മൊകേരി ഗവൺമെന്റ് കോളേജിൽ പുതിയ കോഴ്സുകൾ അനുവദിക്കുന്ന കാര്യം പരിഗണിക്കും; ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ.ബിന്ദു


കുറ്റ്യാടി: വരും വർഷങ്ങളിൽ മൊകേരി ഗവൺമെണ്ട് കോളേജിൽ നൂതന കോഴ്സുകൾ അനുവദിക്കുന്ന കാര്യത്തിൽ മുൻഗണന നൽകുമെന്ന് ഉന്നത വിദ്യാഭ്യാസ, സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. മൊകേരി ഗവൺമെന്റ് കോളേജിൽ കിഫ്‌ബി ഫണ്ടിൽ നിന്നും നാലര കോടി രൂപ ചെലവഴിച്ചു നിർമ്മാണം പൂർത്തിയാക്കിയ അക്കാദമിക് ആൻഡ് ഡിജിറ്റൽ റിസോഴ്സ് സെന്ററിന്റെ ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി.

മാറുന്ന ലോകത്ത് കാലികമായ പരിഷ്കാരങ്ങളുമായി ഉന്നത വിദ്യാഭ്യാസരംഗം കേരളത്തിൽ അതിവേഗം പുരോഗതി പ്രാപിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ വൈജ്ഞാനിക സമൂഹ സൃഷ്ടി എന്ന ലക്ഷ്യത്തിലേക്കുള്ള പാതയാണ് അക്കാദമിക് ആൻഡ് ഡിജിറ്റൽ റിസോഴ്സ് സെന്ററിന്റെ പൂർത്തീകരണത്തോടെ തുറക്കപ്പെടുന്നത്. കുറ്റ്യാടി നിയോജക മണ്ഡലം എംഎൽഎ കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ അധ്യക്ഷത വഹിച്ചു.

കോളേജിന് തൊട്ടടുത്ത് താമസിക്കുന്ന യശോദര പി.പി കോളേജ് ലൈബ്രറിയിലേക്ക് സംഭാവനയായി നൽകിയ പുസ്തകങ്ങൾ മന്ത്രി ഏറ്റുവാങ്ങി. പ്രിൻസിപ്പൽ അഷ്റഫ് കെ.കെ സ്വാഗതവും ഡോ. ലിയാഖത്ത് അലി നന്ദിയും പറഞ്ഞു. പദ്ധതി റിപ്പോർട്ട് കിറ്റ്കൊ എൻജിനീയർ അനു ആനന്ദ്.പി അവതരിപ്പിച്ചു.

ചടങ്ങിൽ കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ചന്ദ്രി, കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.കെ റീത്ത, വാർഡ് മെമ്പർമാരായ കൈരളി.കെ, രതീഷ്.എ, കെ.കെ സുരേഷ്, ജമാൽ മൊകേരി, പി സുരേഷ് ബാബു, എ.വി നാസറുദ്ദീൻ, എൻ.വി ചന്ദ്രൻ, വി.പി വാസു മാസ്റ്റർ, പറമ്പത്ത് കുമാരൻ, കുഞ്ഞബ്ദുള്ള സി.എം, അഡ്വ. മനോജ് അരൂർ, രഘുപ്രസാദ്, നവദേവ് എന്നിവർ സംസാരിച്ചു.

Summary: Will consider allowing new courses at Mokeri Government College; Higher Education Minister Dr. R. Bindu