പേരാമ്പ്രയിലെ ഹോട്ടലിൽ നിന്നും വാങ്ങിയ ബിരിയാണിയിൽ പുഴു; ആരോഗ്യ വിഭാഗം ഹോട്ടൽ അടപ്പിച്ചു
പേരാമ്പ്ര : ബിരിയാണിയിൽ പുഴുവിനെ കണ്ടെത്തിയതിനെ തുടർന്ന് ആരോഗ്യ വകുപ്പ് അധികൃതർ ഹോട്ടൽ അടപ്പിച്ചു. പേരാമ്പ്ര ബൈപാസ് റോഡിലെ ഹോട്ടൽ തറവാട് വനിത മെസ് ആണ് താത്കാലികമായി അടപ്പിച്ചത്. ഹോട്ടലിലെത്തിയ പന്നികോട്ടൂർ സ്വദേശികൾ ആയ രണ്ട് യുവതികൾ വാങ്ങിയ ബിരിയാണിയിലാണ് പുഴുക്കളെ കണ്ടത്.
യുവതികൾ പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം വിവരം ആശുപത്രി അധികൃതരെ അറിയിക്കുകയും ചെയ്തു. തുടർന്ന് ആരോഗ്യ വകുപ്പ് അധികൃതർ ഹോട്ടലിലെത്തി പരിശോധന നടത്തുകയും ഹോട്ടൽ തത്ക്കാലത്തേക്ക് അടയ്ക്കാൻ നിർദ്ദേശം നൽകുകയായിരുന്നു. ഈ ഹോട്ടലിൽ നിന്നുമാണ് പേരാമ്പ്ര സി കെജി ഗവ. കോളജ് കാൻ്റീനിലേക്ക് ഭക്ഷണം എത്തിക്കുന്നത്.
