ദുബായില്‍ നിന്ന് ‘സ്വര്‍ണ പാന്റും ഷര്‍ട്ടും’ ധരിച്ചെത്തി; കടത്താന്‍ ശ്രമിച്ചത് ഒരു കോടിയുടെ സ്വര്‍ണം, വടകര സ്വദേശി അറസ്റ്റില്‍


കോഴിക്കോട്: ദുബായില്‍ നിന്നും സ്വര്‍ണ്ണ പാന്റും ഷര്‍ട്ടും ധരിച്ചെത്തിയ വടകര സ്വദേശിയെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ പോലീസ് പിടികൂടി. മുഹമ്മദ് സഫുവാന്‍ (37) ആണ് അറസ്റ്റിലായത്. ഒരു കോടിയോളം രൂപ വിലവരുന്ന 1.75 കിലോഗ്രാം സ്വര്‍ണം സഫുവാന്റെ വസ്ത്രത്തില്‍ തേച്ച് പിടിപ്പിച്ച നിലയിലായിരുന്നു.

ചൊവ്വാഴ്ച രാവിലെ എട്ടരയോടെ ദുബായില്‍ നിന്ന് ഇന്‍ഡിഗോ വിമാനത്തിലാണ് മുഹമ്മദ് സഫുവാന്‍ കരിപ്പൂരെത്തിയത്. മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്.സുജിത് ദാസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ സഫുവാനെ പോലീസ് കസ്റ്റഡിയിലെടുത്തത്.

സഫുവാന്‍ ധരിച്ചിരുന്ന പാന്റ്‌സിലും ബനിയനിലും ഉള്‍ഭാഗത്തായി സ്വര്‍ണ്ണ മിശ്രിതം തേച്ചുപിടിപ്പിച്ച നിലയിലായിരുന്നു. സ്വര്‍ണ്ണ മിശ്രിതം അടങ്ങിയ വസ്ത്രത്തിന്റെ ഭാഗങ്ങള്‍ മുറിച്ചുമാറ്റിയ ശേഷമുള്ള ഭാരം 2.205 കിലോ ഗ്രാമാണ്. വസ്ത്രത്തില്‍ നിന്ന് ചുരുങ്ങിയത് 1.75 കിലോ സ്വര്‍ണം വേര്‍തിരിച്ചെടുക്കാന്‍ കഴിയുമെന്ന് പോലീസ് പറയുന്നു.