‘അതുല്യ നടൻ, പ്രതിഭാധനൻ’; നെടുമുടി വേണുവിനെ അനുസ്മരിച്ച് പ്രമുഖരുടെ കുറിപ്പുകൾ


കോഴിക്കോട്: അന്തരിച്ച നടൻ നെടുമുടി വേണുവിനെ അനുസ്മരിച്ച് പ്രമുഖർ. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, സ്പീക്കർ എം.ബി രാജേഷ് തുടങ്ങി വിവിധ മേഖലകളിലെ പ്രമുഖരാണ് നെടുമുടി വേണുവിനെ അനുസ്മരിച്ചത്.

ചില അനുസ്മരണ കുറിപ്പുകൾ:

മുഖ്യമന്ത്രി പിണറായി വിജയൻ

മലയാളത്തിന്റെ അഭിനയപ്രതിഭ നെടുമുടി വേണുവിന്റെ നിര്യാണത്തില്‍ അനുശോചിക്കുന്നു. അഭിനയത്തെ ഭാവാത്മകമായ തലത്തില്‍ ഉയര്‍ത്തുന്നതില്‍ ശ്രദ്ധേയമായ പങ്കുവഹിച്ചയാളാണ് നെടുമുടി വേണു. വ്യത്യസ്തതയുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ച് ആസ്വാദകമനസ്സില്‍ സ്ഥിരസാന്നിധ്യമുറപ്പിച്ച അനുഗൃഹീത നടനാണ് അദ്ദേഹം. നടനായിരിക്കെത്തന്നെ സാഹിത്യാദികാര്യങ്ങളില്‍ വലിയ താത്പര്യമെടുക്കുകയും നാടന്‍പാട്ടുകളുടെ അവതരണം മുതല്‍ പരീക്ഷണ നാടകങ്ങളുടെ അവതരണം വരെ നേതൃപരമായ പങ്കോടെ ഇടപെടുകയും ചെയ്തു.
അദ്ദേഹം ചൊല്ലിയ നാടന്‍പാട്ടുകള്‍ ജനമനസ്സുകളില്‍ വരുംകാലത്തുമുണ്ടാകും. മലയാളത്തിന്റെ മാത്രമല്ല, പല തെന്നിന്ത്യന്‍ ഭാഷകളിലും ആസ്വാദകരുടെ മനസ്സില്‍ ആ ബഹുമുഖ പ്രതിഭ സ്ഥാനംപിടിച്ചു. തമിഴ് സിനിമാസ്വാദകരുടെ പ്രിയപ്പെട്ട പല കഥാപാത്രങ്ങളും അവതരിപ്പിക്കുന്നതിന് അദ്ദേഹത്തിന് അവസരമുണ്ടായി. സാഹിത്യത്തെയും അഭിനയകലയെയും ഒരുപോലെ സ്‌നേഹിച്ച നെടുമുടി വേണുവിന്റെ നിര്യാണം നമ്മുടെ സാംസ്‌കാരികരംഗത്തിന് അപരിഹാര്യമായ നഷ്ടമാണ്.

പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ

അഞ്ചു പതിറ്റാണ്ടോളം നീണ്ട കലാസപര്യയ്ക്ക് അന്ത്യമായി. നെടുമുടി വേണു എന്ന അതുല്യ കലാകാരൻ മലയാളിയുടെ മനസ്സിൽ ഒരിക്കലും മായാത്ത ഓർമ്മയായിരിക്കും എന്ന കാര്യത്തിൽ സംശയമില്ല. നാടകവും, സിനിമയും, മൃദംഗവും ഒക്കെയായി അർത്ഥപൂർണ്ണമായ ഒരു ജീവിതം. അദ്ദേഹത്തിന് വഴങ്ങാത്ത കഥാപാത്രങ്ങൾ ഉണ്ടായിരുന്നില്ല. സ്വഭാവ നടനായും, വില്ലനായും, ഹാസ്യ നടനായും അദ്ദേഹം അവതരിപ്പിച്ച കഥാപാത്രങ്ങൾ നമ്മുടെ ഓരോരുത്തരുടെയും മനസ്സിലൂടെ ഇപ്പോൾ കടന്നു പോവുന്നുണ്ടാവും. മൂന്നു പ്രാവശ്യം ദേശീയ പുരസ്കാരവും ആറ് പ്രാവശ്യം സംസ്ഥാന പുരസ്കാരവും നേടിയ അദ്ദേഹത്തിന്റെ വിയോഗം മലയാള സിനിമയ്ക്ക് നികത്താനാവാത്ത നഷ്ടമാണ് ഉണ്ടാക്കുന്നത്. അതുല്യ നടന് വിട, ആദരാഞ്ജലികൾ!!

