വീട്ടിൽ ഒരു ജൈവ പച്ചക്കറിതോട്ടം പദ്ധതിയുമായി ആയഞ്ചേരിയിലെ വനിതാ ലീഗ് പ്രവർത്തകർ


ആയഞ്ചേരി: വീട്ടിൽ ഒരു ജൈവ പച്ചക്കറി തോട്ടം പദ്ധതിയുമായി ആയഞ്ചേരി ടൗൺ വനിതാ ലീഗ് രംഗത്ത്. പദ്ധതിയുടെ പ്രഖ്യാപനവും പച്ചക്കറി വിത്തുകളുടെ വിതരണ ഉദ്ഘാടനവും ആയഞ്ചേരി പഞ്ചായത്ത് വനിതാ ലീഗ് ട്രഷറർ ബീവിസുമയ്യ ടീച്ചർ നിർവ്വഹിച്ചു. ജമീല കിഴക്കയിൽ അധ്യക്ഷത വഹിച്ചു.

കാർഷിക വൃത്തിയിലൂന്നിയ നമ്മുടെ സംസ്കാരം തിരികെ പിടിക്കണമെന്ന് ബീവി സുമയ്യ ടീച്ചർ പറഞ്ഞു. നമ്മുടെ നിത്യ ആഹാരത്തിൽ പച്ചക്കറികൾക്ക് വളരെ പ്രധാന സ്ഥാനമാണുള്ളത്. മുൻപ് നമ്മുടെ വീട്ടുവളപ്പിൽ വിവിധ തരം പച്ചക്കറികൾ നാം കൃഷി ചെയ്തിരുന്നു. നമ്മുടെ ആവശ്യങ്ങൾക്ക് നാം തന്നെ കൃഷി ചെയ്തുണ്ടാക്കുന്ന പച്ചക്കറികളെയാണ് ആശ്രയിച്ചിരുന്നത്. എന്നാൽ കാലക്രമേണ നമ്മുടെ സ്വാശ്രയ ശീലം ഇല്ലാതാവുകയും പൊതുവിപണിയിൽ നിന്ന് നമുക്ക് ആവശ്യമുള്ളവ വാങ്ങി ഉപയോഗിക്കാനും തുടങ്ങി. ഇന്ന് നമുക്ക് ലഭിക്കുന്ന പച്ചക്കറികൾ മാരകമായ രാസ കീടനാശിനി, രാസവളം എന്നിവയാൽ മലിന മാക്കപ്പെട്ടിരിക്കുന്നു.

ക്യാൻസർ, ജൻമ വൈകല്യ രോഗങ്ങൾ, ത്വക്ക് രോഗങ്ങൾ, നാഡീരോഗങ്ങൾ തുടങ്ങിയവയ്ക്ക് കാരണമാകുന്ന വിഷലിപ്തമായ പഴം – പച്ചക്കറികൾ ഉപയോഗിക്കുന്നതിൽ നിന്നും നാം മാറേണ്ടിയിരിക്കുന്നുവെന്ന് പദ്ധതിയുടെ ഭാഗമായി നടന്ന സംഗമം അഭിപ്രായപ്പെട്ടു. ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരമെന്നോണം പോഷക സമ്യദ്ധമായ ധാരാളം പച്ചക്കറികൾ വീട്ടുവളപ്പിൽ ഉൽപാദിപ്പിക്കുവാനും, ഉപയോഗിക്കുവാനും തീരുമാനിച്ചു.

ആയഞ്ചേരി ടൗൺ യൂണിറ്റിന് കീഴിലുള്ള വീടുകളിൽ അടുക്കള തോട്ടം ഉണ്ടാക്കുവാൻ കൂട്ടായ്മ തീർമാനിച്ചു. ആവശ്യമായ വിത്തുകൾ എത്തിച്ച് നൽകാനും വേണ്ട പ്രോത്സാഹനവും, പരിശീലനവും നൽകാനും ആയഞ്ചേരി ടൗൺ വനിതാ ലീഗ് കമ്മിറ്റി തീരുമാനമെടുത്തു സംഗമത്തിൽ ആയിശ മാടാശ്ശേരി, ഹസീന.യു എന്നിവർ സംസാരിച്ചു.

Summary: Women’s League workers of Ayanchery with an organic vegetable garden project at home