‘ബെെക്ക് വാങ്ങാനായി 50,000 രൂപ മകളോട് ആവശ്യപ്പെട്ടിരുന്നു, പകുതി തുക കുടുംബശ്രീയിൽ നിന്ന് എടുത്തു നൽകി’ കോഴിക്കോട് പുല്ലൂരാംപാറയിൽ യുവതി ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്തത് സ്ത്രീധന പീഡനത്തെ തുടർന്നെന്ന് മാതാപിതാക്കൾ


കോഴിക്കോട്: യുവതിയെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ സമഗ്രമായ അന്വേഷണമാവശ്യപ്പെട്ട് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി. പുല്ലൂരാംപാറ കൊളക്കാട്ട്പാറ കളക്കണ്ടത്തിൽ ശിഹാബുദ്ദീന്റെ ഭാര്യ ഹഫ്‌സത്ത് (20) ആണ് മരിച്ചത്. സ്തീധനത്തെച്ചൊല്ലി ഭർത്തൃവീട്ടുകാർ മാനസികവും ശാരീരികവുമായി പീഡിപ്പിക്കാറുണ്ടായിരുന്നുവെന്ന് ഹഫ്‌സത്തിന്റെ മാതാപിതാക്കൾ പറയുന്നു. ഇതാണ് മകളെ ആത്മഹത്യയിലേക്ക് നയിച്ചതെന്നും അവർ ആരോപിച്ചു.

കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം. വൈകീട്ട് കിടപ്പുമുറിയിൽ യുവതിയെ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികത്സയിലിരിക്കെ മരിക്കുകയായിരുന്നു.

പുല്ലൂരാംപാറയിലെ ഓട്ടോഡ്രൈവറാണ് ശിഹാബുദ്ദീൻ. 2020 നവംബർ അഞ്ചിനാണ് ഇവരുടെ വിവാഹം. ബൈക്ക് വാങ്ങാനായി 50,000 രൂപ ഭാര്യയോട് ചോദിച്ചിരുന്നതായും മുഴുവൻതുക കൊടുക്കാനാകാത്തതിനാൽ കുടുംബശ്രീയിൽനിന്നും 25,000 രൂപ വായ്പയെടുത്തു നൽകിയിരുന്നതായും പിതാവ് അബ്ദുൽസലാം പറയുന്നു.

കോടഞ്ചേരി മുറമ്പാത്തി കിഴക്കെത്തിൽ അബ്ദുൽസലാം-സുലൈഖ ദമ്പതിമാരുടെ മകളാണ്. ഒരു വയസ്സുള്ള മകളുണ്ട്. അസ്വാഭാവിക മരണത്തിന് കേസെടുത്തതായി തിരുവമ്പാടി പൊലീസ് സ്റ്റേഷൻ ഓഫീസർ കെ. സുമിത് കുമാർ പറഞ്ഞു.