സ്പീക്കർ എം.ബി രാജേഷ്

പ്രിയ നടൻ നെടുമുടി വേണുവിന്റെ നിര്യാണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. മലയാള സിനിമ, നാടക വേദികളിൽ സവിശേഷമായ സംഭാവനകൾ നൽകിയ കലാകാരനാണ് അദ്ദേഹം. മലയാള നാടക പ്രസ്ഥാനത്തിൽ വലിയ ചലനമുണ്ടാക്കിയ തനതു നാടകവേദിയിലൂടെയാണ് അദ്ദേഹം വരവറിയിച്ചത്. കാവാലം നാരായണ പണിക്കരുടെ ദൈവത്താർ, അവനവൻ കടമ്പ തുടങ്ങിയ നാടകങ്ങളിലൂടെ അദ്ദേഹം നാടകവേദിയിൽ മായ്ക്കാനാവാത്ത മുദ്ര പതിപ്പിച്ചു. മലയാള സിനിമയിലും തന്റെ പ്രതിഭയുടെ സാന്നിധ്യം കൊണ്ട് അനിവാര്യ ഘടകമായി അദ്ദേഹം മാറി.
പാട്ട്, മൃദംഗം തുടങ്ങി അദ്ദേഹം കൈവെക്കാത്ത കലകൾ കുറവാണ്. കുട്ടനാടിന്റെ സാംസ്കാരിക പാരമ്പര്യം അദ്ദേഹം ഹൃദയത്തിൽ വഹിച്ചിരുന്നു. മലയാളത്തിന്റെ സവിശേഷതകൾ സ്വാംശീകരിച്ച വലിയ കലാകാരനെയാണ് നഷ്ടമായത്.
ദീർഘകാലമായി വ്യക്തിബന്ധവും സൗഹൃദവുമുള്ള അദ്ദേഹത്തിന്റെ വിയോഗം വ്യക്തിപരമായും വലിയ നഷ്ടമാണ്.
കുടുംബാംഗങ്ങളുടെയും കലാ ആസ്വാദകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.

കെ. സുധാകരൻ

അഞ്ചുപതിറ്റാണ്ടായി മലയാള സിനിമയിലെ പ്രതിഭാധനനായ നടനായിരുന്നു നെടുമുടി വേണു. അഭിനയ മികവ് കൊണ്ട് അദ്ദേഹം അനശ്വരമാക്കിയ കാഥാപാത്രങ്ങള്‍ നിരവധിയാണ്. മലയാള സിനിമയില്‍ പകരം വയ്ക്കാനില്ലാത്ത അഭിനേതാവാണ് നെടുമുടി.സിനിമയില്‍ അദ്ദേഹം അഭിനയിക്കുകയായിരുന്നില്ല, ജീവിക്കുക ആയിരുന്നു.അകാലത്തിലുള്ള അദ്ദേഹത്തിന്റെ വിടവാങ്ങല്‍ മലയാളികള്‍ ഒട്ടും പ്രതീക്ഷിച്ചതല്ല. ഇനിയും നിരവധി കഥാപാത്രങ്ങള്‍ക്ക് അഭ്രപാളിയില്‍ ജീവന്‍ പകരാന്‍ ശേഷിയുള്ള വലിയ ഒരു കലാകാരന്റെ വിയോഗം ഇന്ത്യന്‍ സിനിമയ്ക്ക് അപരിഹാര്യമാണ്. തന്റെ സ്വതസിദ്ധമായ ശൈലയില്‍ നമുക്ക് ഇടയിലെ മനുഷ്യജീവിതങ്ങള്‍ തികഞ്ഞ മെയ്‌വഴക്കത്തോടെയും ഭാവങ്ങളിലൂടെയും പകര്‍ന്നാടിയ നെടുമുടി വേണുവിന്റെ വിയോഗത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.

ഡോ. തോമസ് ഐസക്

തീർത്തും അപ്രതീക്ഷിതമായി നെടുമുടി വേണു വിട പറയുമ്പോൾ, അപരിഹാര്യമായ ശൂന്യതയുടെ നടുക്കത്തിലാണ് മലയാളം. സിനിമയിലും നാടകത്തിലും പത്ര – സാഹിത്യപ്രവർത്തനങ്ങളിലുമൊക്കെ ഒരുപോലെ വ്യക്തിമുദ്ര പതിപ്പിച്ച് കേരളത്തിനു പുറത്തും നാടിന്റെ അഭിമാനമായി വളർന്ന വ്യക്തിത്വമാണ് പൊടുന്നനെ അണഞ്ഞു പോയത്. ഇനി നമുക്കൊപ്പം അദ്ദേഹം അവതരിപ്പിച്ച് അനശ്വരമാക്കിയ കഥാപാത്രങ്ങൾ മാത്രം.

സ്കൂൾ കാലത്തേ സാഹിത്യകമ്പമുണ്ടായിരുന്ന നെടുമുടി വേണു, കാവാലത്തിന്റെ നാടകപ്രസ്ഥാനത്തിലൂടെയാണ് അഭിനയരംഗത്ത് ചുവടുറപ്പിച്ചത്. അരവിന്ദനെയും ഭരതനെയും പോലുള്ള സംവിധായകരുടെ ചിത്രങ്ങളിലൂടെയായിരുന്നു സിനിമയിലേയ്ക്കുള്ള കാൽവെപ്പ്. നാടകത്തെയും സിനിമയെയും വളരെ ഗൗരവത്തോടെ സമീപിക്കുന്ന പരീക്ഷണവ്യഗ്രരായ കുലപതികളുടെ സൃഷ്ടികളിലൂടെ അഭിനയരംഗത്തെത്തിയ നെടുമുടി വേണു, അനായാസം കച്ചവട സിനിമകളിലെയും കലാമൂല്യമുള്ള സിനിമകളുടെയും അവിഭാജ്യഘടകമായി. അനന്യമായ അഭിനയശൈലിയും ശരീരഭാഷയും സംഭാഷണരീതിയുമായിരുന്നു അദ്ദേഹത്തിന്റെ കൈമുതൽ. വായനയുടെയും സാംസ്ക്കാരിക പ്രവർത്തനങ്ങളുടെയും ഗാംഭീര്യം ആ ശൈലിയെ എപ്പോഴും വേറിട്ടു നിർത്തി.

