അത്തം പത്തോണമെന്ന പതിവ് ഇക്കുറി മാറുന്നു; ഇന്നും നാളെയും അത്തം, തിരുവോണം ആഗസ്റ്റ് 21ന്
കോഴിക്കോട്: അത്തം പത്തോണമെന്ന പതിവ് ഇക്കുറി മാറുന്നു. ചിങ്ങത്തിലെ തിരുവോണം ഓഗസ്റ്റ് 21നാണ്. സാധാരണനിലയിൽ പത്തുനാൾ മുമ്പേ 12 നാണ് അത്തം വരേണ്ടത്. 12 വ്യാഴാഴ്ച (കർക്കടകം 27) ഉത്രം നക്ഷത്രം ആറു നാഴികയും 29 വിനാഴികയുമുള്ളതിനാൽ അന്ന് ഉത്രമായി കണക്കാക്കുന്നു. രാവിലെ 8.58 മുതൽ 13ന് രാവിലെ 8.20 വരെ അത്തമായതിനാൽ ചിലരെങ്കിലും പന്ത്രണ്ടിന് അത്തമായി കണക്കാക്കി ഓണാഘോഷം ആരംഭിക്കും.
ഓഗസ്റ്റ് 13ന് അത്തം നാല് നാഴികയും 16 വിനാഴികയും മാത്രമേയുള്ളു. 14ന് ചിത്തിര ഉദയം മുതൽ ഒരു നാഴികയും ചോതി പൂർണമായും ഉള്ളതിനാൽ ചിത്തിരയും ചോതിയും ഒരു ദിവസം തന്നെയാണ്. അങ്ങനെ അത്തം തുടങ്ങി ഒമ്പതിൽ തിരുവോണമെത്തും. 2012ലും ഇതുപോലെ ഒമ്പതിന് തിരുവോണം എത്തിയിരുന്നു.