വാഴയും 20 വര്‍ഷം പഴക്കമുള്ള തെങ്ങും വരെ പിഴുതെറിഞ്ഞ് കാട്ടാനക്കൂട്ടം: വളയം, ചെക്യാട് പഞ്ചായത്തുകളിലെ മലയോര മേഖല ഭീതിയില്‍


വളയം: ചെക്യാട്, വളയം പഞ്ചായത്തുകളില്‍ കാട്ടാനയിറങ്ങിയത് പ്രദേശവാസികള്‍ക്കിടയില്‍ ഭീതി പരത്തി. ചെക്യാട് നാലാം വാര്‍ഡില്‍ കണ്ടിവാതുക്കല്‍ കാട്ടാനകളിറങ്ങി വ്യാപകമായി കൃഷി നശിപ്പിക്കുകയായിരുന്നു. കണ്ണൂര്‍ കണ്ണവം വനത്തില്‍ നിന്നാണ് ആനകള്‍ കൃഷിയിടത്തിലെത്തിയത്.

കുട്ടിയാന ഉള്‍പ്പെടെയുള്ള ആനക്കൂട്ടമാണ് മേഖലയിലുള്ളത്. ഇവിടെ തമ്പടിച്ച ആനക്കൂട്ടം കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്നത് പതിവാക്കിയിട്ടുണ്ട്.

സി.സി. ചന്ദ്രന്റെ ഉടമസ്ഥതയിലുള്ള പറമ്പിലാണ് കഴിഞ്ഞദിവസം കാട്ടാന ഇറങ്ങിയത്. തെങ്ങ്, വാഴ, കുരുമുളക് എല്ലാം നശിപ്പിച്ചു. 20 വര്‍ഷത്തിലേറെ പഴക്കമുള്ള തെങ്ങുകള്‍ വരെ ആനക്കൂട്ടം പിഴുതെറിഞ്ഞു.

ഈ മേഖലയില്‍ ഒരുമാസത്തോളമായി കാട്ടാനശല്യം രൂക്ഷമാണ്. ഒരുമാസം മുമ്പ് അഭയഗിരി മേഖലയില്‍ ഇറങ്ങിയ കാട്ടാനയെ വനംവകുപ്പ് ദ്രുതകര്‍ണ സേന വെടിവെച്ച് ഉള്‍വനത്തിലേക്ക് അയക്കുകയായിരുന്നു. കാട്ടാനശല്യം തടയുന്നതിനായി പ്രദേശത്ത് രണ്ട് വാച്ചര്‍മാരെ നിയമിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റുമാര്‍ക്കും സര്‍വകക്ഷി പ്രതിനിധികള്‍ക്കും ഡി.എഫ്.ഒയുടെ നേതൃത്വത്തില്‍ സ്ഥലം സന്ദര്‍ശിച്ച സംഘം ഉറപ്പുനല്‍കിയെങ്കിലും ഇതുവരെ നടപ്പായിട്ടില്ല.


Summary: wild elephant threat in valayam chekkyad