ഇനി തങ്ങൾക്കൊപ്പം നെടുമുടി വേണു ഇല്ല എന്ന യാഥാർത്ഥ്യത്തോട് അദ്ദേഹത്തിന്റെ ബന്ധുക്കളും സുഹൃത്തുക്കളും സഹപ്രവർത്തകരും എങ്ങനെ പൊരുത്തപ്പെടുമെന്നറിയില്ല. അവരുടെ ദുഃഖത്തിലും വേദനയിലും പങ്കുചേരുന്നു. നെടുമുടിവേണുവിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു.

രമേശ് ചെന്നിത്തല

മലയാള സിനിമയുടെ പ്രതിഭയും മലയാളികളുടെ അഭിമാനവുമായ ശ്രീ നെടുമുടിവേണുവിന് ആദരാഞ്ജലികൾ. എനിക്ക് വളരെയധികം അടുപ്പമുണ്ടായിരുന്ന ഒരു സുഹൃത്തു കൂടിയായിരുന്ന വേണു ചേട്ടൻ ഇനി ഓർമ്മകളിൽ മാത്രം. അദ്ദേഹത്തിൻ്റെ നിര്യാണത്തിൽ ദുഃഖിതരായ സിനിമാ പ്രേമികൾക്കൊപ്പം ഞാനും പങ്കുചേരുന്നു.
Shocked and saddened by the demise of icon of Malayalam film industry Shri Nedumudi Venu. One of the finest actors who was versetile in his roles. Condolences to his family and well wishers.

കെ.കെ ശൈലജ ടീച്ചർ

അരങ്ങിലും അഭ്രപാളിയിലും ഒരു പോലെ മികവാർന്ന കഥാപാത്രങ്ങളെ അടയാളപ്പെടുത്തി മലയാളികളുടെ അഭിനയ ഭാഷയ്ക്ക് പുതിയ അർഥങ്ങൾ നൽകിയ കലാകാരൻ പ്രിയപ്പെട്ട നെടുമുടി വേണുവിൻ്റെ വിയോഗം മലയാള നാടക, സിനിമാലോകത്തിന് തീരാനഷ്ടമാണ്.
നിഷ്കളങ്കമായ പെരുമാറ്റം കൊണ്ട് അഭിനയ ജീവിതത്തിന് പുറത്തും നെടുമുടി വേണു മലയാളികൾക്ക് പ്രിയപ്പെട്ട വ്യക്തിത്വമായി. നാടകത്തിലൂടെ അഭിനയലോകത്തേക്കെത്തിയ നെടുമുടി വേണു നാടക- സിനിമാലോകത്തിന് നൽകിയ സംഭാവനകൾ ഏറെ വലുതാണ്.
1990-മികച്ച സഹനടനുള്ള ദേശീയ അവാർഡ്, 2003-ൽ ദേശീയഅവാർഡിൽ പ്രത്യേക പരാമർശം, 1987-ലും 2003-ലും മികച്ച നടനുള്ള സംസ്ഥാനപുരസ്‌കാരത്തിനും അർഹനായി. മാർഗത്തിലെ അഭിനയത്തിന് ക്യൂബയിലെ ഹവാനയിൽ നടന്ന അന്തർ ദേശീയ ചലച്ചിത്ര മേളയിൽ ലഭിച്ച പുരസ്‌കാരം എന്നിവ സിനിമാ ജീവിതത്തിൽ അദ്ദേഹത്തെ തേടിയെത്തിയ അംഗീകാരങ്ങളാണ്.
പ്രിയപ്പെട്ട നടൻ്റെ വിയോഗത്തിൽ സിനിമാ ലോകത്തെയും പ്രിയപ്പെട്ടവരുടെയും ദു:ഖത്തിൽ പങ്കുചേരുന്നു.

