‘വടകര ലിങ്ക് റോഡിൽ ബസ് തട്ടി കാൽനടയാത്രക്കാരി മരിച്ചത് അശാസ്ത്രീയമായ ഗതാഗത പരിഷ്‌ക്കരണം കാരണം’; ലിങ്ക് റോഡിലെ ബസ് പാർക്കിംങ് മാറ്റണമെന്നാവശ്യവുമായി യൂത്ത് കോൺഗ്രസ് രംഗത്ത്
വടകര: ലിങ്ക് റോഡിലെ ബസ് പാർക്കിംങ് മാറ്റണമെന്നാവശ്യവുമായി യൂത്ത് കോൺഗ്രസ് രംഗത്ത്. ലിങ്ക് റോഡിൽ ബസുകൾ പാർക്ക് ചെയ്ത് ആളുകളെ കയറ്റുന്നതിന് പകരം ഇത് പഴയ ബസ് സ്റ്റാന്റിലേക്ക് മാറ്റണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ഇവിടെ ബസ് തട്ടി കാൽനടയാത്രക്കാരി മരിക്കാൻ കാരണം നഗരസഭയുടെയും പോലീസിന്റെയും അശാസ്ത്രീയമായ ഗതാഗത പരിഷ്‌കാരമാണെന്നും നേതാക്കൾ ആരോപിച്ചു.
നിർമാണ ഘട്ടത്തിൽ തന്നെ റോഡിന്റെ അശാസ്ത്രീയതയെ പറ്റി ധാരാളം പരാതികൾ ഉയർന്നിരുന്നു. എന്നാൽ അതൊന്നും പരിഗണിക്കാതെയും പ്രശ്‌നങ്ങൾ പരിഹരിക്കാതെയും റോഡ് തുറന്നുകൊടുത്ത നഗരസഭയാണ് ഇതരസംസ്ഥാനത്തൊഴിലാളിയായ സ്ത്രീയുടെ മരണത്തിന് ഉത്തരവാദി എന്നും യൂത്ത് കോൺഗ്രസ് കുറ്റപ്പെടുത്തി. ഗതാഗതക്കുരുക്ക് നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ ലിങ്ക് റോഡ് വഴി ഗതാഗത പരിഷ്‌കരണം നടപ്പിലാക്കിയതോടെ നഗരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷമായി എന്ന് മാത്രമല്ല ലിങ്ക് റോഡിൽ അപകടവും വർധിച്ചു.

ലിങ്ക് റോഡിന്റെ അശാസ്ത്രീയത പരിഹരിച്ചതിനുശേഷം മാത്രമേ ഗതാഗതത്തിന് അനുവാദം നൽകാൻ പാടുള്ളൂ. ലിങ്ക് റോഡ് വഴിയുള്ള അശാസ്ത്രീയമായ ഗതാഗത പരിഷ്‌കരണം പിൻവലിക്കണമെന്നും ഇല്ലെങ്കിൽ ശക്തമായ സമരവുമായി മുന്നോട്ടു പോകുമെന്നും യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് സി.നിജിൻ പറഞ്ഞു.