”റോഡ് മോശമായതിനാല്‍ ഓട്ടം പോകില്ലെന്ന് പറഞ്ഞതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു”; പയ്യോളിയില്‍ ഓട്ടോ ഡ്രൈവര്‍ക്കെതിരെ കള്ളക്കേസെടുത്തെന്നാരോപിച്ച് തൊഴിലാളികളുടെ പ്രതിഷേധം


പയ്യോളി: ഓട്ടോ ഡ്രൈവറെ കള്ളക്കേസില്‍ കുടുക്കിയെന്നാരോപിച്ച് പയ്യോളി ടൗണില്‍ ഓട്ടോ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തൊഴിലാളികള്‍ പ്രതിഷേധ പ്രകടനവും ഹര്‍ത്താലും നടത്തി. റോഡ് മോശമായതിന്റെ പേരില്‍ ഐ.പി.സി റോഡിലേക്ക് ഓട്ടം പോകാതിരുന്ന ഡ്രൈവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തെന്നാണ് ആരോപണം.

ഓട്ടോ സ്റ്റാന്റില്‍ നിര്‍ത്തിയിട്ട ഓട്ടോറിക്ഷയില്‍ കയറിയ ആളെ നാട്ടുകാരുടെ മുന്നില്‍വെച്ച് ബലം പ്രയോഗിച്ച് കൈപിടിച്ച് ഇറക്കിയെന്നും ഇത് മാനഹാനിയുണ്ടാക്കിയെന്നുമുള്ള പരാതിയിലാണ് ഓട്ടോ ഡ്രൈവര്‍ക്കെതിരെ കേസെടുത്തതെന്നാണ് പൊലീസ് വിശദീകരണം. എന്നാല്‍ ഓട്ടോയില്‍ കയറിയ ആളോട് റോഡ് മോശമായത് കാരണം ആ വഴിക്ക് പോകാനാവില്ലെന്ന് പറഞ്ഞ് ഇറങ്ങാന്‍ ആവശ്യപ്പെടുക മാത്രമാണ് ചെയ്തതെന്നാണ് ഡ്രൈവര്‍ പറയുന്നത്.

പയ്യോളി നഗരസഭയുടെ പല ഭാഗങ്ങളിലും റോഡ് മോശമാണെന്ന് പറഞ്ഞ് ഓട്ടോ ഡ്രൈവര്‍മാര്‍ ഓട്ടം പോകാന്‍ തയ്യാറാവാത്തത് പരാതികള്‍ക്കിടയാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ ദിവസങ്ങള്‍ക്ക് മുമ്പ് ആര്‍.ടി.ഒയുടെ സാന്നിധ്യത്തില്‍ നടന്ന ഓട്ടോ തൊഴിലാളികളുടെ യോഗത്തില്‍ ഇത്തരത്തില്‍ ഓട്ടം പോകാന്‍ തയ്യാറാവാത്ത ഡ്രൈവര്‍മാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ എല്ലായൂണികളും പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു.

ഓട്ടോ തൊഴിലാളികളുടെ പ്രതിഷേധ പ്രകടനത്തിന് യു.കെ.പി.റഷീദ്, ടി.സി.സനീഷ്, സായി രാജേന്ദ്രന്‍, പ്രദീപ് തോലേരി, ടി.ടി.സോമന്‍, സി.വി.രാജീവന്‍, ടി.കെ.ലത്തീഫ് എന്നിവര്‍ നേതൃത്വം നല്‍കി.

Description: Workers protest against auto driver in Payyoli alleging false case