വീണ്ടും വന്യജീവി ആക്രമണം; പാനൂരിൽ കാട്ടുപന്നിയുടെ കുത്തേറ്റ് കർഷകന് ദാരുണാന്ത്യം


കണ്ണൂർ: പാനൂരിൽ കാട്ടുപന്നിയുടെ ആക്രമണത്തില്‍ കര്‍ഷകന് ദാരുണാന്ത്യം. പാനൂര്‍ വള്ള്യായി സ്വദേശി ശ്രീധരന്‍ (75) ആണ് മരിച്ചത്. ചെണ്ടയാട്ടെ കൃഷിയിടത്തില്‍ ആണ് കാട്ടുപന്നിയുടെ ആക്രമണം ഉണ്ടായത്. ഇന്ന് രാവിലെയാണ് സംഭവം. നിലവിളികേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോൾ കാട്ടുപന്നി കുത്തുന്നത് കണ്ടതായി പ്രദേശവാസികൾ പറയുന്നു.

തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഇതിനു മുന്‍പും പ്രദേശത്ത് കാട്ടുപന്നിയുടെ ആക്രമണമുണ്ടായിരുന്നതായാണ് അറിയുന്നത്. വള്ള്യായി സ്വദേശിയാണെങ്കിലും ചെണ്ടയാട്ടാണ് ശ്രീധരന്റെ കൃഷിയിടമുള്ളത്.

രാവിലെ അവിടെ കൃഷി പണിക്കായി പോയതായിരുന്നു. ഇവിടെ വച്ച് കാട്ടുപന്നിയാൽ ആക്രമിക്ക പ്പെടുകയായിരുന്നു. ദേഹമാസകലം ദുരുതരമായി പരുക്കേറ്റ് ചോരയില്‍ മുങ്ങിയ നിലയിലായിരുന്നു ശ്രീധരനെ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.

Summary: Wildlife attacks again; A farmer died after being bitten by a wild boar in Panur