നിങ്ങൾ ക്യാമറ നിരീക്ഷണത്തിലാണ്; സംസ്ഥാനത്ത് മാലിന്യം വലിച്ചെറിയൽ വിരുദ്ധവാരം ഇന്ന് മുതൽ
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് മുതൽ ഏഴുവരെ വലിച്ചെറിയൽ വിരുദ്ധവാരം ആചരിക്കും. മാലിന്യകൂമ്പാരം ഇല്ലാതാക്കുന്നതിന്റെ ഭാഗമായാണ് പരിപാടിയെന്ന് മന്ത്രി എംബി രാജേഷ് . ശാസ്ത്രീയ മാലിന്യസംസ്‌കരണം വലിയ തോതിൽ പുരോഗമിക്കുമ്പോഴും വലിച്ചെറിയൽ ശീലം ഉപേക്ഷിക്കാൻ ജനം ഇപ്പോഴും തയ്യാറായിട്ടില്ലെന്നും ഇതിനായി വിപുലമായ ബോധവത്കരണ പരിപാടികൾക്കാണ് സർക്കാർ രൂപം നൽകിയിരിക്കുന്നതെന്നും മന്ത്രി അറിയിച്ചു.
സുസ്ഥിരമായ ശുചിത്വ പരിപാലനമാണ് ലക്ഷ്യം വെക്കുന്നത്. ക്യാമറാ നിരീക്ഷണം ശക്തമാക്കും. മാലിന്യം നിക്ഷേപിക്കാൻ ബിന്നുകൾ വ്യാപകമായി സ്ഥാപിക്കും. ബിന്നുകളിലെ മാലിന്യം കൃത്യമായി ശേഖരിച്ച് സംസ്‌കരിക്കുന്നുവെന്ന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ ഉറപ്പുവരുത്തും. മാർച്ച് 30ന് മാലിന്യ മുക്തമായ നവകേരളമെന്ന ലക്ഷ്യം കൈവരിക്കാൻ ഈ ക്യാമ്പയിൻ നിർണായക പങ്ക് വഹിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.