വടകര അഴിത്തല കടവിൽ പാലം യാഥാർത്ഥ്യമാകുമോ?; പ്രദേശവാസികൾ കാത്തിരിപ്പിൽ


വടകര: അഴിത്തല കടവിൽ പാലം യാഥാർത്ഥ്യമാകുന്നതും കാത്തിരുന്ന് പ്രദേശവാസികൾ. കടവിലെ തോണി സർവ്വീസ് നിലച്ചിട്ട് വർഷം ഒന്ന് കഴിഞ്ഞു. അതിന് മുൻപ് വരെ വടകര നഗരസഭയിലെ അഴിത്തല വാര്‍ഡും തുരുത്തിയില്‍, കയ്യില്‍ തുടങ്ങി വാര്‍ഡുകളിലെയും നൂറു കണക്കിന് വിദ്യാര്‍ത്ഥികളും മത്സ്യതൊഴിലാളികളും ഉൾപ്പടെയുള്ള ജനങ്ങൾക്ക് തോണിയായിരുന്നു ആശ്രയം.കടവ് തോണി നിലച്ചപ്പോൾ പാലം ഉടൻ യാഥാർത്ഥ്യമാകുമെന്ന പ്രത്യാശയിലായിരുന്നു ജനങ്ങൾ. പാലം നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നിവേദനങ്ങൾ അനവധി നല്‍കി.

പ്രദേശവസികളുടെ യാത്ര സുഗമമാക്കുന്നതിന് പാലം നിര്‍മ്മിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന് പൊതുമരാമത്ത് വകുപ്പിന്റെ പാലം വിഭാഗവും ഹാർബർ എഞ്ചിനീയറിങ്ങ് വിഭാഗവും നിരവധി തവണ സ്ഥലം സന്ദർശിച്ച് സാധ്യത പഠനവും തുടർന്ന് മണ്ണ് പരിശോധനയും നടത്തി ഇൻവസ്റ്റിഗേഷൻ റിപ്പോർട്ടും അയച്ചിട്ടുണ്ട്. എന്നിട്ടും പാലം നിർമാണം അനന്തമായി നീണ്ടുപോയി.160 മീറ്റർ നീളവും ഇരുവശത്തും നടപ്പാതയടക്കം 8 മീറ്റർ വീതിയും കൂടിയ പാലം നിർമ്മിക്കുന്നതിന് പത്ത് കോടി രൂപയും അപ്രോച്ച് റോഡ് നിർമ്മാണത്തിന് സ്ഥലം ഏറ്റെടുക്കലുമടക്കം 5 കോടി രൂപയും അടക്കം 15 കോടി രൂപയാണ് ഇൻവസ്റ്റിഗേഷൻ റിപ്പോർട്ട് പ്രകാരം തയ്യാറാക്കിയിട്ടുള്ളത്.

അഴിത്തല കടവിൽ പാലം യാഥാർത്ഥ്യമായാൽ കയ്യിൽ, തുരുത്തിയിൽ വാർഡുകളിലെ ജനങ്ങൾ കിലോമീറ്ററുകൾ ചുറ്റി കോട്ടക്കടവ് റെയിൽവേ ഗേറ്റും കടന്ന് വടകരിയലേക്കെത്തുന്നതിനും കൊയിലാണ്ടി തലശ്ശേരി ഭാഗത്തേക്ക് പോകുന്നതിനുമുള്ള ഏറേ സമയം ലാഭിക്കാമെന്നതും നേട്ടമാണ്. സാൻഡ്ബാങ്ക്സ് ടൂറിസം ബീച്ച്, അഴിത്തല ഫിഷ് ലാൻഡിങ്ങ് സെന്റർ, വടകര തീരദേശ പോലീസ് സ്റ്റേഷൻ എന്നിവിടങ്ങളിലേക്കെത്തുന്നവർക്കും കൊയിലാണ്ടി തലശ്ശേരി യാത്ര ദൂരം തീരദേശ ഹൈവേ കൂടി യാഥാർത്ഥ്യമാകുന്നതോടെ 10 കിലോമീറ്റർ യാത്ര ദൂരം കുറയുമെന്നതും പാലം യാഥാർത്ഥ്യമാകുന്നതോടെ വിത്യാസമുണ്ടാകുന്നതാണ്.

പാലം നിർമ്മാണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷത്തെ ബഡ്ജറ്റ് കെകെ രമയുടെ ഇടപെടലിന്റെ ഭാഗമായി 10 കോടി രൂപയുടെ ടോക്കൺ തുക വകയിരുത്തിയതിന്റെ ഭാഗമായി ഫിഷറീസ് ഹാർബർ എഞ്ചിനീയറിങ്ങ് വിഭാഗം പദ്ധതിക്ക് ആവശ്യമായ ബോറിങ്ങ് നടത്തുന്നതിനും വിശദമായ പരിശോധനക്കും വീണ്ടും സ്ഥലം സന്ദർശിച്ചു.വാർഡ് കൗൺസിലർ പിവി ഹാഷിം, ഹാർബർ എഞ്ചിനീയറിങ്ങ് വിഭാഗം എക്സികുട്ടീവ് എഞ്ചിനീയർ പി ജയദീപ്, സുപ്രണ്ടിങ്ങ് എഞ്ചിനീയർ വിജി കെ തട്ടാമ്പുറം, അസിസ്റ്റന്റ് എക്സികുട്ടീവ് എഞ്ചിനീയർ എ സതീഷൻ, അസിസ്റ്റന്റ് എഞ്ചിനീയർ ഫിലോസ് എന്നിവരോടൊപ്പം വാർഡ് വികസന സമിതിയംഗങ്ങളായ പിവി റാഷിദ്, പിവിസി ഇബ്രാഹിം എന്നിവരും സംബന്ധിച്ചു.