അഡ്വ. ബിന്ദു കൃഷ്ണ

അഭിനയ രംഗത്തെ അതുല്യപ്രതിഭ നെടുമുടി വേണുവിന് ആദരാഞ്ജലികൾ. സ്വതസിദ്ധമായ അഭിനയശൈലിയിലൂടെ ജനങ്ങളെ ആരാധകരാക്കിയ വ്യക്തിയാണ് നെടുമുടി വേണു.
മൂന്ന് പ്രാവശ്യം ദേശീയ അവാർഡ് ജേതാവായ അദ്ദേഹത്തിൻ്റെ അകാല വിയോഗം ചലച്ചിത്ര രംഗത്തിന് കനത്ത നഷ്ടമാണ്. ഏത് റോളും തൻ്റെ അഭിനയ മികവ് കൊണ്ട് ഗംഭീരമാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.
എൻ്റെ മനസ്സിൽ തങ്ങിനിൽക്കുന്ന നെടുമുടി വേണു ചിത്രങ്ങളിൽ പ്രധാനപ്പെട്ടത് ഹിസ് ഹൈനസ് അബ്ദുള്ള എന്ന സിബി മലയിൽ ചിത്രമാണ്. സിനിമയിലെ ഉദയവർമ്മ തമ്പുരാൻ എന്ന സംഗീതജ്ഞൻ പല ഘട്ടങ്ങളിലും അനന്തൻ നമ്പൂതിരി എന്ന അബ്ദുള്ളയെ അഭിനയ മികവിലൂടെ കടത്തിവെട്ടി ശ്രദ്ധയാകർഷിച്ചു. ആ ചലച്ചിത്രം ഇന്നും അനശ്വരമായി ആരാധക ഹൃദയങ്ങളിൽ ജീവനോടെയുണ്ട്. ഉദയവർമ്മ തമ്പുരാനെ അനശ്വരനാക്കിയ നെടുമുടി വേണുവിന് ദേശീയ പുരസ്കാരം ലഭിച്ചു.
പ്രിയ കലാകാരൻ്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തുന്നു. കുടുംബത്തിൻ്റെയും, ആരാധകരുടെയും, സഹപ്രവർത്തകരുടെയും, നാടിൻ്റെയും ദുഃഖത്തിനൊപ്പവും പങ്കു ചേരുന്നു.

ഷാഫി പറമ്പിൽ

അഭിനയമികവിന്റെ കൊടുമുടി കയറിയ കുലപതിക്ക് വിട..
ഹിസ് ഹൈനസ്സിലെ ഉദയ വർമ്മ തമ്പുരാനും ഭരതത്തിലെ കല്ലിയൂർ രാമനാഥനും തേന്മാവിൻ കൊമ്പത്തിലെ ശ്രീകൃഷ്ണനും ചിത്രത്തിലെ കൈമളും ചമ്പക്കുളം തച്ചനിലെ കുട്ടിരാമനും രാവുണ്ണി നായരും ഡെൻവറാശാനുമെല്ലാം അനശ്വരരാണ് …
ഇത് പോലെ നിരവധി ഇഷ്ടകഥാപാത്രങ്ങളെ മലയാളികൾ ഹൃദയത്തിൽ നിക്ഷേപിച്ചാണ് മലയാളത്തിന്റെ നെടുമുടി വേണു യാത്രയാവുന്നത് .

ജയറാം

പകരക്കാരൻ ഇല്ലാത്ത അത്ഭുതം..താളത്തിനുതബുരാൻ… മണ്ണിന്റെ മണമുള്ള കുട്ടനാട്ടിലെ ഞങ്ങളുടെ പച്ചയായ മനുഷ്യന്… എന്റെ പ്രിയപ്പെട്ട ചേട്ടന്…. പ്രണാമം?

മഞ്ജു വാര്യർ

അച്ഛന്‍ മരിച്ചപ്പോള്‍ ഒരു കത്തുവന്നു. ‘സങ്കടപ്പെടേണ്ട…ഇവിടെ ഒരച്ഛനും അമ്മയും എന്നുമുണ്ടാകും…’വാത്സല്യം നിറഞ്ഞ വാക്കുകളില്‍ നെടുമുടി വേണു എന്ന മനുഷ്യന്‍ മിന്നാമിനുങ്ങുപോലെ പ്രകാശിക്കുന്നുണ്ടായിരുന്നു. എന്തുകൊണ്ടാണ് അദ്ദേഹത്തിന്റെ അച്ഛന്‍വേഷങ്ങള്‍ക്ക് നെഞ്ചില്‍ തൊടുന്ന,ഭംഗിയുള്ള പ്രകാശമുണ്ടാകുന്നത് എന്നറിയാന്‍ ഇപ്പോഴും ഞാന്‍ സൂക്ഷിച്ചുവച്ചിട്ടുള്ള കത്തിലെ വരികള്‍ മാത്രം മതി. ആ അച്ഛനാണ് ഇപ്പോള്‍ യാത്രപറഞ്ഞുപോകുന്നത്. ‘ദയ’യില്‍ തുടങ്ങിയ ബന്ധമായിരുന്നു ഞങ്ങളുടേത്. പിന്നെ ‘ഉദാഹരണം സുജാത’, ‘ജാക്ക് ആൻഡ് ജിൽ’, ഏറ്റവും ഒടുവില്‍ ‘മരയ്ക്കാറും’ . ഒരുമിച്ചഭിനയിച്ച ചിത്രങ്ങള്‍ കുറവെങ്കിലും എന്നും വിളിപ്പുറത്തുണ്ടായിരുന്നു അദ്ദേഹം. എവിടെയോ വായിച്ച ഓര്‍മയില്‍ ഞാന്‍ ഇടയ്ക്ക് കളിയായി വിളിക്കുമായിരുന്നു..’കൊടുമുടി വേണു!!’ അത്രയും ഉയരത്തിലായിരുന്നു എന്നും അദ്ദേഹം. അഭിനയത്തിലും ജീവിതത്തിലും. പലതും പഠിപ്പിച്ച,തണലും തണുപ്പും തന്ന ഒരു പര്‍വതം. മനസുകൊണ്ട് എപ്പോഴും പ്രണമിക്കുമായിരുന്നു ആ ഔന്നത്യത്തെ. മരണമില്ലാത്ത ഓര്‍മയായി മനസിലുണ്ടാകും എന്നും….വേദനയോടെ വിട.

