കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനില്‍ തൊഴിലാളികള്‍ക്ക് ഷോക്കേറ്റ സംഭവം; പണി നടക്കുമ്പോള്‍ മെയിന്‍ ലൈന്‍ ഓഫ് ചെയ്തിരുന്നില്ല, ഗുരുതര ആരോപണം


കൊയിലാണ്ടി: റെയില്‍വേ സ്റ്റേഷനില്‍ രണ്ട് കരാര്‍ തൊഴിലാളികള്‍ക്ക് ഷോക്കേറ്റ സംഭവത്തില്‍ ഗുരുതര വീഴ്ച. രാജേഷ് (49), കൃപേഷ് (35) എന്നിവര്‍ക്കാണ് ഷോക്കേറ്റത്. യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെയാണ് പണി നടക്കുന്നതെന്നാണ് സംഭവം നടക്കുമ്പോള്‍ റെയില്‍വേ സ്റ്റഷനില്‍ ഉണ്ടായിരുന്നവര്‍ പറയുന്നത്. റെയില്‍വേയുടെ മെയിന്‍ ലൈനിനോട് ചേര്‍ന്ന് പണി നടക്കുമ്പോള്‍ ലൈന്‍ ഓഫ് ചെയ്തിരുന്നില്ല.

ലിഫ്റ്റ് നില്‍ക്കുന്ന സ്ഥലത്ത് നിന്നും ജോലി ചെയ്യുമ്പോള്‍ തൊഴിലാളികളുടെ കൈയ്യില്‍ നിന്നും ജി.ഐ പൈപ്പ് ഇലക്ട്രിക് പോസ്റ്റിലേയ്ക്ക് തട്ടിയാണ് ഷോക്കേറ്റത്. പണി നടക്കുന്ന സ്ഥലത്തിനോട് ചേര്‍ന്നാണ് റെയില്‍വേയുടെ മെയിന്‍ ലൈന്‍ കടന്നുപോകുന്നത്. ഇലക്ട്രിക് ലൈനില്‍നിന്നും മെയിന്‍ ലൈനിലേയ്ക്ക് സ്‌റ്റേ ചെയ്തിരിക്കുന്ന കമ്പിയില്‍ തട്ടിയാണ് ഷോക്കേറ്റത്.

ഇത്തരത്തിലുള്ള പ്രവൃത്തി നടക്കുമ്പോള്‍ ലൈന്‍ ഓഫ് ചെയ്താണ് പണിയെടുക്കേണ്ടതെന്നാണ് നാട്ടുകാര്‍ പറയുന്നത്. എന്നാല്‍ പ്രവൃത്തി നടക്കുമ്പോള്‍ സമീപത്ത് ഉദ്യോഗസ്ഥര്‍ ഉണ്ടായിരുന്നില്ലെന്നും ആരോപണം ഉയരുന്നുണ്ട്. ഇന്ന് ഉച്ചയ്ക്ക് 12.15 മണിയോടെയാണ് അപകടം ഉണ്ടായത്. ഒരാള്‍ ഷോക്കേറ്റ് തെറിച്ചുവീഴുകയും മറ്റേയാള്‍ പൈപ്പില്‍ തന്നെ പറ്റിപ്പിടിച്ചുപോയതിനാല്‍ ശരീരം കത്തിയിരുന്നു.

ഇവരുടെ നിലവിളി കേട്ട് ഓടിയെത്തിയ റെയില്‍വേ അധികൃതര്‍ കൊയിലാണ്ടി പോലീസിനെ വിവരമറിയിക്കുകയും ഫയര്‍ഫോഴ്‌സ് സംഭവ സ്ഥലത്തെത്തി പരിക്കേറ്റവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റി.

Summary; Workers shocked at Koyilandy railway station; Main line not turned off during work