിൽ സാധാരണക്കാരായ മനുഷ്യർ നടത്തിയ പ്രതിഷേധമാണ് നോവലിന്റെ പ്രമേയം. 1930 കളിൽ മലബാറിൽ രൂപം കൊള്ളുന്ന സോഷ്യലിസ്റ്റ് കോൺഗ്രസ്സ് പ്രവർത്തനം മുതൽ സ്വാതന്ത്ര്യ സമരം അവസാനിച്ച അൻപതുകളോടെ തീരുന്ന രണ്ടു പതിറ്റാണ്ടിലെ രാഷ്ട്രീയ സംഭവവികാസങ്ങൾ എന്ന് പറയാം.

ഏതെങ്കിലും ഒരു പ്രത്യേക കഥാപാത്രത്തിന്റെ ജീവിതചിത്രണത്തിലൂടെയല്ല സംഭവപരമ്പരകൾ അരങ്ങേറുന്നത്. അനേകം കഥാപാത്രങ്ങളിലൂടെ കരയളം എന്ന ഗ്രാമത്തെ തന്നെ മുഖ്യമായി അവതരിപ്പിക്കുകയാണ് നോവലിൽ. അംബികാസുതൻ മങ്ങാടിൻ്റെ ‘ എൻമകജെ ‘ എന്ന നോവലിൽ പാരിസ്ഥിതിക ദുരന്തങ്ങൾ ഏറ്റുവാങ്ങിയ കാസർകോട്ടെ എൻമകജെ എന്ന ഗ്രാമത്തെ അടയാളപ്പെടുത്തിയ പോലെ കരയളം ഗ്രാമം നോവലിൽ മുഖ്യമായി ഇടം പിടിക്കുന്നു.അതിലെ ഇച്ഛാശക്തിയുള്ള ജനങ്ങളിൽ ശങ്കരൻ ഒരു നെടുംതൂണായി നിൽക്കുന്നു.ശങ്കരനോടൊപ്പം തന്നെ വിപ്ലവകാരിയായ എടമേൻ കിട്ടൻ, രൈരുനായർ രാമായണം ദാമു, വെള്ളക്കണ്ണൻ, വന്ന കണാരൻ, പോയ കണാരൻ,ഗോവിന്ദൻ നായർ, സുഭദ്ര, ആലി മാപ്പിള, അനന്തു, മീനാക്ഷി, യശോദ തുടങ്ങിയ അനേകം മനുഷ്യരും. ഇവരുടെയെല്ലാം നേർവിപരീത സ്വഭാവത്തോടെ മമ്മിഞ്ചേരി തറവാടിൻ്റെ അധികാരിയായ പത്മനാഭൻ നമ്പ്യാർ,അയാളുടെ മകൻ ദത്തൻ ഇവരുടെയൊക്കെ വലൈങ്കയ്യായ ഇൻസ്പെക്ടർ റേ. ചരിത്രാനുഭവം തന്നെയാണിത്. കേരള രാഷ്ട്രീയ ചരിത്രത്തിലെ മറക്കാനാകാത്ത ക്രൂരതകളുടെയും നിഷ്ഠൂരതകളുടെയും അനുഭവമാണ് പാടിക്കുന്നിലെ മനുഷ്യക്കുരുതി.കമ്യൂണിസ്റ്റുകാരായ രാഷ്ട്രീയതടവുകാരെ ജയിലിൽ നിന്നും കള്ള ജാമ്യത്തിൽ പുറത്തിറക്കി കൊലപ്പെടുത്തി പുതിയ കോൺഗ്രസ്സ് അധികാരി വർഗം. ഇവയെല്ലാം അനുഭവ വേദ്യമാകും വിധം നോവലിസ്റ്റ് ആവിഷ്കരിച്ചിരിക്കുന്നു.

നോവലിൻ്റെ വായന പൂർണമാകുമ്പോൾ ഈ കഥാപാത്രങ്ങളോടൊക്കെ വായനക്കാരന് വല്ലാത്ത അനുകമ്പയാണ് ജനിക്കുക.തങ്ങളുടെ യൗവനവും സ്വപ്നവുമെല്ലാം ഒരു നാടിൻ്റെ നന്മയ്ക്ക് വേണ്ടി ഹോമിച്ച മഹാത്മാക്കളുടെ ഒരു ചിത്രം മനസ്സിലേക്ക് കുടിയേറുന്നു. നന്മയുള്ള വരെല്ലാം തന്നെ ഒന്നുകിൽ നിസ്സഹായകരാവുന്നു അല്ലെങ്കിൽ ഇല്ലാതാവുന്നു. അവരുടെ സ്വപ്നങ്ങൾ വാടിക്കൊഴിയുന്നു. സ്വാതന്ത്ര്യ ലബ്ധി തന്നെ ഒരു അട്ടിമറിയാകുന്നു. സ്വാതന്ത്ര്യ സമരത്തെ ഒറ്റിക്കൊടുത്തവരും കൊളോണിയൽ ദാസ്യവൃത്തി ചെയ്തവരും പുതിയ അധികാരി വർഗ്ഗ മാകുന്നു. സ്വതന്ത്ര ഇന്ത്യയിൽ ദത്തൻ മന്ത്രി യാവുന്നു രൈരുനായർ കൊല്ലപ്പെടുന്നു.
ചരിത്രവും കല്പിത സംഭവങ്ങളും ഇഴ ചേർത്ത് എഴുതിയ ഈ നോവൽ പഴയകാല പോരാട്ടങ്ങളുടേയും ത്യാഗത്തിന്റെയും സ്മരണ വായനക്കാരിൽ ഉണർത്തുന്നു. പാടിക്കുന്നിന്റെ പുരാവൃത്തം വടക്കൻ കാറ്റിലൂടെ പുതുതലമുറയിലേക്ക് കഥനമായി എത്തുന്നു.