കരുതിയിരിക്കണേ… ഇന്ന് കോഴിക്കോട് ജില്ലയില്‍ യെല്ലോ അലര്‍ട്ടാണ്; അതിശക്തമായ മഴയ്ക്ക് സാധ്യത


കോഴിക്കോട്: സംസ്ഥാനത്ത് വേനല്‍മഴ ശക്തമാകുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് കോഴിക്കോട് ജില്ലയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോടിന് പുറമെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, വയനാട് എന്നീ ജില്ലകളിലും ഇന്ന് യെല്ലോ അലര്‍ട്ടുണ്ട്.

നാല് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, എറണാകുളം, പത്തനംതിട്ട, തൃശൂര്‍ എന്നീ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. ഇത്തവണത്തെ വേനല്‍ക്കാലത്ത് ഇതാദ്യമായാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കുന്നത്.

ഏപ്രില്‍ 29 മുതല്‍ മെയ് മൂന്ന് വരെ സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കുമെന്ന് നേരത്തേ തന്നെ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. തെക്കുകിഴക്കന്‍ അറബിക്കടലിലും ലക്ഷദ്വീപ് മേഖലയിലുമായി രൂപം കൊണ്ട ചക്രവാതച്ചുഴിയുടെ സ്വാധീനം ആണ് ശക്തമായ മഴയ്ക്ക് കാരണം. ഛത്തീസ്ഗഢ് മേഖല വരെ ന്യൂനമര്‍ദപ്പാത്തിയും രൂപപ്പെട്ടു. കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ 40-55 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റിനും സാധ്യതയുണ്ട്.

യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകള്‍

ഏപ്രില്‍ 30 – കോഴിക്കോട്, വയനാട്, തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം

മേയ് ഒന്ന് – പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍

മേയ് രണ്ട് – പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍

മേയ് മൂന്ന് – പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