ആഭരണം വാങ്ങാനെന്ന വ്യാജേന കോഴിക്കോട്ടെ ജ്വല്ലറിയിലെത്തി; മൊബൈല്‍ ഫോണിനടിയില്‍ സ്വര്‍ണാഭരണം ഒളിപ്പിച്ച് കടന്നുകളഞ്ഞ യുവാവ് അറസ്റ്റില്‍


ഫറോക്ക്: ആഭരണം വാങ്ങാനെന്നപേരില്‍ എത്തി ജ്വല്ലറിയില്‍ നിന്നും സ്വര്‍ണം മോഷ്ടിച്ച യുവാവ് അറസ്റ്റില്‍. ചുങ്കത്തെ മുഹബത്ത് ജ്വല്ലറിയില്‍നിന്ന് സ്വര്‍ണം മോഷ്ടിച്ച മലപ്പുറം ചേളാരി കോന്തേടത്ത് സല്‍മാന്‍ ഫാരിസ് (23) ആണ് അറസ്റ്റിലായത്. സെപ്റ്റംബര്‍ 30ന് വൈകീട്ട് 6.45നാണ് യുവാവ് കടയില്‍ എത്തിയത്.

ആഭരണം വാങ്ങാനെന്ന പേരില്‍ കടയിലെത്തിയ യുവാവ് ആഭരണങ്ങള്‍ ഓരോന്നായി പരിശോധിക്കുകയും സെയില്‍സ്മാന്റെ കണ്ണുവെട്ടിച്ച് ആഭരണം മോഷ്ടിച്ച് കടന്നുകളയുമായിരുന്നു. 1.07 പവന്‍ തൂക്കമുള്ള ആഭരണമാണ് ഇയാള്‍ മോഷ്ടിച്ചത്. മാസ്‌ക് ധരിച്ച് എത്തിയ യുവാവ് കുറെയേറെ സ്വര്‍ണാഭരണം മോഡല്‍ നോക്കി ഫോട്ടോ എടുത്തെങ്കിലും വാങ്ങാതെ പോയി.

ഇയാള്‍ സെയില്‍സ്മാന്റെ കണ്ണ് വെട്ടിച്ച് മൊബൈല്‍ ഫോണിന്റെ അടിയിലേക്ക് ആഭരണം ഒളിപ്പിക്കുന്നത് ക്യാമറയില്‍ പറഞ്ഞിരുന്നു. രാത്രി ജ്വല്ലറിയിലെ കണക്കുകള്‍ ഒത്തുനോക്കിയതില്‍ ആഭരണത്തില്‍ കുറവ് വന്നതിനെ തുടര്‍ന്ന് ജ്വല്ലറി ജീവനക്കാര്‍ സി.സി.ടി.വി പരിശോധിച്ചപ്പോഴാണ് മാസ്‌ക് ധരിച്ചെത്തിയ യുവാവ് മോഷണം നടത്തുന്ന ദൃശ്യം കണ്ടത്. ഈ ദൃശ്യങ്ങള്‍ വൈറലായിരുന്നു.

ഉടമ നല്‍കിയ പരാതിയില്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞു. എസ്.ഐ വി.ആര്‍. അരുണിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.