മഞ്ഞപ്പിത്തം: സ്‌ക്കൂള്‍ പരിസരങ്ങളില്‍ നിന്നും ഉപ്പിലിട്ടവ അടക്കം ഗുണനിലവാരം കുറഞ്ഞ ഭക്ഷ്യവസ്തുക്കള്‍ നശിപ്പിച്ചു, നാദാപുരം മേഖലയില്‍ പരിശോധന ശക്തമാക്കി ആരോഗ്യവകുപ്പ്


നാദാപുരം: സമീപത്തെ പഞ്ചായത്തുകളില്‍ മഞ്ഞപ്പിത്തം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നാദാപുരം മേഖലയില്‍ ആരോഗ്യവകുപ്പ് പരിശോധന ശക്തമാക്കി. കല്ലാച്ചി, ചേലക്കാട്, പയന്തോങ്ങ്, നരിക്കാട്ടേരി, പേരോട് തുടങ്ങിയ മേഖലകളിലെ കടകളിലാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പരിശോധന നടത്തിയത്. കുറ്റ്യാടി സിഎച്ച്‌സിയ്ക്ക് കീഴിലുള്ള പഞ്ചായത്തുകളില്‍ ഡിഎംഒയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നായിരുന്നു പരിശോധന. ആരോഗ്യവകുപ്പ് വിവിധ സ്‌ക്വാഡുകളായി തിരിഞ്ഞാണ് നാദാപുരത്തെ സ്‌ക്കൂളുകളുടെ പരിസരങ്ങളില്‍ പരിശോധന നടത്തിയത്.

സ്‌ക്കൂള്‍ പരിസരങ്ങളിലെ കൂള്‍ബാറുകള്‍, ഹോട്ടലുകള്‍, പഴക്കടകള്‍ എന്നിവിടങ്ങളിലായിരുന്നു പ്രധാന പരിശോധന. സ്‌ക്കൂള്‍ പരിസരത്തെ ചെറിയ കടകളില്‍ വില്‍പ്പനയ്ക്ക് വച്ചിരുന്ന അച്ചാറുകള്‍, ഉപ്പിലിട്ട പഴവര്‍ഗങ്ങള്‍, തീയതി ഇല്ലാത്ത ഭക്ഷ്യ വസ്തുക്കള്‍, ഗുണനിലവാരം കുറഞ്ഞ ഭക്ഷ്യവസ്തുക്കള്‍ എന്നിവ ഉദ്യോഗസ്ഥര്‍ പിടികൂടി നശിപ്പിച്ചു. ഹോട്ടലുകളിലും കൂള്‍ബാറുകളിലും ഉപയോഗിക്കുന്ന വെള്ളം പരിശോധിച്ച് ശുചിത്വം ഉറപ്പ് വരുത്തി.

സ്‌ക്കൂളുകളിലെ കിണറുകളിലും പരിശോധന നടത്തി. ഹെല്‍ത്ത് കാര്‍ഡില്ലാതെ ജീവനക്കാര്‍ പണിയെടുക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടി എടുത്തു. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും പരിശോധനയുടെ ഒന്നാം ഘട്ടമായതിനാല്‍ താക്കീത് നല്‍കുകയാണ് ചെയ്തതെന്നും വരും ദിവസങ്ങളില്‍ നടപടികള്‍ കര്‍ശനമാക്കുമെന്നും നാദാപുരം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുരേന്ദ്രന്‍ വടകര ഡോട് ന്യൂസിനോട് പറഞ്ഞു.

Description:Yellow fever: Health department has stepped up campaign in Nadapuram area