‘സ്‌ക്കൂള്‍ വിടുന്നതിന് മുമ്പ് തന്നെ പിടിച്ചുകെട്ടാനായിരുന്നു പ്ലാന്‍, മുള്ളില്‍ തട്ടി കൈയ്യും കാലും മുറിഞ്ഞു, എന്നാലും അവസാനം പിടിച്ചുകെട്ടി’; ഇരിങ്ങത്ത് പാക്കനാര്‍ പുരത്ത് വിരണ്ടോടിയ പോത്തിനെ പിടിച്ചുകെട്ടി യുവാക്കള്‍, കൈയ്യടി
തുറയൂര്‍: മൂന്ന് ദിവസമായില്ലേ, സ്‌ക്കൂള്‍ വിടുന്നതിന് മുമ്പ് തന്നെ പിടിച്ചുകെട്ടാനായിരുന്നു പ്ലാന്‍, ഇത്തിരി കഷ്ടപ്പെട്ടു, എന്നാലും അവസാനം അവനെ പിടിച്ചുകെട്ടിയപ്പോള്‍ സന്തോഷം…..ഇരിങ്ങത്ത് പാക്കനാര്‍പുരത്ത് ആളുകളെ വിറപ്പിച്ച പോത്തിനെ പിടിച്ചുകെട്ടിയ പ്രേംജിത്തിന്റെ വാക്കുകളാണിത്.
കിഴക്കയില്‍ ഇസ്മയില്‍ എന്നയാളാണ് മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പ് 130 കിലോയോളം തൂക്കം വരുന്ന പേട്ട പോത്തിനെ അറുക്കാനായി പാലച്ചുവടില്‍ എത്തിച്ചത്. എന്നാല്‍ വണ്ടിയില്‍ നിന്നും ഇറക്കിയതോടെ പോത്ത് വിരണ്ട് രണ്ട് കിലോമീറ്റര്‍ അകലെയുള്ള പാക്കനാര്‍പുരത്ത് എത്തി. പിന്നാലെയുള്ള മൂന്ന് ദിവസം ഇവിടുത്തെ പ്രദേശവാസികള്‍ ഭീതിയിലായിരുന്നു. ആളുകളെ കാണുമ്പോള്‍ പോത്ത് ഓടി കുത്താന്‍ വരുമായിരുന്നു.
ഇതിനിടെ പോത്തിനെ പിടിച്ചുകെട്ടാന്‍ നാട്ടുകാരും ഇസ്മയിലും ചേര്‍ന്ന് പഠിച്ച പണി പതിനെട്ടും നോക്കി. എന്നാല്‍ പിടി കൊടുക്കാതെ പോത്ത് പാക്കനാര്‍പുരത്ത് ഓടി നടന്നു. ഒടുവിലാണ് ഇസ്മയില്‍ ഇരിങ്ങത്ത് കുട്ടന്‍കൈക്കുനി പ്രേംജിത്തിനെയും സി.ടി സുമേഷിനെയും വിളിക്കുന്നത്. വിവരം കിട്ടിയ ഉടന്‍ തന്നെ രണ്ട് പേരും സ്ഥലത്തെത്തി. സ്‌ക്കൂള്‍ വിടുന്നതിന് മുമ്പ് പോത്തിനെ എങ്ങനെയെങ്കിലും പിടിച്ചുകെട്ടണം എന്നായിരുന്നു ഇരുവരുടെയും പ്ലാന്‍. എന്നാല്‍ ആളുകള്‍ കൂടിയതോടെ പോത്ത് വീണ്ടും വിരണ്ടോടി. ഒടുവില്‍ ഇന്നലെ വൈകുന്നേരം മൂന്ന് മണിയോടെ പാക്കനാര്‍ പുരത്തുള്ള കുറ്റിക്കാട്ടില്‍ വച്ച് പോത്തിനെ പിടികൂടുകയായിരുന്നു.
പോത്തിനെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ കുറ്റിക്കാട്ടിലെ മുള്ളിലും മറ്റും തട്ടി ഇരുവരുടെയും കൈയ്ക്കും കാലിനും ചെറിയ രീതിയില്‍ മുറിവേറ്റിട്ടുണ്ട്. എന്നാലും നാട്ടുകാരുടെ ഉറക്കം കെടുത്തിയ പോത്തിനെ പിടികൂടാനായതിന്റെ സന്തോഷത്തിലാണ് രണ്ട് പേരും. പ്രവാസിയായ പ്രേംജിത്ത് മൂന്ന് കൊല്ലം മുമ്പ് പോത്ത് ഫാം നടത്തിയിരുന്നു. അക്കാലത്തുള്ള പരിചയം വെച്ചായിരുന്നു പോത്തിനെ പിടികൂടാന്‍ ഇറങ്ങിത്തിരിച്ചത്.
Description: Youngsters capture a stray buffalo at Pakkanar Puram in Iringath