മയക്കുമരുന്നിനായുള്ള പോലീസ് പരിശോധനയിൽ കിട്ടിയത് കുഴൽപ്പണം; എടച്ചേരിയിൽ രേഖകളില്ലാതെ കടത്തുകയായിരുന്ന പതിനൊന്നര ലക്ഷം രൂപയുമായി യുവാവ് അറസ്റ്റിൽ
എടച്ചേരി: രേഖകളില്ലാതെ ബൈക്കില്‍ കൊണ്ട് പോകുകയായിരുന്ന പതിനൊന്നര ലക്ഷം രൂപയുമായി ബൈക്ക് യാത്രികൻ പോലീസ് പിടിയില്‍. കല്ലാച്ചി വരിക്കോളി സ്വദേശി തൈയ്യുള്ളതില്‍ വീട്ടില്‍ അബ്ദുള്‍ അസീസ് (36) ആണ് പിടിയിലായത്. അസീസ് സഞ്ചരിച്ച ബൈക്കില്‍ നിന്ന് 11,54,200 രൂപ പോലീസ് കണ്ടെത്തി.
ശനിയാഴ്ച ഉച്ചയ്ക്ക് തലായി – മുതുവടത്തൂർ റോഡില്‍ മയക്ക് മരുന്ന് പരിശോധനയുടെ ഭാഗമായി എടച്ചേരി ഇൻസ്പെക്ടർ ടി.കെ. ഷിജുവിൻ്റെ നേതൃത്വത്തിൽ വാഹന പരിശോധനക്കിടെ അബ്ദുള്‍ അസീസ് സഞ്ചരിച്ച ബൈക്ക് കൈ കാണിച്ച് നിർത്തി പരിശോധിച്ചപ്പോള്‍ സീറ്റിനടിയില്‍ 500 രൂപയുടെ വിവിധ കെട്ടുകളാക്കി സൂക്ഷിച്ചുവച്ച നിലയിലായിരുന്നു പണം. നാദാപുരം, പുറമേരി, തലായി, മുതുവടത്തൂർ മേഖലകളില്‍ വിതരണം ചെയ്യാനായി വടകര കോട്ടപ്പള്ളി സ്വദേശിയാണ് പണം ഏല്‍പ്പിച്ചതെന്ന് ഇയാള്‍ പോലീസില്‍ മൊഴി നല്‍കി.
Summary: Police search for drugs found in cash; Youth arrested with Rs. 11.5 lakh smuggled without documents in Edachery