മനോജ് കെ. ജയൻ

എൻ്റെ വേണുവേട്ടാ പോയല്ലോ???❤️?
മലയാള സിനിമ കണ്ട ഏറ്റവും വലിയ versatile Actor,,മഹാനടൻ,,പാഠ പുസ്തകം,,എനിക്ക് ഗുരുതുല്യനാണ് വേണുവേട്ടൻ❤️? എന്റെ അഭിനയ കളരി തന്നെ വേണുവേട്ടനായിരുന്നു.പെരുന്തച്ചൻ,സർഗം, പരിണയം,അങ്ങിനെ എത്ര സിനിമകൾ,അവസാന സിനിമകളിലൊന്ന് എന്റെത് ആണെന്നറിയുമ്പോൾ സങ്കടം സഹിക്കാൻ പറ്റുന്നില്ല വേണുവേട്ടാ . വന്നു അവസാനമായി ഒന്നുകാണാൻ പറ്റുന്നില്ലല്ലോ,ഞാൻ സ്ഥലത്തില്ലാതെ പോയല്ലോ എന്നോർത്ത് ഞാൻ ഏറെ ദുഃഖിക്കുന്നു ??എപ്പോ കണ്ടാലും പാട്ടും തമാശയും സ്നേഹവാൽസല്യങ്ങളും ചൊരിയുന്ന എൻ്റെ മാനസഗുരു??എന്റെ ചേട്ടൻ ?തീരാനഷ്ടം ആദരാജ്ഞലികൾ…????പ്രണാമം???????

വിനീത് ശ്രീനിവാസൻ

അതുല്യകലാകാരനായ, ഗുരുസ്ഥാനീയനായ ഏറ്റവും പ്രിയപ്പെട്ട വേണു അങ്കിളിനെക്കുറിച്ച് ഞാൻ എന്തെഴുതാനാണ്..
വല്ലാത്തൊരു ശൂന്യത..
ഒരുമിച്ച് ചെയ്ത യാത്രകളും, പാടിക്കേൾപ്പിച്ച പാട്ടുകളും, ആദ്യ സിനിമ സംവിധാനം ചെയ്യുമ്പോൾ ഒപ്പം നിന്ന് പറഞ്ഞു തന്ന കാര്യങ്ങളും, അച്ഛൻ ആശുപത്രിയിലായിരുന്നപ്പോൾ ധൈര്യം തന്ന ആ ഫോൺ വിളിയും.. എല്ലാം മിന്നിമറയുന്നു..
പകരക്കാരനില്ലാത്ത പ്രതിഭാശാലിയാണ്.. മറക്കില്ല, മറക്കാനാവില്ല.. ???

ഷാജി കൈലാസ്

ഒരു ആത്മബന്ധവും കൂടി നഷ്ടപെടുന്നു….വേണുച്ചേട്ടാ പ്രണാമം ?

നിർമ്മൽ പാലാഴി

ആദരാഞ്ജലികൾ സർ ??????…..
മൊയ്തീനെ… എങ്ങനെ ഉണ്ട് ടീച്ചർക്ക്…?
ഇങ്ങള് വരി മാഷെ…

ഒരുപാട് പ്രിയം ഉള്ളവരുടെ പെട്ടന്നുള്ള വേർപാട്. കേട്ടതൊന്നും ശരിയാവരുതെ എന്ന് ആശ്വസിക്കാൻ ശ്രമിക്കുന്ന മനസ്സ്. പതുക്കെ യാഥാർഥ്യം തിരിച്ചറിയുമ്പോൾ ഉള്ള മരവിപ്പ്. അനിഏട്ടൻ (അനിൽ രാധാകൃഷ്ണ മേനോൻ) ഒരു തുടക്കകാരനായ എനിക്ക് തന്ന അവസരം, വേണു സാറിനോട് ഒപ്പം ഉള്ള ആദ്യ അഭിനയം,നോർത്ത് 24 കാതം സിനിമയിലെ മൊയ്തീൻ.പിനീട് എവിടെ കണ്ടാലും ഹാ മൊയ്‌ദീനെ?… എന്നുള്ള വിളി ഇനിയില്ല ??

ഷമ്മി തിലകൻ

നെടുമുടി വേണു ചേട്ടൻ അരങ്ങൊഴിഞ്ഞു.
പരേതാത്മാവിന് നിത്യശാന്തി ലഭിക്കട്ടെ.

