മഴ വീണ്ടും ശക്തമാകുന്നു; കോഴിക്കോട് അടക്കം ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ശക്തമായ കാറ്റിന് സാധ്യതയെന്നും കാലാവസ്ഥാ മുന്നറിയിപ്പ്


തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. കോഴിക്കോട് ഉള്‍പ്പെടെ ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

അടുത്ത മൂന്ന് മണിക്കൂറില്‍ തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും, 40 കിലോമീറ്ററില്‍ താഴെ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മറ്റ് ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നാളെ മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. ബുധനാഴ്ച വരെ സംസ്ഥാനത്ത് മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.

കേരള തീരം മുതല്‍ വടക്കന്‍ കര്‍ണാടക തീരം വരെ പുതിയ ന്യൂനമര്‍ദപാത്തിയും രൂപപ്പെട്ടിട്ടുണ്ട്. ഇതിന്റെ ഫലമായി കേരളത്തില്‍ അടുത്ത ഒരാഴ്ച വ്യാപകമായി നേരിയ, ഇടത്തരം മഴക്ക് സാധ്യതയുണ്ടെന്നും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ നാല് സെപ്റ്റംബര്‍ 10 വരെ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി തീവ്രന്യൂനമര്‍ദം സ്ഥിതി ചെയ്യുന്നുണ്ട്. വടക്കു ദിശയില്‍ ഒഡിഷ – പശ്ചിമ ബംഗാള്‍ തീരത്തേക്ക് സഞ്ചരിക്കുന്ന തീവ്രന്യൂനമര്‍ദം അടുത്ത അതിതീവ്രന്യൂനമര്‍ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ടെന്നാണ് കാലവസ്താ വകുപ്പിന്റെ പ്രവചനം.

Description: Yellow alert in seven districts including Kozhikode, weather warning of strong winds