അക്രഡിറ്റഡ് ഡ്രൈവര്‍ ട്രെയിനിംഗ് സെന്ററുകള്‍ക്കുള്ള അനുമതി; മോട്ടോര്‍ വാഹനവകുപ്പിന് കീഴിലെ ഗവ: അംഗീകാരമുള്ള ഡ്രൈവിംഗ് സ്‌കൂളുകളെ തകര്‍ക്കുന്ന നടപടിയെന്ന് ആരോപണം


പേരാമ്പ്ര: സംസ്ഥാനത്ത് മോട്ടോര്‍ വാഹനവകുപ്പിന് കീഴില്‍ പ്രവര്‍ത്തിച്ചുവരുന്ന ഗവ: അംഗീകാരമുള്ള 5000 ത്തോളം ഡ്രൈവിംഗ് സ്‌കൂളുകളെ തകര്‍ക്കുന്ന നടപടിയാണ് രാജ്യത്ത് അക്രഡിറ്റഡ് ഡ്രൈവര്‍ ട്രെയിനിംഗ് സെന്ററുകള്‍ അനുമതി കൊടുത്തതോടുകൂടി ഉണ്ടായതെന്ന് ആള്‍ കേരള മോട്ടോര്‍ ഡ്രൈവിംഗ് സ്‌കൂള്‍ ഇന്‍സ്ട്രക്ടേഴ്‌സ് & വര്‍ക്കേഴ്‌സ് അസോസിയേഷന്‍ കുറ്റപ്പെടുത്തി.

കേന്ദ്രസര്‍ക്കാര്‍ കുത്തക വല്‍ക്കരണത്തിന്റെയും സ്വകാര്യവല്‍ക്കരണത്തിന്റെയും ഭാഗമായി കൊണ്ടുവന്നിട്ടുള്ള അക്രഡിറ്റഡ് ഡ്രൈവര്‍ ട്രെയിനിങ് സെന്ററില്‍ പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഡ്രൈവിംഗ് ടെസ്റ്റ് ഇല്ലാതെ ലൈസന്‍സ് നല്‍കാമെന്ന വ്യവസ്ഥ അശാസ്ത്രീയമാണ്. പ്രാഥമിക പരീക്ഷയും, ഡ്രൈവിംഗ് ടെസ്റ്റും നടത്താതെ ലോകത്ത് ഒരു രാജ്യത്തും ഇന്ന് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കുന്നില്ലെന്ന് അസോസിയേഷന്‍ ചൂണ്ടിക്കാട്ടി.

ഇത്തരത്തില്‍ സ്വകാര്യ കമ്പനികള്‍ ഡ്രൈവിംഗ് ലൈസന്‍സ് നല്‍കുന്ന സമ്പ്രദായം നടപ്പിലാക്കി കഴിഞ്ഞാല്‍ ഇന്ത്യയിലെ റോഡ് സുരക്ഷക്ക് തന്നെ ഭീഷണിയാവും. ഇത് റോഡപകടങ്ങളും മരണങ്ങളും വര്‍ദ്ധിക്കാന്‍ കാരണമാകാനിടയുണ്ട്. അക്രഡിറ്റഡ് ഡ്രൈവര്‍ ട്രെയിനിങ് സെന്റര്‍ തുടങ്ങുന്നതിന് കോടികളുടെ മുതല്‍ മുടക്ക് ആവിശ്യമായതിനാല്‍ ഡ്രൈവിംഗ് ട്രെയിനിങ്ങിന് വന്‍തുക ഫീസ് ഇനത്തില്‍ ഈടാക്കുവാന്‍ ഇക്കൂട്ടര്‍ നിര്‍ബന്ധിതരാകും. ഇതുമൂലം സാധാരണക്കാര്‍ക്ക് ഡ്രൈവര്‍ തൊഴില്‍ എന്ന സ്വപ്നം അന്യമാകും.

സംസ്ഥാനത്തെ മുഴുവന്‍ ആര്‍.ടി.ഓഫീസുകള്‍ക്കു കീഴിലും കമ്പ്യൂട്ടറൈസ്ഡ് ഓട്ടോമേറ്റഡ് ഡ്രൈവിംഗ് ടെസ്റ്റ് സെന്റര്‍ തുടങ്ങി കേരളത്തിലെ ഡ്രൈവിംഗ് സ്‌കൂളുകളെയും ഇതുവഴി ഒരുലക്ഷത്തില്‍പരം തൊഴിലാളി കുടുംബങ്ങളെയും സംരക്ഷിക്കണമെന്നും അസോസ്സിയേഷന്‍ സംസ്ഥാന ഗതാഗത മന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു. നിലവില്‍ പ്രവര്‍ത്തിച്ചുവരുന്ന ഡ്രൈവിംഗ് സ്‌കൂളുകളെ സംരക്ഷിക്കുന്നതിനാവശ്യമായ നടപടി സംസ്ഥാന സര്‍ക്കാര്‍ കൈകൊള്ളുവാന്‍ ഉതകുന്ന സമഗ്രമായ പ്രോജക്റ്റ് റിപ്പോര്‍ട്ടും ഗതാഗത മന്ത്രിക്ക് അസോസിയേഷന്‍ കൈമാറി.