‘പ്രായം, ജാതി, രാഷ്ട്രീയം.. ഇതൊന്നും നോക്കാതെ വീട്ടില്‍ കേറി അടിക്കും’ കല്യാണം മുടക്കുന്നവരുടെ ശല്യം സഹിക്കാനാകാതെ ഫ്‌ളക്‌സ് ബോര്‍ഡ് വച്ച് കോഴിക്കോട്ടെ യുവാക്കള്‍; വിവാഹം മുടക്കികളെ കുറിച്ച് അന്വേഷിക്കാനൊരുങ്ങി ഇന്റലിജന്‍സ് വിഭാഗം


കോഴിക്കോട്: നാട്ടിലെ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും കല്യാണം മുടക്കുന്നവര്‍ക്കെതിരെ മുന്നറിയിപ്പുമായി കോഴിക്കോട്ടെ യുവാക്കള്‍. കോഴിക്കോട് ഗോവിന്ദപുരത്തെ അവിവാഹിതരായ യുവതീയുവാക്കളാണ് കല്യാണം മുടക്കികള്‍ കാരണം ജീവിതം ലഭിക്കാതെ കഷ്ടപ്പെടുന്നത്.

കല്യാണം മുടക്കികളുടെ ശല്യം കാരണം പൊറുതിമുട്ടിയതോടെയാണ് ഇവര്‍ക്കെതിരെ യുവാക്കള്‍ ഫ്‌ളക്‌സ് ബോര്‍ഡ് ഉയര്‍ത്തിയത്. കഴിഞ്ഞയാഴ്ചയാണ് ഗോവിന്ദപുരത്ത് ഫ്‌ളസ് ബോര്‍ഡ് ഉയര്‍ന്നത്. ‘ഗോവിന്ദപുരം ചുണക്കുട്ടികള്‍ ‘ എന്ന പേരിലാണ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടത്.

‘ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും കല്യാണം മുടക്കുന്നവര്‍ ശ്രദ്ധിക്കുക, ആളെ തിരിച്ചറിഞ്ഞാല്‍ പ്രായം, ജാതി, രാഷ്ട്രീയം, ഗ്രൂപ്പ് എന്നിവ നോക്കാതെ വീട്ടില്‍ കയറി അടിയ്ക്കുന്നതാണ്. അത് ഏത് സുഹൃത്തിന്റെ അച്ഛനായാലും… തല്ലുമെന്ന കാര്യത്തില്‍ സംശയം വേണ്ടാ. നിങ്ങള്‍ക്കും വളര്‍ന്നു വരുന്ന മക്കളും കൊച്ചുമക്കളും ഉണ്ടെന്ന് ഓര്‍ക്കുക.’ -എന്നാണ് ബോര്‍ഡില്‍ എഴുതിയിരിക്കുന്നത്.

വിവാഹപ്രായമെത്തിയ പെണ്‍കുട്ടികളെയും യുവാക്കളെയും പറ്റി ചിലര്‍ നാട്ടില്‍ അപവാദ പ്രചാരണം നടത്തുന്നത് സ്ഥിരമാണെന്നും ഇത് സഹിക്കാനാവാതെയാണ് യുവാക്കള്‍ ബോര്‍ഡ് വെച്ചതെന്നുമാണ് നാട്ടുകാര്‍ പറയുന്നത്. വിവാഹാലോചനകളുടെ ഭാഗമായി അന്വേഷണത്തിന് എത്തുന്നവരോട് ചിലര്‍ അപവാദ പ്രചാരണം നടത്തുകയാണ്. ഇത് കാരണം നിരവധിപേരുടെ കല്യാണം മുടങ്ങിയെന്നും നാട്ടുകാര്‍ പറയുന്നു.

ബോര്‍ഡ് പ്രദേശത്ത് പ്രത്യക്ഷപ്പെട്ടതോടെ ക്രമസമാധാന പ്രശ്‌നത്തിന് വഴിയൊരുങ്ങുമെന്ന് കണ്ട് വിവാഹം മുടക്കികളെക്കുറിച്ച് പൊലീസ് ഇന്റലിജന്‍സ് വിഭാഗം അന്വേഷണം തുടങ്ങിയിരിക്കുകയാണ്. മുമ്പും പല സ്ഥലങ്ങളിലും ഇത്തരം ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടത് കൗതുകമായിരുന്നു.