രക്ഷാപ്രവർത്തനം വാനോളം ഉയരത്തിൽ; ഓർക്കാട്ടേരി ചന്തയിലെ ആകാശത്തൊട്ടിലിന് മുകളിൽ കാൽ കുടുങ്ങിയ തൊഴിലാളിക്ക് രക്ഷകരായി വടകര ഫയർ ഫോഴ്സ്, രക്ഷാപ്രവർത്തനത്തിന്റെ വീഡിയോ കാണാം


ഓർക്കാട്ടേരി: ഓർക്കാട്ടേരി ചന്തയിൽ കാർണ്ണിവലിന്റെ ഭാഗമായി സ്ഥാപിച്ച ആകാശത്തൊട്ടിലിന് മുകളിൽ കാൽ കുരുങ്ങിയ തൊഴിലാളിക്ക് രക്ഷകരായി വടകര ഫയർ ഫോഴ്സ്. ഓർക്കാട്ടേരി ശിവ-ഭഗവതി ക്ഷേത്ര താലപ്പൊലി മഹോത്സവത്തിന്റെ ഭാഗമായി കാലങ്ങളായി നടന്നു വരുന്ന കന്നുകാലി ചന്തയുടെ ഭാഗമായി നടത്തുന്ന കാർണിവലിൽ സ്ഥാപിച്ചിരുന്ന ആകാശത്തൊട്ടിൽ അഴിച്ച് മാറ്റി മറ്റൊരിടത്ത് സ്ഥാപിക്കുന്നതിനിടെയാണ് സംഭവം.

മലപ്പുറം സ്വദേശിയായ ഷംസുവിന്റെ (29) കാലാണ് അബദ്ധത്തിൽ തൊട്ടിലിന്റെ വലിയ അഴികൾക്കിടയിൽ കുടുങ്ങിയത്. തൂങ്ങിക്കിടന്ന ഷംസുവിനെ രക്ഷിക്കാൻ ഒരു വഴിയും ഇല്ലാതായതോടെയാണ് നാട്ടുകാർ ഫയർ ഫോഴ്സിനെ വിവരം അറിയിച്ചത്.

വടകരയിൽ നിന്ന് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കെ.സതീശന്റെ നേതൃത്വത്തിൽ എത്തിയ അഗ്നിരക്ഷാസേനയാണ് ഷംസുവിനെ സുരക്ഷിതമായി താഴെ ഇറക്കിയത്. ജീവനക്കാർ ആകാശത്തൊട്ടിലിന്റെ മുകളിൽ കയറി റോപ്പ്, ഹൈഡ്രോളിക്ക് കട്ടർ, റെസിപ്രോ സോയുമെല്ലാം ഉപയോഗിച്ചാണ് രക്ഷാപ്രവർത്തനം നടത്തിയത്.

വടകര അഗ്നിരക്ഷാനിലയത്തിലെ ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ സുജാത്. കെ.എസ്, ഫയർ ആന്റ് റെസ്ക്യൂ ഓഫീസർമാരായ സുബാഷ്.പി.എം, സന്ദീപ് കെ.കെ, റിജീഷ് കുമാർ, സഹീർ പി.എം, വിവേക്. പി.ടി, അമൽ രാജ്, ഹോംഗാർഡ് രതീഷ് . ആർ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. സാഹസികമായ രക്ഷാപ്രവർത്തനത്തിന്റെ വീഡിയോ ദൃശ്യം വടകര ഡോട് ന്യൂസിന് ലഭിച്ചു.

വീഡിയോ കാണാം: