പാലേരിയില്‍ യുവാവിനെ വീട്ടില്‍ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവം; പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി യൂത്ത് കോണ്‍ഗ്രസ്
പേരാമ്പ്ര: പാലേരി കുളക്കണ്ടം സ്വദേശിയായ യുവാവിന് വെട്ടേറ്റ സംഭവത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി യൂത്ത് കോണ്‍ഗ്രസ്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനും ചങ്ങരോത്ത് മണ്ഡലം സെക്രട്ടറിയുമായ പഴുപ്പട്ട മീത്തല്‍ താമസിക്കും എടത്തുംകുന്നുമ്മല്‍ വിജേഷി(34)നാണ് വെട്ടേറ്റത്. ഇന്നലെ രാത്രി 11.30യാണ് സംഭവം.
അര്‍ദ്ധരാത്രി സമയത്ത് വീട്ടില്‍ കയറി യുവാവിനെ മാരകമായി വെട്ടിപ്പരിക്കല്‍പ്പിച്ച പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. പേരാമ്പ്ര കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഗുണ്ടാ – ക്രിമിനല്‍ സംഘത്തെ നിയന്ത്രിക്കാന്‍ പോലീസും ആഭ്യന്തര വകുപ്പും തയ്യാറാകണമെന്നും യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് എസ്. സുനന്ദ്, ചങ്ങരോത്ത് മണ്ഡലം പ്രസിഡണ്ട് അരുണ്‍ പെരുമന എന്നിവര്‍ ആവശ്യപ്പെട്ടു.
ഇരുചക്ര വാഹനങ്ങളിലെത്തിയ സംഘമാണ് യുവാവിനെ ആക്രമിച്ചതെന്നാണ് വിവരം. വീട്ടിലെത്തിയ അക്രമികള്‍ കോളിംഗ് ബെല്‍ അടിച്ചതിനെ തുടര്‍ന്ന് വാതില്‍ തുറന്ന വിജേഷിനെ സംഘം വെട്ടി പരുക്കേല്‍പ്പിക്കുകയായിരുന്നു. ആക്രമണത്തില്‍ വിജേഷിന്റെ വയറിനാണ് വെട്ടേറ്റത്. പളനി തീര്‍ത്ഥയാത്രക്ക് പോയ അച്ഛനും അമ്മയും തിരികെയെത്തി എന്നു കരുതിയാണ് വാതില്‍ തുറന്നത്. ഇവര്‍ ഇന്നലെ രാത്രി എത്തുമെന്നാണ് അറിയിച്ചിരുന്നത്.
സംഭവം നടക്കുമ്പോള്‍ വിജേഷും സഹോദര ഭാര്യയും ബന്ധുവായ യുവാവുമാണ് വീട്ടിലുണ്ടായിരുന്നത്. ശബ്ദം കേട്ട് സഹോദര ഭാര്യ എത്തുമ്പോഴക്കും അക്രമികള്‍ കടന്ന് കളഞ്ഞിരുന്നു.
കഴിഞ്ഞ ദിവസം പ്രദേശത്ത് നടന്ന ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ട് വാക്കുതര്‍ക്കവും കയ്യാങ്കളിയും ഉണ്ടായിരുന്നു. പേരാമ്പ്ര പോലീസ് സ്ഥലത്തെത്തി. ഫോറന്‍സിക് വിഭാഗവും ഡോഗ് സ്‌ക്വാഡും ഇന്ന് സ്ഥലത്തെത്തി പരിശോധന നടത്തും. ആക്രമണത്തില്‍ സാരമായി പരിക്കേറ്റ വിജേഷ് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.