അംഗീകാരത്തിന്റെ നിറവില്‍ കൊയിലാണ്ടി മാപ്പിള സ്കൂൾ എന്‍എസ്എസ് യൂണിറ്റ്


കൊയിലാണ്ടി: കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി ക്ലസ്റ്ററിലെ 2019-2020 ലെഏറ്റവും മികച്ച എന്‍എസ്എസ് യൂണിറ്റിനുള്ള പുരസ്‌കാരം കൊയിലാണ്ടി മാപ്പിള വൊക്കേഷണല്‍ ഹയര്‍ സിക്കെന്ററി സ്‌കൂളിലെ എന്‍എസ്എസ് യൂണിറ്റിന് ലഭിച്ചു. മുന്‍ വര്‍ഷങ്ങളിലെയും കൊറോണ കാലത്തെയും മികച്ചതും വ്യത്യസ്തവും ആയ പ്രവര്‍ത്തനങ്ങളാണ് യൂണിറ്റിനെ പുരസ്‌കാരത്തിന് അര്‍ഹമാക്കിയത്. വളണ്ടിയര്‍മാരുടെയും പ്രോഗ്രാം ഓഫീസറുടെയും നിസ്വാര്‍ഥമായ പ്രവര്‍ത്തനങ്ങളാണ് യൂണിറ്റിനെ മികച്ചതാക്കി മുന്നോട്ട് നയിച്ചത്.

കൊറോണ കാലത്ത് വിദ്യാലയങ്ങള്‍ അടഞ്ഞ് കിടന്നപ്പോളും മികച്ച പ്രവര്‍ത്തനമാണ് മാപ്പിള സ്‌കൂളിലെ എന്‍എസ്എസ് യൂണിറ്റ് കാഴ്ചവെച്ചത്. പ്ലസ് വണ്‍ ഇംപ്രൂവ്‌മെന്റ് പരീക്ഷയ്ക്ക് ഒരുങ്ങുന്ന വിദ്യാര്‍ഥികളെ സഹായിക്കാനായി ”സഹയാത്ര” എന്ന പദ്ധതി ആവിഷ്‌കരിച്ചു. ഇതിലൂടെ അധ്യാപകരുടെ സഹായത്തോടെ വാട്ട്‌സാപ്പ് ഗ്രൂപ്പുകളിലൂടെ ഓരോ വിഷയത്തിനും പ്രത്യേകം സഹായങ്ങള്‍ ലഭ്യമാക്കി. കൂടാതെ മാസ്‌ക് നിര്‍മാണം, ജൈവ പച്ചക്കറിക്കൃഷി, ബെഡ്ഷീറ്റ് ചലഞ്ച്, ലാംഗലി,പൊതിച്ചോറ് വിതരണം, കുടിവെള്ള വിതരണം തുടങ്ങി ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ അകന്നിരുന്ന് കൊണ്ട് വളണ്ടിയേഴ്സ് നടത്തി.

മികച്ച യൂണിറ്റിനുള്ള പുരസ്‌കാരം കോഴിക്കോട് പ്രൊവിഡന്‍സ് ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വെച്ച് നടന്ന ചടങ്ങില്‍, കോഴിക്കോട് മേയര്‍ ബീന ഫിലിപ്പ്, എന്‍എസ്എസ് ജില്ലാ കോര്‍ഡിനേറ്റര്‍ ശ്രീജിത്ത്, എന്‍എസ്എസ് റീജിയണല്‍ ഡയറക്ടര്‍ മനോജ് എന്നിവരുടെ സാന്നിധ്യത്തില്‍ എന്‍എസ്എസ് സംസ്ഥാന കോര്‍ഡിനേറ്റര്‍ ഡോ: ജേക്കബ് ജോണ്‍ പ്രോഗ്രാം ഓഫീസര്‍ രഞ്ജില എം.എസിന് കൈമാറി.

 


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക