വനിതാ സംരംഭകർ, എഴുത്തുകാരികൾ, പാചക വിദഗ്ധർ തുടങ്ങി നിരവധി പേർ; നാദാപുരം ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച വനിതാ ഫെസ്റ്റ് ശ്രദ്ധേയം


നാദാപുരം: നാദാപുരം ഗ്രാമപഞ്ചായത്ത് ജാഗ്രതാ സമിതിയുടെ അഭിമുഖ്യത്തിൽ വനിതാഫെസ്സ് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്തിലെ വനിതകളായ സംരംഭകർ ,എഴുത്തുകാർ, കലാകാരികൾ ,പരമ്പരാഗത കൈത്തൊഴിലുകാർ പാചക വിദഗ്ധർ എന്നിവരാണ് വനിതാ ഫെസ്റ്റിന്റെ ഭാഗമായത്. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് അഖില മര്യാട്ട് അദ്ധ്യക്ഷത വഹിച്ചു.

നേരത്തെ രജിസ്റ്റർ ചെയ്തവരുടെ പ്രത്യേക സ്‌റ്റാളുകളും ഭക്ഷ്യമേളയും കല്ലാച്ചി കമ്മ്യൂണിറ്റി ഹാളിൽ ഒരുക്കി. 30 സ്റ്റാളുകളിലായി 1.05ലക്ഷം രൂപയുടെ വിരുവരവാണ് വിവിധ സ്റ്റാളുകളിലൂടെ ഉണ്ടായത്. ചെറുകിട സംരംഭകർക്ക് ഇത് വലിയ നേട്ടമായി.

സംരംഭകരുടെ ഉൽപന്നങ്ങൾക്ക് വിപണിയുറപ്പിക്കാനും സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമിലൂടെ ഉത്പന്നങ്ങൾ വിപണനം നടത്താനുമുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ ഫെസ്റ്റിൽ പങ്കെടുത്തവർക്ക് നൽകി. ഫെസ്റ്റിനോടനുബന്ധിച്ച് വിവിധ കലാപരിപാടികളും അരങ്ങേറി.

Description: Women's fest organized by Nadapuram Gram Panchayat