നീരജ് മാധവ്

അടുത്തറിയാൻ സാധിച്ചതും ഒപ്പം അഭിനയിക്കാൻ കഴിഞ്ഞതും ഒരു ഭാഗ്യമായി കരുതുന്നു. സപ്തമശ്രീ തസ്കരായിൽ അഭിനയിക്കുമ്പോൾ തുടക്കക്കാരനായിരുന്ന എന്നോട് ആ സെറ്റിൽ ഏറ്റവും കംഫർട്ടിങ് ആയി പെരുമാറിയത് കൂട്ടത്തിലെ ഏറ്റവും സീനിയർ നടനായ വേണു സർ ആയിരുന്നു. He carried a warmth and positivity around him. Gave me career advices, asked about my love life, cracked jokes every now and then, such a wholesome person ! നെടുമുടി വേണു എന്ന അതുല്യ പ്രതിഭയെ ഇനി തിരശീലയിൽ കാണില്ല എന്നതിനുമപ്പുറം വേണു ചേട്ടൻ എന്ന വ്യക്തി ഇനിയില്ല എന്ന വസ്തുത വല്ലാതെ വിഷമപ്പെടുത്തുന്നു. ആദരാഞ്ജലികൾ ??

വി.എ ശ്രീകുമാർ മേനോൻ

നമ്മൾ ഒന്നു കണ്ണടച്ച് ഓർത്താൽ അനേകം പേര് വരും… നെടുമുടി വേണു ജീവിച്ച പല കഥാപാത്രങ്ങൾ!
പുതിയ സിനിമയിൽ വേണുവേട്ടൻ ഉണ്ടാകണം എന്നാഗ്രഹിച്ചിരുന്നു.
ജീവിച്ച കഥാപാത്രങ്ങൾ അങ്ങയെ എക്കാലത്തേക്കുമായി ജീവിപ്പിക്കുന്നു വേണുവേട്ടാ…
പ്രണാമം.
വിട…

സിനിമ പാരഡിസോ ക്ലബ്ബ്

മലയാളത്തിന്റെ അഭിനയപ്രതിഭ നെടുമുടി വേണു (73) ഓർമയായി. ഇന്ത്യൻ സിനിമയിലെ തന്നെ പ്രതിഭാധനന്മാരായ അഭിനേതാക്കളിൽ ഒരാളായി കണക്കാക്കപ്പെടുന്ന വേണു നാടകങ്ങളിലും അഞ്ഞൂറിലേറെ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
സിനിമാ പാരഡിസൊ ക്ലബിന്റെ ആദരാഞ്ജലികൾ ?

എം.കെ രാഘവൻ

മലയാള സിനിമയിൽ പകരം വെക്കാനില്ലാത്ത അതുല്യ പ്രതിഭ നെടുമുടി വേണുവിന്റെ വിയോഗം, അക്ഷരാർത്ഥത്തിൽ നികത്താനാവാത്ത നഷ്ടമാണ്.
1978 ൽ അരവിന്ദന്റെ ‘തമ്പ് ’ ലൂടെ കടന്നു വന്ന് നാല് പതിറ്റാണ്ടുകാലം സ്വാഭാവിക അഭിനയ തികവോടെ പ്രേക്ഷക മനസിൽ ചിരപ്രതിഷ്ഠ നേടിയ നെടുമുടി വേണു ഇന്ത്യൻ സിനിമാ ലോകത്ത് തന്നെ പകരം വെക്കാനില്ലാത്ത കലാകാരനാണ്.
സ്വഭാവ നടനായും ഹാസ്യകഥാപാത്രങ്ങളിലൂടെയും നിരന്തരം വേഷപ്പകർച്ചകൾ സമ്മാനിച്ച നെടുമുടി വേണു ആരവവും തകരയും ചാമരവും മുതൽ ചാർത്തിയ ഭാവാഭിനയത്തിന്റെ അനശ്വരമുദ്രകൾ ഒരിക്കലും മാഞ്ഞു പോകില്ല.
തകര, കള്ളൻ പവിത്രൻ, ഓടരുതമ്മാവാ ആളറിയാം, കാതോട് കാതോരം, പുലി വരുന്നേ പുലി, ചിത്രം, ഹരികൃഷ്ണൻസ്, താണ്ഡവം, ബാലേട്ടൻ, ഇൻ ഗോസ്റ്റ് ഹൌസ് ഇൻ, തുടങ്ങി അഞ്ഞൂറിൽപരം സിനിമകളിൽ അദ്ദേഹം ചെയ്ത വേഷങ്ങൾ പ്രേക്ഷക മനസുകളിൽ എന്നും നിറഞ്ഞ നിൽക്കും.
ഇന്ത്യൻ സിനിമയിലെ തന്നെ അപൂർവ പ്രതിഭയ്ക്ക് വിട …

വി.എസ് ശിവകുമാർ

മലയാള സിനിമയിലെ ഏറ്റവും പ്രതിഭാധനരായ അഭിനേതാവ് നെടുമുടി വേണു നമ്മെ വിട്ടു പിരിഞ്ഞിരിക്കുന്നു. ഇന്ത്യൻ സിനിമാ ചരിത്രത്തിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളായ അദ്ദേഹം മലയാളത്തിലും തമിഴിലുമായി 500 ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. തിരക്കഥാ രചനയിലും ഏർപ്പെട്ടിട്ടുള്ള അദ്ദേഹം ഒരു സിനിമ സംവിധാനം ചെയ്തിട്ടുണ്ട്. സിനിമയിലെ വിവിധ പ്രകടനങ്ങൾക്ക് രണ്ട് ദേശീയ ചലച്ചിത്ര അവാർഡുകളും ആറ് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകളും അദ്ദേഹം നേടിയിട്ടുണ്ട്.
താള ലയ ചാരുതയുള്ള അഭിനയത്തിന്റെ ഉജ്വല മാതൃകയായിരുന്ന ശ്രീ നെടുമുടി വേണുവിന്റെ വേർപാട് കല, സാംസ്കാരിക മേഖലയ്ക്ക് നികത്താനാവാത്ത നഷ്ടം തന്നെയാണ്. അഗാധമായ ദുഃഖവും അനുശോചനം രേഖപ്പെടുത്തുന്നു.?

