നാട്ടില്‍ മാന്യമായ ജോലി ചമഞ്ഞ് മറവില്‍ ലഹരി വില്‍പ്പന; കോഴിക്കോട് കേന്ദ്രീകരിച്ച് മയക്കുമരുന്ന് കച്ചവടം നടത്തുന്ന യുവാക്കള്‍ പിടിയില്‍


കോഴിക്കോട്:ബാഗ്ലൂരില്‍ നിന്നും വില്‍പ്പനയ്ക്കായി കൊണ്ട് വന്ന മാരക ലഹരി മരുന്നായ എംഡിഎംഎയുമായി യുവാക്കള്‍ പിടിയില്‍. ബേപ്പൂര്‍ സ്വദേശി പടന്നയില്‍ ഹൗസില്‍ റാസി.പി (29) എരഞ്ഞിക്കല്‍ സ്വദേശി കൊടമന ഹൗസില്‍ അര്‍ജുന്‍ കെ (28) എന്നിവരെയാണ് നാര്‍കോട്ടിക് വിഭാഗം പിടികൂടിയത്.

റാസിയുടെ ബേപ്പൂരിലെ വീട്ടില്‍ നിന്ന് 47.830 ഗ്രാം എം.ഡി എംഎ പരിശോധനയില്‍ ബേപ്പൂര്‍ പോലീസ് കണ്ടെടുത്തു. എരഞ്ഞിക്കല്‍ കൈപുറത്ത് പാലം റോഡില്‍ വച്ച് 630 ഗ്രാം കഞ്ചാവും , 3.2 ഗ്രാം എം.ഡി എം.എയുമായിട്ടാണ് അര്‍ജുന്‍ എലത്തൂര്‍ പോലീസിന്റെ പിടിയിലായത്.
ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ കെ. ഇ ബൈജു ഐ.പിഎസ്‌ന്റെ നിര്‍ദ്ദേശ പ്രകാരം ജില്ലയില്‍ ലഹരിക്കെതിരെ ആന്റി നാര്‍ക്കോട്ടിക്ക് സ്‌ക്വാഡും, ബേപ്പൂര്‍ , എലത്തൂര്‍ പോലീസും നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.

പിടിയിലായ ഇവര്‍ ആര്‍ക്കെല്ലാമാണ് ഇത് വില്‍ക്കുന്നതെന്നും ആരെല്ലാമാണ് ഇത് ഉപയോഗിക്കുന്നതെന്നും സംബന്ധിച്ചുള്ള പരിശോധനയിലാണ് പോലീസ്. ഇവരുടെ ബാങ്ക് അകൗണ്ട് വിവരങ്ങളും ഫോണ്‍ രേഖകളും പരിശോധിച്ച് വരികയാണ്.

പിടിയിലായ രണ്ട് പേരും നാട്ടില്‍ മാന്യമായ ജോലി ചമഞ്ഞ് മറവില്‍ ലഹരി വില്‍പന നടത്തുന്നവരാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ബേപ്പൂരില്‍ നിന്ന് പിടിയിലായ റാസി വസ്ത്ര വ്യാപാരം നടത്തുന്നയാളാണ്. വസ്ത്രങ്ങള്‍ പര്‍ച്ചേസ് നടത്തുന്ന പേരില്‍ ബാഗ്ലൂര്‍ യാത്ര നടത്തി ബാഗ്ലൂരില്‍ നിന്നും മാരക ലഹരി മരുന്നായിരുന്നു കൊണ്ടു വന്നിരുന്നത്. എരഞ്ഞിക്കലില്‍ നിന്നും പിടികൂടിയ അര്‍ജുന്‍ കോള്‍ ഡ്രൈവറാണ്. രാത്രികാലങ്ങളില്‍ ഡ്രൈവര്‍ ഡ്യൂട്ടിയെന്ന പേരില്‍ വീട്ടില്‍ നിന്നും ഇറങ്ങി ബൈക്കിലും കാറിലും സഞ്ചരിച്ച് മയക്കുമരുന്ന് കച്ചവടമായിരുന്നു നടത്തിയിരുന്നത്.

സബ് ഇന്‍സ്പെക്ടര്‍ മനോജ് എടയേടത്, അസി. സബ് ഇന്‍സ്‌പെക്ടര്‍ അബ്ദുറഹിമാന്‍ , അഖിലേഷ് കെ , അനീഷ് മൂസേന്‍വീട്, ജിനേഷ് ചൂലൂര്‍ ,സുനോജ് കാരയില്‍, അര്‍ജുന്‍ അജിത്ത്. ബേപ്പൂര്‍ സ്റ്റേഷനിലെ എ.എസ്.ഐ ദീപ്തി ലാല്‍, ശ്രീജേഷ്, ഷിനോജ്, സജില. എലത്തൂര്‍ സ്റ്റേഷനിലെ എ.എസ്.ഐ രഞ്ജിത്ത് കുമാര്‍. പി , റെനീഷ്, രാജേഷ് കുമാര്‍, മധുസൂധനന്‍ എന്നിവര്‍ അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.