‘നിശ്ചിത സമയത്ത് 3-3, ഷൂട്ടൗട്ടിൽ 4-2ന് അർജന്റീന ജയിക്കും’; നടുവണ്ണൂരിലെ ആറാം ക്ലാസുകാരി ഐഫയുടെ കിറുകൃത്യം, പ്രവചനത്തിൽ അമ്പരന്ന് ഫുട്ബോൾ പ്രേമികൾ



നടുവണ്ണൂർ: ലോകകപ്പ് മത്സരത്തിൽ ആരാകും കപ്പടിക്കുകയെന്ന ആകാംക്ഷയിലായിരുന്നു ലോകമെമ്പാടുമുള്ള ആരാധകർ. നിശ്ചിത സമയത്തും അധികസമയത്തും സമനിലയിലായതോടെ കളി ഷൂട്ടൗട്ടിലേക്ക് നീങ്ങി. മത്സരത്തെ കുറിച്ച് പല പ്രവചന മത്സരങ്ങളും ഇതിന്റെ ഭാ​ഗമായി നടക്കുകയും ചെയ്തിരുന്നു. എന്നാൽ യഥാർത്ഥ പോരാട്ടത്തെ വരച്ചിട്ട രീതിയിലായിരുന്നു നടുവണ്ണൂർ സ്വദേശിനിയായ ആയിഷ ഐഫയുടെ പ്രവചനം. 4-2 ന് അർജന്റീന വിജയിക്കുമെന്നായിരുന്നു ഐഫയുടെ പ്രവചനം. ഫൈനൽ വിജയിയുടെ പേരും അടിക്കുന്ന ഗോൾ എണ്ണവും കൃത്യമായി പ്രവചിച്ചാണ് ആറാംക്ലാസുകാരി താരമായത്.

ലോകകപ്പിന്റെ ഭാ​ഗമായി നടുവണ്ണൂർ ഹൈസ്‌കൂളിൽ പ്രവചന മത്സരം സംഘടിപ്പിച്ചിരുന്നു. വിദ്യാർത്ഥികളെല്ലാം വിജയ സാധ്യതകൾ പ്രവചിച്ചു. ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി സ്‌കോർ നില മാറി മറിഞ്ഞപ്പോൾ ആരും കൃത്യമായി പ്രവചിക്കില്ലെന്ന് സംഘാടകരും കരുതി. ഷൂട്ടൗട്ടിലെ സ്‌കോറായ 4-2 ഉത്തരമായി പരിഗണിക്കാമെന്നായിരുന്നും സംഘാടകർ തീരുമാനിച്ചു. എന്നാൽ എല്ലാ കണക്കൂകൂട്ടലുകളും അപ്രസക്തമാക്കിയായിരുന്നു ആയിഷയുടെ പ്രവചനം.

നിശ്ചിത സമയത്ത് മൂന്ന് ഗോൾ വീതവും ടൈബ്രേക്കറിൽ 2 -4 എന്ന ക്രമത്തിലും ആണ് ഐഫ ഗോൾ വിവരം പ്രവചിച്ചത്. ഷൂട്ടൗട്ടിൽ ഫ്രാൻസിനെ നാലെ രണ്ടിന് തോൽപ്പിച്ചാണ് അർജന്റീന് കപ്പുയർത്തിയത്.

നടുവണ്ണൂർ ഗവ ഹയർ സെക്കണ്ടറി സ്കൂളിലെ യുപി വിഭാഗത്തിൽ പ്രവർത്തിക്കുന്ന ബീ സ്മാർട്ട് നേതൃത്വത്തിലാണ് പ്രവചന മത്സരം നടത്തിയത്. മുഴുവൻ കുട്ടികളെയും അധ്യാപകരെയും സ്റ്റാഫ് അംഗങ്ങളെയും ഉൾപ്പെടുത്തിയായിരുന്നു മത്സരം. ആറാം ക്ലാസ് വിദ്യാർത്ഥിയാണ് ഐഫ.

Summary: world-cup-final-correct-prediction by naduvannur native ayisha aifa