എ.കെ ബാലൻ

പ്രതിഭാധനനായ അഭിനേതാവായ ശ്രീ. നെടുമുടി വേണുവിന്റെ നിര്യാണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. കഴിഞ്ഞ നാല് ദശാബ്ദമായി മലയാള സിനിമയിലെ അവിഭാജ്യ ഘടകമാണ് അദ്ദേഹം. തനതു നാടകവേദിയിൽ മികച്ച തുടക്കം കുറിച്ചാണ് അദ്ദേഹം നാടകവേദിയിലെത്തിയത്. അവിടെനിന്ന് സിനിമയിലെത്തി മികച്ച അഭിനയത്തിലൂടെ മലയാള സിനിമാ ആസ്വാദകരുടെ വലിയ പ്രശംസ നേടി.
ഞാൻ സാംസ്കാരിക വകുപ്പ് മന്ത്രിയായിരിക്കെ അടുത്തിടപഴകാൻ അവസരം കിട്ടിയിട്ടുണ്ട്. ആ സൗഹൃദം അവസാനം വരെ കാത്തുസൂക്ഷിച്ചു. കോവിഡ് മഹാമാരിയെ തുടർന്ന് സിനിമാരംഗം സ്തംഭനത്തിലായപ്പോൾ സിനിമാ മേഖലയിലുള്ളവരുടെ ജീവിതപ്രശ്നങ്ങൾ ശ്രദ്ധയിൽ പെടുത്താൻ അദ്ദേഹം മുൻകൈയെടുത്തു.
നമ്മുടെ ഭാഷയുടെയും സംസ്കാരത്തിന്റെയും മികച്ച വക്താവായിരുന്നു നെടുമുടി വേണു. സിനിമ മേഖലക്കും സാംസ്കാരിക രംഗത്തിനും വലിയ നഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗം സൃഷ്ടിച്ചിരിക്കുന്നത്. ബന്ധുക്കളുടെയും സാംസ്കാരിക മേഖലയുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.

കോടിയേരി ബാലകൃഷ്ണൻ

കേരളത്തിൻ്റെ അഭിമാനമായ നടന വിസ്മയം നെടുമുടി വേണുവിൻ്റെ നിര്യാണത്തിൽ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു.
സാംസ്കാരിക കേരളത്തിൻ്റെ തിലകക്കുറിയായിരുന്നു നെടുമുടി വേണു. അഭിനയത്തികവിൻ്റെ സൂക്ഷ്മ ഭാവങ്ങൾ അനായാസ ലളിതമായി നെടുമുടിയിലൂടെ ആസ്വാദകരിലേക്കെത്തി. അവിസ്മരണയീങ്ങളായ നിരവധി കഥാപാത്രങ്ങളെ അദ്ദേഹം അനശ്വരമാക്കി.
മലയാളത്തിൻ്റെ തനത് നാടകവേദിയ്ക്കും കാവാലം എഴുതിയ നാടൻ ശീലുകൾക്കും നെടുമുടി വേണു സൗരഭ്യം പകർന്നു. കലാകൗമുദിയിലൂടെ മാധ്യമ പ്രവർത്തകനായും അദ്ദേഹം തിളങ്ങി. സകല കലാവല്ലഭൻ എന്ന് വിശേഷിപ്പിക്കാവുന്ന വ്യക്തിത്വമാണ് വിടവാങ്ങിയത്.
നെടുമുടി വേണുവിൻ്റെ നിര്യാണത്തിൽ സന്തപ്ത കുടുംബാംഗങ്ങളുടെയും സാംസ്കാരിക കേരളത്തിൻ്റേയും ദുഖത്തിൽ പങ്ക് ചേരുന്നു.
ആദരാഞ്ജലികൾ.

