‘മരണം ആരെയും വിശുദ്ധനാക്കുന്നില്ല, അഴിമതിക്കെതിരെ വിരൽ ചൂണ്ടുന്നത് ദിവ്യകർമ്മം’; കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി ദിവ്യയ്ക്ക് പിന്തുണയുമായി യൂത്ത് ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി
തിരുവനന്തപുരം: കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പി പി ദിവ്യക്കെതിരെ പ്രതിഷേധം രൂക്ഷമാകുമ്പോൾ പിന്തുണയുമായി യൂത്ത് ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി അഡ്വ.ഫൈസൽ ബാബു. മരണം ആരെയും വിശുദ്ധനാക്കുന്നില്ല. അഴിമതിക്കെതിരെ വിരൽ ചൂണ്ടുന്നത് ദിവ്യകർമ്മമാണെന്ന് അദ്ധേഹം പറഞ്ഞു. സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിലായിരുന്നു ഫൈസൽ ബാബുവിന്റെ പരാമർശം. പൊതുജനത്തിന്റെ കഴുത്തിൽ കയറിട്ട് മുറുക്കുന്നവർ മാപ്പ് അർഹിക്കുന്നില്ലെന്നും അവർ ഒരിക്കൽ സ്വന്തം കഴുത്തിൽ കുരുക്ക് മുറുക്കുമെന്നും ഫൈസൽ പറയുന്നു.
‘അഴിമതിക്കെതിരെ വിരൽ ചൂണ്ടൽ ദിവ്യകർമ്മം. പൊതുജനത്തിന്റെ കഴുത്തിൽ നിത്യവും കയറിട്ട് കുരുക്കുന്നവർ മാപ്പൊട്ടും അർഹിക്കുന്നില്ല. അവർ ഒരു ദിനം നേരത്തെ സ്വന്തം കഴുത്തിൽ കയറ് മുറുക്കണം. പൊതുജനതാത്പര്യാർത്ഥം ഇതൊരു പുണ്യമാകും. മരണം ഒന്നിനും മറയല്ല. മരണം ആരെയും വിശുദ്ധരാക്കുന്നില്ല’, എന്നിങ്ങനെയാണ് ഫൈസൽ ബാബു പങ്കുവച്ച കുറിപ്പ്.
കഴിഞ്ഞ ദിവസം നവീൻ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിനിടെ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ, നവീൻ അഴിമതി നടത്തിയതായുള്ള പരാമർശങ്ങൾ നടത്തിയിരുന്നു. ചെങ്ങളായിയിൽ പെട്രോൾ പമ്പ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് നവീൻ ബാബുവിനെതിരെ അഴിമതി ആരോപണമാണ് ദിവ്യ വേദിയിൽ ഉയർത്തിയത്. ഉദ്യോഗസ്ഥർ സത്യസന്ധരായിരിക്കണമെന്നും നവീൻ ബാബു കണ്ണൂരിൽ പ്രവർത്തിച്ചതുപോലെ മറ്റിടങ്ങളിൽ പ്രവർത്തിക്കരുതെന്നും പി പി ദിവ്യ വേദിയിൽ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ഇന്ന് പുലർച്ചെയോടെ നവീൻ ബാബുവിനെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
സംഭവത്തിൽ കോൺഗ്രസും ബിജെപിയും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. കണ്ണൂർ പള്ളിക്കുന്നിൽ ഇരു പാർട്ടികളും ദേശീയപാത ഉപരോധിച്ചു. പി പി ദിവ്യ രാജിവെച്ച് മാപ്പ് പറയണമെന്നാണ് പ്രതിഷേധക്കാർ ആവശ്യപ്പെടുന്നത്. ദിവ്യക്കെതിരെ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തണമെന്നും ബിജെപി , കോൺഗ്രസ് പ്രവർത്തകർ ആവശ്യപ്പെട്ടു.