കര്‍ഷകര്‍ ദുരിതത്തിലാണ്, പച്ച തേങ്ങ സംഭരണ കേന്ദ്രം കൂടൂതല്‍ അനുവദിക്കുക: ജോസ് കെ.മാണി എംപിക്ക് നിവേദനവുമായി കായണ്ണയിലെ യൂത്ത് ഫ്രണ്ട്(എം) പ്രവര്‍ത്തകര്‍
പേരാമ്പ്ര: തേങ്ങയുടെ വിലയിടിവ് കാരണം ദുരിതത്തിലായ കര്‍ഷകര്‍ക്ക് പിന്തുണയുമായി കായണ്ണയിലെ യൂത്ത് ഫ്രണ്ട് എം പ്രവര്‍ത്തകര്‍. പച്ച തേങ്ങ സംഭരണ കേന്ദ്രം കൂടുതല്‍ അനുവദിക്കണമെന്നും പച്ച തേങ്ങ 50 രൂപയ്ക്ക് സംഭരിക്കണമെന്നും പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച നിവേദനം ജോസ് കെ.മാണി എം.പിയ്ക്ക് കേരള യൂത്ത് ഫ്രണ്ട് (എം) ജില്ലാ ജനറല്‍ സെക്രട്ടറി ഇ.ടി സനീഷ് സമര്‍പ്പിച്ചു.
ഒരു കിലോ പച്ചതേങ്ങയുടെ വില 22 രൂപയാണെന്നും തെങ്ങ് കയറ്റ തൊഴിലാളികള്‍ക്ക് ഒരു തെങ്ങിന് 40 രൂപ കൊടുക്കണമെന്നും പച്ച തേങ്ങ സംഭരണ കേന്ദ്രം കൂടുതല്‍ അനുവദിക്കണമെന്നും നിവേദനത്തില്‍ പറയുന്നു.
എല്ലാ പഞ്ചായത്തിലും സഹകരണ ബാങ്കുകളുണ്ട്. സഹകരണ ബാങ്കിനെ ഒരു ഏജന്‍സി ആക്കി മാറ്റിയാല്‍ എല്ലാ പഞ്ചായത്തിലും സംഭരണ കേന്ദ്രം നിര്‍മ്മിക്കാന്‍ പറ്റും.
സംഭരണ കേന്ദ്രങ്ങള്‍ കാര്യക്ഷമമാക്കണം. ഒരു മാസം മുമ്പ് തന്നെ സംഭരണ കേന്ദ്രത്തില്‍ ബുക്ക് ചെയ്യേണ്ട അവസ്ഥയാണ്. 32 രൂപയ്ക്കാണ് തേങ്ങ സംഭരിക്കുന്നത്. നീണ്ട കാലയളവ് സംഭരണത്തിന് വരുന്നതിനാല്‍ തേങ്ങ നശിക്കാന്‍ കാരണമാകുന്നുണ്ട്. മാത്രമല്ല, ഒരു മാസം കഴിഞ്ഞിട്ടാണ് കര്‍ഷകര്‍ക്ക് അക്കൗണ്ടിലേക്ക് പണം എത്തുന്നത്. ഇത് പലര്‍ക്കും പ്രയോജനമാകുന്നില്ലെന്നും നിവേദനത്തില്‍ പറയുന്നു.