കൊല്ലം കണ്ണനല്ലൂരിൽ യുവാവിനെ വീട്ടിൽ കയറി കുത്തിക്കൊന്നു; തടയാൻ ശ്രമിച്ച പതിനേഴുകാരനും പരിക്കേറ്റു


കൊല്ലം: കണ്ണനല്ലൂരിൽ യുവാവിനെ വീട്ടിൽ കയറി കുത്തിക്കൊന്നു. ചേരിക്കോണം സ്വദേശി സന്തോഷ് (42) ആണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ സന്തോഷിന്റെ ബന്ധുവായ പതിനേഴുകാരനും പരിക്കേറ്റു. ബന്ധുവായ ശരത്തിനാണ് പരിക്കേറ്റത്. അയൽവാസി ചേരിക്കോണം സ്വദേശി പ്രകാശാണ് സന്തോഷിനെ കുത്തിക്കൊന്നത്. സംഭവത്തിൽ പ്രതി പ്രകാശിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

വൈകിട്ട് മൂന്നുമണിയോടെ സന്തോഷിന്റെ വീട്ടിലെത്തിയ അയൽവാസിയായ പ്രകാശ് കുത്തിവീഴ്ത്തുകയായിരുന്നു. സംഭവം കണ്ടുനിന്ന ബന്ധുവായ പതിനേഴുകാരൻ തടയാൻ ശ്രമിക്കുന്നതിനിടെ ഇയാൾക്കും കുത്തേറ്റു. കൈയ്ക്ക് ഗുരുതരമായി പരിക്കേറ്റ പതിനേഴുകാരൻ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.

കുത്തേറ്റ സന്തോഷ് ഇറങ്ങിയോടി അയൽവാസിയുടെ വീട്ടിലെത്തി കുഴഞ്ഞുവീഴുകയായിരുന്നു. തുടർന്ന് നാട്ടുകാരും അയൽവാസികളും ചേർന്ന് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. സംഭവത്തെത്തുടർന്ന് നാട്ടുകാർ ചേർന്ന് പ്രതിയെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. അക്രമകാരണം വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി.

Summary: Youngman Killed by neighbour in Kollam