ശക്തമായ മഴയില്‍ പേരാമ്പ്രയിലെ വിവിധ മേഖലകളില്‍ നാശനഷ്ടം; മലവെള്ളപ്പാച്ചിലില്‍ ചെമ്പനോടയില്‍ റോഡ് തകര്‍ന്നു, നിരവധി വീടുകളിലും വെള്ളംകയറി


പെരുവണ്ണാമൂഴി: മലവെള്ളപ്പാച്ചിലില്‍ റോഡ് തകര്‍ന്നു. അപ്രതീക്ഷിതമായി തോട്ടിലൂടെയുണ്ടായ മലവെള്ളപ്പാച്ചിലില്‍ ചെമ്പനോടയില്‍ റോഡ് തകര്‍ന്നു. ചെമ്പനോട-പൂഴിത്തോട് പാതയില്‍ വൈദ്യര്‍മുക്കില്‍ പുതുക്കിപ്പണിത കലുങ്കിനോടുചേര്‍ന്ന ഭാഗമാണ് കുത്തൊഴുക്കില്‍ തകര്‍ന്നത്.

ടാറിങ് ഒലിച്ചുപോയി. രണ്ടുമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. കലുങ്കിന്റെ ഇരുഭാഗത്തും റോഡ് ഒലിച്ചുപോയതിനാല്‍ പിന്നീട് ക്വാറി മാലിന്യമിട്ട് ഗതാഗതയോഗ്യമാക്കി. വ്യാഴാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം. സ്‌കൂള്‍വിട്ട് നടന്നുവരുന്ന കുട്ടികളെ നാട്ടുകാര്‍ ഇടപെട്ടാണ് കടത്തിവിട്ടത്.

കുന്നിന്‍മുകളില്‍നിന്ന് ചുവപ്പുങ്കല്‍ തോട്ടിലൂടെ കടന്തറപ്പുഴയിലേക്കാണ് ഇതുവഴി വെള്ളം ഒഴുകിപ്പോകുന്നത്. സമീപത്തെ കുന്നത്ത് ജോയിച്ചന്റെ പറമ്പിലൂടെ തോട്ടില്‍നിന്ന് വെള്ളംകയറി റോഡിനോടുചേര്‍ന്നുള്ള ഭാഗത്തെ മതിലും ഇടിഞ്ഞുവീണിട്ടുണ്ട്. ശക്തമായ മഴ പെയ്തപ്പോള്‍ കഴിഞ്ഞവര്‍ഷവും വെള്ളപ്പാച്ചിലുണ്ടായിരുന്നതായി നാട്ടുകാര്‍ പറഞ്ഞു.

കടിയങ്ങാട് പൂഴിത്തോട് റോഡ് പുനര്‍നിര്‍മാണത്തിന്റെ ഭാഗമായി ഇവിടെ കലുങ്ക് നിര്‍മിച്ചിട്ട് ഏറെനാളായില്ല. ഇതിലെ കടന്നുപോകുന്നതിലും അധികംവെള്ളം ഒഴുകിവന്നതാണ് റോഡ് തകരാന്‍ കാരണം. സമീപ പ്രദേശത്തുള്ള ചെമ്പനോട ഇല്ലിക്കല്‍ കോളനിയിലെ ബിനു, രാധ, വിഷ്ണു എന്നിവരുടെ വീടുകളിലും വെള്ളംകയറി.

ഇന്നലെ പെയ്ത ശക്തമായ മഴയില്‍ കുറ്റ്യാടി പശുക്കടവ് സെന്റര്‍മുക്ക് ഭാഗത്തെ നിരവധി വീടുകളിലും വെള്ളം കയറി. മലയില്‍ വത്സല,എക്കല്‍ പുതിയ വീട്ടില്‍ നാണു, സെന്റര്‍മുക്കിലെ റഫീക്കലി തുടങ്ങിയവരുടെ വീടുകളാണ് വെള്ളത്തിലായത്. വണ്ണാത്തി ചിറയിലെ മൊയ്തുവിന്റെ നാനൂറിലധികം തേങ്ങകള്‍ ഒഴുകിപ്പോയി. അപകട ഭീഷണിയിലായ വീടുകള്‍ നാട്ടുകാര്‍ ശ്രമദാനം നടത്തി വാസയോഗ്യമാക്കി.

summary: yesterday’s heavy rain caused damage in various places