‘അച്ഛന് വേണ്ടി തുന്നിയ കുപ്പായമണിഞ്ഞാണ് ആദ്യമായി മാവേലിയുടെ വേഷം കെട്ടിയത്, ആണുങ്ങള്‍ ചെയ്യുന്നതൊക്കെ പെണ്ണുങ്ങള്‍ക്കും ചെയ്യാന്‍ കഴിയുമെന്നാണ് ഞാന്‍ കരുതുന്നത്’; ഓണാഘോഷത്തിന് മാവേലിയായി എത്തിയ പേരാമ്പ്ര സ്വദേശിനി സുനിത പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് മനസ് തുറക്കുന്നു
പേരാമ്പ്ര: ഓണാഘോഷ പരിപാടിയില്‍ മാവേലിയുടെ വേഷമണിഞ്ഞെത്തി ശ്രദ്ധേയയായ സുനിതയെക്കുറിച്ചാണ് ഇപ്പോള്‍ എല്ലാവരും സംസാരിക്കുന്നത്. പേരാമ്പ്ര സ്വദേശിനിയായ സുനിതയാണ് കഴിഞ്ഞ ദിവസം മാവേലിയായി കൊയിലാണ്ടിയിലെ ഇ.എം.എസ് ഹാളില്‍ നടന്ന കുടുംബശ്രീ ഹോം ഷോപ്പിന്റെ കോഴിക്കോട് ജില്ലാതല ഓണാഘോഷ പരിപാടിയിൽ എത്തിയത്. മാവേലിയായി എത്തിയതിലുള്ള സന്തോഷം പേരാമ്പ്ര ന്യൂസ് ഡോട് കോമുമായി പങ്കുവെക്കുകയാണ് സുനിത.
പേരാമ്പ്ര ഭരതശ്രീയില്‍ നിന്നുള്ള കലാപരിശീലനമാണ് തനിക്ക് മാവേലിയായി വേഷം കെട്ടാനുള്ള കരുത്ത് പകര്‍ന്നതെന്ന് സുനിത പറയുന്നു. ‘ഞാന്‍ ആദ്യമായി മാവേലിയുടെ വേഷം അണിഞ്ഞപ്പോള്‍ ധരിച്ചത് എന്റെ അച്ഛന് വേണ്ടി തുന്നിച്ച കുപ്പായമാണ്. അതെന്റെ വലിയ ആഗ്രഹമായിരുന്നു. അന്ന് എന്നെ മാവേലിയായി ഒരുക്കിയത് നടുവണ്ണൂര്‍ സ്‌കൂളിലെ ഡ്രോയിങ് മാഷായിരുന്ന തൃക്കുറ്റിശ്ശേരിയിലെ വിഷ്ണു നമ്പൂതിരിയാണ്. ഇന്നും മാവേലി വേഷം കെട്ടണമെങ്കില്‍ എനിക്കൊപ്പം നമ്പൂതിരി മാഷ് ഉണ്ടാവണം എന്ന് എനിക്ക് നിര്‍ബന്ധമാണ്. എന്റെ മനസറിഞ്ഞ പോലെ അദ്ദേഹം എന്നെ ഒരുക്കാനായി എത്താറുമുണ്ട്.’ -സുനിത പറഞ്ഞു.
‘ഹോം ഷോപ്പ് ജില്ലാ സെക്രട്ടറി പ്രസാദേട്ടനോടാണ് ഇക്കൊല്ലത്തെ പരിപാടിക്ക് മവേലിയായി എത്തണമെന്ന ആഗ്രഹം പറഞ്ഞത്. അദ്ദേഹം ഓ.കെ പറഞ്ഞു. പ്രസാദേട്ടന്‍, അദ്ദേഹത്തിന്റെ ഭാര്യ മഞ്ജുളേച്ചി പിന്നെ ഓഫീസിലെ അടുത്ത കുറച്ചു പേര്‍ എന്നിവര്‍ക്ക് മാത്രമേ ഇക്കാര്യം അറിയുമായിരുന്നുള്ളൂ. അവരെല്ലാവരും എന്നെ സപ്പോര്‍ട്ട് ചെയ്തു.’ -സുനിത പറഞ്ഞു.
പരിപാടിയ്ക്ക് എത്തിയപ്പോള്‍ മാത്രം താനാണ് മാവേലി എന്ന് അറിഞ്ഞവര്‍ അതിശയിച്ചു പോയി. സര്‍പ്രൈസ് ആയിരുന്നു എന്നാണ് അവര്‍ പറഞ്ഞത്. ആര്‍ക്കും തന്നെ തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. ഒരു സ്ത്രീയാണ് മാവേലിയായി എത്തിയതെന്ന് പോലും ആര്‍ക്കും മനസിലായില്ല എന്നും സുനിത പറഞ്ഞു.
ആണുങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്നതൊക്കെ പെണ്ണുങ്ങള്‍ക്കും ചെയ്യാന്‍ സാധിക്കുമെന്നാണ് സുനിത പറയുന്നത്. ഒരു കാര്യത്തിലും ആണ്‍-പെണ്‍ വേര്‍തിരിവുകള്‍ ആവശ്യമില്ലെന്നും സുനിത കൂട്ടിച്ചേര്‍ക്കുന്നു.
പേരാമ്പ്ര നല്ലാശ്ശേരിയാണ് സുനിതയുടെ സ്വന്തം നാട്. വിവാഹശേഷമാണ് നടുവണ്ണൂരിനടുത്ത് കോട്ടൂര്‍ പഞ്ചായത്തിലെ തിരുവോട് എത്തിയത്. പേരാമ്പ്രയിലെ ഭരതശ്രീയില്‍ നിന്നാണ് സുനിത നൃത്തവും നാടകവുമെല്ലാം അഭ്യസിച്ചത്. സുനിത മാത്രമല്ല, അച്ഛനും സഹോദരങ്ങളുമെല്ലാം ഇവിടെ നിന്ന് കലകള്‍ അഭ്യസിച്ചവരാണ്.
കലാരംഗത്ത് ശ്രദ്ധേയനായിരുന്ന പരേതനായ നല്ലാശ്ശേരി ബാലകൃഷ്ണനാണ് സുനിതയുടെ അച്ഛന്‍. അമ്മ പരേതയായ ചന്ദ്രമതി അമ്മ. മുന്‍ സൈനികനായ ഭര്‍ത്താവ് അനില്‍കുമാര്‍ കൊല്ലത്തെ സ്റ്റേറ്റ് ഫാം കോര്‍പ്പറേഷനില്‍ ജീവനക്കാരനാണ്. ശ്രീഹരിയും ഡിഗ്രി വിദ്യാര്‍ത്ഥിനിയായ ശ്രീലക്ഷ്മിയുമാണ് മക്കള്‍.
അന്വേഷി എന്ന സ്ത്രീപക്ഷ സംഘടനയുടെ എക്‌സിക്യുട്ടീവ് അംഗം കൂടിയാണ് സുനിത.
Summary: women maveli perambranative sunitha abot her maveli experience