കാഫിര്‍ സ്‌ക്രീന്‍ഷോട്ട് പ്രചരിപ്പിച്ചു; സിപിഎം പയ്യോളി ഏരിയ സെക്രട്ടറി എം.പി ഷിബുവിനെതിരെ പരാതിയുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ്
പയ്യോളി: വിവാദമായ കാഫിര്‍ സ്‌ക്രീന്‍ഷോട്ട് പ്രചരിപ്പിച്ച സി.പി.എം പയ്യോളി ഏരിയ സെക്രട്ടറി എം.പി. ഷിബുവിനെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ പരാതി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും ജില്ല പഞ്ചായത്ത് തുറയൂര്‍ ഡിവിഷന്‍ മെമ്പറുമായ വി.പി.ദുല്‍ഖിഫിലാണ് പയ്യോളി സി.ഐക്ക് പരാതി നല്‍കിയത്.
ഷിബുവിന്റെ ഫേസ്ബുക്ക് പേജില്‍ കഴിഞ്ഞ ഏപ്രില്‍ 25ന് വ്യാജമായി നിര്‍മിച്ച സ്‌ക്രീന്‍ഷോട്ട് പ്രചരിപ്പിച്ചുവെന്നാണ് പരാതി. വടകരയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിന്റെ ഫോട്ടോയും സ്‌ക്രീന്‍ഷോട്ടിനൊപ്പമുണ്ടായിരുന്നു.
ജനമനസ്സില്‍ മതസ്പര്‍ധയും സംഘര്‍ഷവും ഉണ്ടാവണമെന്ന ഉദ്ദേശ്യത്തോടെയാണ് ഇത്തരമൊരു സ്‌ക്രീന്‍ഷോട്ട് പ്രചരിപ്പിച്ചതെന്നും മുന്‍ എം.എല്‍.എ കെ.കെ. ലതികയുമായി ഗൂഢാലോചന നടത്തിയെന്നും പരാതിയില്‍ ആരോപിക്കുന്നു. സംഭവത്തില്‍ ഹൈകോടതി മുമ്പാകെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടും ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിക്കാത്തതിനാല്‍ കുറ്റക്കാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.
പരാതിയില്‍ പൊലീസ് കേസെടുക്കാതിരുന്നതോടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തുവന്നു. പ്രവര്‍ത്തകര്‍ പയ്യോളി പൊലീസ് സ്റ്റേഷനില്‍ കുത്തിയിരിപ്പ് സമരം നടത്തി. തിങ്കളാഴ്ച രാത്രി പത്തോടെയാണ് കുത്തിയിരിപ്പ് നടത്തിയത്. സി.ഐ. കെ.പി.സജീവുമായി നടത്തിയ ചര്‍ച്ചയില്‍ സംഭവം അന്വേഷിച്ച് നടപടിയെടുക്കുമെന്ന് ഉറപ്പ് നല്‍കിയതോടെയാണ് സമരത്തില്‍ നിന്ന് പിന്‍മാറിയത്.
സമരത്തിന് കോണ്‍ഗ്രസ് ജില്ല സെക്രട്ടറി സന്തോഷ് തിക്കോടി, പയ്യോളി ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് കെ.ടി. വിനോദ്, മഠത്തില്‍ അബ്ദുറഹ്‌മാന്‍, തന്‍ഹീര്‍ കൊല്ലം, ഇ.കെ. ശീതള്‍രാജ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.