ഇ.പി ജയരാജൻ സജീവ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമോ?; പാർട്ടി നേതൃത്വത്തിന് അവധി അപേക്ഷ നൽകാൻ ഒരുങ്ങുന്നതായി സൂചന


കണ്ണൂർ: ഇപി ജയരാജൻ സജീവ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കാൻ സാധ്യതയുള്ളതായി റിപ്പോർട്ടുകൾ. ഇതിനുള്ള ആദ്യപടിയായി നേതൃത്വത്തിന് അവധി അപേക്ഷ നൽകാൻ ഇപി ഒരുങ്ങുന്നതായി സൂചന. കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ ഇടതു മുന്നണി കൺവീനർ സ്ഥാനത്തുനിന്ന് മാറ്റിയത്. ഇതിനെ തുടർന്നാണ് അവധി അപേക്ഷ നൽകാൻ ഒരുങ്ങുന്നതെന്നതാണ് പുറത്ത് വരുന്ന വാർത്തകൾ.

കിട്ടുന്ന പെൻഷനും വാങ്ങി വീട്ടിലിരുന്നാലെന്താ എന്ന ചിന്തയിലാണെന്ന് അദ്ദേഹം സമീപകാലത്ത് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അതിനിടെ കേന്ദ്ര കമ്മിറ്റിയിൽ നിന്ന് അദ്ദേഹത്തെ ഒഴിവാക്കിയേക്കും എന്നും കേൾക്കുന്നുണ്ട്. എന്നാൽ അദ്ദേഹം കേന്ദ്രകമ്മിറ്റി അംഗമായി തുടരുമെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പ്രതികരിച്ചത്.

അതേസമയം, എൽഡിഎഫ് കൺവീനർ സ്ഥാനത്തുനിന്ന് നീക്കിയ പാർട്ടി നപടിയെക്കുറിച്ച് പ്രതികരിക്കാൻ ഇപി ഇതുവരെ തയ്യാറായിട്ടില്ല. അദ്ദേഹം ഇപ്പോൾ കണ്ണൂരിലെ വീട്ടിലാണ്. ആരോഗ്യപ്രശ്നങ്ങൾ മൂലം ബുദ്ധിമുട്ടിലാണെന്നും മാദ്ധ്യമങ്ങളെ കാണാൻ തയ്യാറാകുമ്പോൾ അറിയിക്കാമെന്നുമാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. തുട‌ർ പ്രവർത്തനങ്ങൾ തീരുമാനിച്ചുറപ്പിച്ചശേഷം മാത്രമാകും അദ്ദേഹം മാദ്ധ്യമങ്ങളെ കാണുക എന്നും കേൾക്കുന്നുണ്ട്. എന്നാൽ അത് എപ്പോഴുണ്ടാകുമെന്ന് വ്യക്തതയില്ല. സിപിഎമ്മിന്റെ സംസ്ഥാനത്തെ ഏറ്റവും ഉന്നത നേതാക്കളിലൊരാൾ എന്നനിലയിൽ ഇപിയുടെ ഏത് തീരുമാനത്തിനും രാഷ്ട്രീയ പ്രാധാന്യമുണ്ട്.

Description: Will EP Jayarajan retire from active politics?; It is indicated that the party leadership is preparing to apply for leave