എം.വി ഗോവിന്ദൻ മാസ്റ്റർ

മലയാള സിനിമയിലെ ഒരു യുഗം അവസാനിക്കുന്നു. കഥാപാത്രങ്ങളുടെ പ്രായഭേദങ്ങളെ അത്രമേൽ അനായാസമായി പ്രതിഫലിപ്പിച്ച അഭ്രപാളിയിലെ മഹാവിസമയത്തിന് വിട.
ശരീരം കൊണ്ടും, ശബ്ദം കൊണ്ടും നെടുമുടി വേണു എന്ന നടൻ കഥാപാത്രങ്ങളിലേക്ക് നടത്തുന്ന സഞ്ചാരങ്ങൾ അദ്ദേഹം കലാലോകത്തിന് നൽകുന്ന അതുല്യ സംഭാവനകളാണ്.
അഞ്ഞൂറിലേറെ കഥാപാത്രങ്ങൾക്ക് ജീവൻനൽകിയ ആ അനശ്വര പ്രതിഭ ഇന്ത്യൻ സിനിമയിലെ തന്നെ മികവുറ്റ അഭിനേതാക്കളിലൊരാളാണ്.
അവനവൻ കടമ്പ, ദൈവത്താർ, തുടങ്ങിയ സാമൂഹ്യ ശ്രദ്ധയാകർഷിച്ച നാടകങ്ങളിലൂടെ മലയാളത്തിന്റെ തനതു നാടകവേദിയെ ഊർജ്ജസ്വലമാക്കുകയും മാധ്യമപ്രവർത്തകൻ എന്ന നിലയിൽ വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്ത വ്യക്തിത്വമായിരുന്നു നെടുമുടി വേണു.
നായകനായും വില്ലനായും സഹനടനായും മലയാളി എക്കാലവും ഓർത്തെടുക്കുന്ന അഭിനയമുഹൂർത്തങ്ങൾ സൃഷ്ടിച്ച പ്രിയ കലാകാരന് ആദരാഞ്ജലികൾ.

അഡ്വ. വി.എസ് സുനിൽ കുമാർ

അരങ്ങില്‍ ജീവിക്കുകയും യഥാർത്ഥജീവിതത്തില്‍ ഒരിക്കലും അഭിനയിക്കാതിരിക്കുകയും ചെയ്ത പച്ചമനുഷ്യനായിരുന്നു നെടുമുടി വേണു. സ്വന്തം ഗ്രാമത്തെ തന്റെ പേരിനൊപ്പം ചേര്‍ത്ത അദ്ദേഹം മലയാള നാടകരംഗത്തിനും സിനിമാ ലോകത്തിനും നല്‍കിയ സംഭാവനകള്‍ നിസ്തുലമാണ്. സിനിമയിലായാലും നാടകത്തിലായാലും ലഭിച്ച ഓരോ വേഷവും തന്മയത്വത്തോടെയും കയ്യടക്കത്തോടെയും അദ്ദേഹം അവിസ്മരണീയമാക്കി. ഭൂമിയിൽ തൻ്റെ ഭൗതിക സാന്നിധ്യം ഇല്ലാതായാലും അദ്ദേഹം അഭിനയിച്ച് അവിസ്മരണീയമാക്കിയ ചിത്രങ്ങളിലൂടെ ഇനിയും ജീവിക്കും.
കോവിഡ് കാലത്തെ മഹാനഷ്ടങ്ങളിലൊന്നാണ് നെടുമുടി വേണുവിന്റെ വേര്‍പാട്. പ്രിയപ്പെട്ട ശ്രീ. നെടുമുടി വേണുവിന്റെ വിയോഗത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.
ആദരാഞ്ജലികള്‍.

അഡ്വ. ഹരീഷ് വാസുദേവൻ

സങ്കടകാലമാണ്.
ജീവിതത്തിൽ ആദ്യം പഠിച്ച പാട്ട് നെടുമുടി വേണു പാടി കേട്ട ഒന്നാണ്. അന്നുമുതൽ ദൂരെ നിന്ന് അദ്ദേഹത്തിന്റെ വേഷങ്ങളെ മാത്രമല്ല, ആ മനുഷ്യനെ സ്നേഹിച്ചിട്ടുണ്ട്. സിനിമയിലെ അത്ഭുതപ്പെടുത്തുന്ന അഭിനയത്തിലൂടെ മാത്രമല്ല, കാവാലത്തിന്റെ കൂടെ നാടൻ കലകളുടെയും നാടൻ പാട്ടിന്റെയും പ്രചാരകനായും വേണുച്ചേട്ടൻ മലയാളിയെ സ്നേഹിച്ചു..
2017 ൽ തമ്പ് ന്റെ പേരിലെ അവാർഡ് എനിക്ക് തരാൻ വിളിച്ചു സംസാരിച്ചപ്പോഴും പിന്നീട് നേരിൽ കണ്ടപ്പോഴും ആ മനുഷ്യന്റെ സ്നേഹവും എളിമയും അടുത്തറിഞ്ഞു. ഞാറ്റുവേലയിൽ ഞങ്ങളുടെ സ്വന്തം വേണു ചേട്ടനായി. കണ്ണന്റെ വിവാഹവാർത്തയാണ് അവസാനം വിളിച്ചപ്പോ പറഞ്ഞത്. കോവിഡ് കഴിഞ്ഞു കാണാമെന്നും..
ആരോഗ്യം മോശമാണെന്ന് ഇന്നലെ കേട്ടു. ഇത്ര മോശമാണെന്ന് കരുതിയേ ഇല്ല. എത്രയോ കാലം ഇനിയും നമ്മുടെ കൂടെ ഉണ്ടാകുമെന്ന് കരുതി. ഒരു ദിവസം ഞങ്ങളുടെ വീട്ടിൽ വരാമെന്നു പറഞ്ഞത് കടമായി ബാക്കി.
അടുത്ത കാഴ്ചയിൽ പറയാൻ വെച്ചിരുന്ന വിശേഷങ്ങൾ ഇനി…….
ഒത്തിരി സങ്കടം ചേട്ടാ.. ???