”മറ്റുവാര്‍ഡുകള്‍ക്കെല്ലാം പണിയുണ്ട്, ഞങ്ങള്‍ക്ക് എന്തുകൊണ്ട് പണി അനുവദിക്കുന്നില്ല?” അരിക്കുളം പഞ്ചായത്തില്‍ തൊഴിലുറപ്പ് അനുവദിക്കുന്നതില്‍ വിവേചനമെന്ന് തൊഴിലാളികള്‍; ആഗസ്റ്റ് മാസം ആറാം വാര്‍ഡിനെ പാടേ തഴഞ്ഞെന്നും ആക്ഷേപം
അരിക്കുളം: പഞ്ചായത്തില്‍ തൊഴിലുറപ്പ് അനുവദിക്കുന്നതില്‍ വിവേചനം എന്ന ആരോപണവുമായി അരിക്കുളം പഞ്ചായത്തിലെ ആറാം വാര്‍ഡിലെ തൊഴിലുറപ്പ് തൊഴിലാളികള്‍. ജൂണ്‍ ജൂലൈ മാസത്തില്‍ പഞ്ചായത്തിലെ മറ്റ് പന്ത്രണ്ട് വാര്‍ഡുകളിലും തൊഴില്‍ദിനങ്ങള്‍ അനുവദിച്ചപ്പോള്‍ ആറാം വാര്‍ഡില്‍ വിരലിലെണ്ണാവുന്ന തൊഴില്‍ ദിനങ്ങള്‍ മാത്രമാണ് കിട്ടിയതെന്നും ആഗസ്റ്റില്‍ ആറാം വാര്‍ഡിനെ പാടെ അവഗണിച്ചുവെന്നുമാണ് തൊഴിലാളികളുടെ പരാതി.
ആഗസ്റ്റ് പത്തിന് ഉട്ടേരി എല്‍.പി സ്‌കൂളില്‍ നടന്ന തൊഴിലുറപ്പ് തൊഴിലാളികളുടെ യോഗത്തില്‍ ആറാം വാര്‍ഡിലെ തൊഴിലാളികള്‍ പ്രതിഷേധം രേഖപ്പെടുത്തി. തൊഴിലുറപ്പ് തൊഴിലാളികളോട് വരും മാസങ്ങളിലും ഇതേ നിലപാടാണ് സ്വീകരിക്കുന്നതെങ്കില്‍ തൊഴിലുറപ്പ് തൊഴിലാളി യൂണിയന്‍ ഐ.എന്‍.ടി.യു.സി അരിക്കുളം പഞ്ചായത്ത് ഓഫീസിനു മുന്‍പില്‍ ശക്തമായ സമരപരിപാടികള്‍ ആസൂത്രണം ചെയ്യും എന്ന് മുന്‍ മണ്ഡലം പ്രസിഡന്റ് റിയാസ് ഊട്ടേരി അറിയിച്ചു.
അതേസമയം, ഒരു പഞ്ചായത്തില്‍ ഒരേസമയം ഇരുപത് പ്രവൃത്തികളേ നടത്താനാവൂവെന്ന കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് വന്നതാണ് പ്രതിസന്ധിയ്ക്ക് ഇടയാക്കിയതെന്നും വിഷയത്തില്‍ പഞ്ചായത്തിന്റെ ഭാഗത്തുനിന്നും യാതൊരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്നുമാണ് വാര്‍ഡ് മെമ്പര്‍ പ്രകാശന്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോടു പറഞ്ഞത്. ആഗസ്റ്റ് ഒന്നിനാണ് കേന്ദ്രസര്‍ക്കാറിന്റെ ഈ ഉത്തരവ് പ്രാബല്യത്തില്‍ വന്നത്. അതിനുമുമ്പ് മറ്റുവാര്‍ഡുകളിലെ മസ്റ്ററോളുകള്‍ അടിച്ചുപോയിരുന്നു. ആറാം വാര്‍ഡിലേത് ആഗസ്റ്റ് ഒന്നിന് അടിക്കാനിരിക്കെയാണ് കേന്ദ്രത്തിന്റെ ഈ ഉത്തരവ് വന്നതും മസ്റ്റ്‌റോള്‍ അടിക്കാന്‍ കഴിയാതെ വന്നതും. അടുത്തഘട്ടത്തില്‍ പ്രശ്‌നം പരിഹരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ജൂണ്‍ മാസത്തില്‍ ഡ്രെയ്‌നേജിന്റെ പ്രവൃത്തിയും ജൂലൈയില്‍ മഴക്കുഴി നിര്‍മ്മാണവും ആറാം വാര്‍ഡില്‍ തൊഴിലുറപ്പ് പദ്ധതിയ്ക്ക് കീഴില്‍ നടന്നിരുന്നു. മഴയും മറ്റും ആയതിനാലാണ് ഈ മാസങ്ങളില്‍ തൊഴില്‍ദിനങ്ങള്‍ കുറഞ്ഞത്. പൊതുവെ ആഗസ്റ്റ് മുതലാണ് കൂടുതല്‍ തൊഴില്‍ദിനങ്ങള്‍ അനുവദിക്കുന്നതെന്നും പ്രകാശന്‍ പറഞ്ഞു.
നേരത്തെ ജൂണ്‍ ജൂലൈ മാസത്തില്‍ തൊഴില്‍ദിനങ്ങള്‍ അനുവദിച്ചില്ലയെന്ന ആക്ഷേപവുമായി മൂന്നാംവാര്‍ഡിലെ തൊഴിലാളികളും രംഗത്തുവന്നിരുന്നു. എന്നാല്‍ ആഗസ്റ്റ് മാസത്തില്‍ മൂന്നാംവാര്‍ഡില്‍ തൊഴില്‍ അനുവദിച്ചതോടെ ഈ പ്രശ്‌നം പരിഹരിക്കപ്പെടുകയായിരുന്നു.