കഴുത്തു ഞെരിച്ച് ശ്വാസം മുട്ടിച്ചു, ബസ്സിൽ നിന്ന് തള്ളിയിട്ടു; കോഴിക്കോട് യാത്രക്കാരന് ക്രൂരമർദനമേറ്റതായി പരാതി
കോഴിക്കോട്: ബസ്സിൽ യാത്രക്കാരന് കൂടെ യാത്ര ചെയ്ത വ്യക്തിയിൽ നിന്ന് ക്രൂര മർദനമേറ്റതായി പരാതി. മാങ്കാവ് സ്വദേശി നിഷാദിനാണ് മർദനമേറ്റത്. നിഷാദിൻ്റെ കഴുത്തു ഞെരിച്ച് ശ്വാസം മുട്ടിക്കുകയും ബസ്സിൽ നിന്ന് തള്ളിയിടുകയും ചെയ്തതായി പരാതിയിൽ പറയുന്നു. ഞായറാഴ്ച രാത്രി 9.14ന് പെരുമണ്ണയിൽനിന്നു സിറ്റി സ്റ്റാൻഡിലേക്ക് സർവീസ് നടത്തുന്ന ‘സഹിർ’ സ്വകാര്യ ബസിൽ ആണ് സംഭവം.
പന്തീരാങ്കാവിനു സമീപം കൈമ്പാലത്തുനിന്നു ബസിൽ കയറി പിൻസീറ്റിൽ യാത്ര ചെയ്ത നിഷാദിനെ സമീപം ഇരുന്ന മറ്റൊരു ബസിലെ ഡ്രൈവർ പ്രകോപനമില്ലാതെ കഴുത്തിൽ പിടികൂടുകയായിരുന്നു. കൈ തട്ടിമാറ്റാൻ ശ്രമിച്ചെങ്കിലും ബലം പ്രയോഗിച്ചു നിഷാദിനെ ശ്വാസം മുട്ടിച്ചു. രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും കഴുത്തു ഞെരിച്ചു ബസിൽ നിലത്തിട്ടു.

തുടർന്നു തലയിലും മുഖത്തും മർദിച്ചു.ഒടുവിൽ ബസ് കിണാശ്ശേരിയിൽ നിർത്തിയപ്പോൾ അക്രമി നിഷാദിന്റെ മൊബൈൽ ഫോണും പോക്കറ്റിൽ ഉണ്ടായിരുന്ന 4,500 രൂപയും തട്ടിയെടുത്തു ബസിൽ നിന്നു പുറത്തേക്ക് തള്ളിയിട്ടു.
ബസിലെ സിസിടിവിയിൽ പതിഞ്ഞ ആക്രമണത്തിന്റെ ദൃശ്യം പുറത്തായതോടെ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. കസബ ഇൻസ്പെക്ടർ കിരണിന്റെ നേതൃത്വത്തിൽ പ്രതിയെ കസ്റ്റഡിയിൽ എടുത്തതായാണു സൂചന. പ്രതിക്കെതിരെ നേരത്തെയും പരാതികൾ ഉയർന്നിരുന്നു.