ജയിൽ മോചിതനായ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ബവിത്ത് മലോലിന് വടകരയില്‍ സ്വീകരണം നല്‍കി
വടകര: തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലേക്ക് യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ചില്‍ പോലീസ് മര്‍ദനം ഏറ്റുവാങ്ങി ജയിലില്‍ കഴിഞ്ഞ് മോചനം നേടിയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ബവിത്ത് മലോലിന് വടകരയില്‍ സ്വീകരണം നല്‍കി.
യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സ്വീകരണത്തില്‍ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി.പി ദുൽഖിഫിൽ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സതീശൻ കുരിയാടി, ആർ.ഷഹിൻ, സൂഫിയാൻ ചെറുവാടി, വി.ടി നിഹാൽ, പ്രത്യുഷ് ഒതയോത്ത്, കാവിൽ രാധാകൃഷ്ണൻ, സി.നിജിൻ, ബബിൻ ലാൽ സി.ടി.കെ, മുഹമ്മദ് മിറാഷ്, ദിൽരാജ് പനോളി, ബിതുൽ ബാലൻ, അഭിനന്ദ് ജെ മാധവ് എന്നിവർ നേതൃത്വം നൽകി.
പി.വി അൻവർ എം.എൽ.എയുടെ വെളിപ്പെടുത്തലിന് പിന്നാലെ മുഖ്യമന്ത്രിക്കെതിരെ അന്വേഷണം വേണമെന്നും മുഖ്യമന്ത്രി രാജിവെക്കണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ വ്യാഴാഴ്ച സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ച് സംഘർഷത്തിലാണ് കലാശിച്ചത്. ബാരിക്കേഡുകൾ മറികടക്കാൻ ശ്രമിച്ചതോടെ പ്രവർത്തകർക്ക് നേരെ പോലീസ് ലാത്തി വീശുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തിരുന്നു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് രാഹുല്‍ മാങ്കൂട്ടത്തില്‍, വൈസ് പ്രസിഡണ്ട് അബിന്‍ വര്‍ക്കി തുടങ്ങി നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ഇവര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.
Description: Youth Congress State Secretary Bavith Malol, who was released from jail, was welcomed in Vadakara